തെരുവുനായ പ്രശ്നം പൂർണമായി പരിഹരിക്കാൻ മൂന്നു വർഷമെടുക്കും: മന്ത്രി കെ.ടി. ജലീൽ
തെരുവുനായ പ്രശ്നം പൂർണമായി പരിഹരിക്കാൻ മൂന്നു വർഷമെടുക്കും: മന്ത്രി കെ.ടി. ജലീൽ
Friday, October 28, 2016 2:37 PM IST
തിരുവനന്തപുരം: സംസ്‌ഥാനത്തു നിലനില്ക്കുന്ന തെരുവുനായ പ്രശ്നങ്ങൾ പൂർണമായി പരിഹരിക്കണമെങ്കിൽ മൂന്നു വർഷമെങ്കിലും വേണ്ടിവരുമെന്നു തദ്ദേശസ്വയംഭരണ മന്ത്രി കെ.ടി. ജലീൽ. രൂക്ഷമായ തെരുവുനായ പ്രശ്നം സംബന്ധിച്ച് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തരപ്രമേയ നോട്ടീസിനു മറുപടിയായാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

സംസ്‌ഥാനത്ത് മൂന്നര ലക്ഷത്തോളം തെരുവുനായകളാണുള്ളത്. തെരുവുനായയുടെ വന്ധ്യംകരണത്തിലൂടെ ഇവയുടെ പെരുപ്പം കുറയ്ക്കാനാണു പ്രധാന ശ്രമം. ഒപ്പം ആക്രമണകാരികളായ തെരുവുനായ്ക്കളെ കൊന്നൊടുക്കാനും നടപടികൾ സ്വീകരിക്കും. പട്ടിപിടുത്തത്തിന് ആളുകളെ ലഭിക്കാത്ത സ്‌ഥിതിയാണിപ്പോൾ. സംസ്‌ഥാനത്ത് ആകെ 56 പേരെയാണ് ഇതിനായി ലഭിച്ചിട്ടുള്ളത്. അന്യസംസ്‌ഥാനത്തൊഴിലാളികൾക്കും നായപിടുത്ത പരിശീലനം നല്കുന്ന കാര്യം സർക്കാർ പരിഗണിക്കുന്നുണ്ട്.

പട്ടികടിയേറ്റ് ചികിത്സ തേടുന്നവരുടെ എണ്ണം വൻതോതിലാണു വർധിക്കുന്നത്. ഇതിൽ നിന്നുതന്നെ തെരുവുനായയുടെ ആക്രമണത്തിന്റെ രൂക്ഷത വ്യക്‌തമാകും. സർക്കാർ മെഡിക്കൽ കോളജുകളിൽ നിന്നു മാത്രം ആന്റി റാബിസ് കുത്തിവയ്പ് എടുത്തവരുടെ കണക്കുകളിൽ നിന്ന് ഇതു വ്യക്‌തമാകുന്നു.

2012–13 ൽ 88,172 പേർ ഈ കുത്തിവയ്പ് എടുത്തു. എന്നാൽ, തൊട്ടടുത്ത വർഷം ഇത് 119,191 പേരായി വർധിച്ചു. 2014–15–ൽ ഇത് 47,856 ആയിരുന്നു. ഈ വർഷം ഇതുവരെ 53,000 പേർ സംസ്‌ഥാനത്തെ മെഡിക്കൽ കോളജുകളിൽ നിന്നു മാത്രം ഈ കുത്തിവയ്പ് എടുത്തിട്ടുണ്ട്.

സംസ്‌ഥാനത്തെ ആകെയുള്ള 901 പഞ്ചായത്തുകളിൽ 514 പഞ്ചായത്തുകളിലും തെരുവുനായപ്രശ്നം പരിഹരിക്കുന്നതിനായി മോണിറ്ററിംഗ് കമ്മിറ്റികൾ രൂപീകരിച്ചു. 831 പഞ്ചായത്തുകളിൽ എബിസി പ്രോജക്ടുകളുടെ പ്രവർത്തനങ്ങൾക്കായി 13.8 കോടി അനുവദിച്ചു. ഗ്രാമീണ മേഖലയിൽ 3500 നായ്ക്കളുടെ വന്ധീകരണം നടത്തി. എബിസി പ്രോജക്ടുകൾക്കായി ജില്ലാ പഞ്ചായത്തുകൾക്കും കോർപറേഷനുകൾക്കുമായി 15.50 കോടി രൂപ കൂടി നല്കിയതായും മന്ത്രി പറഞ്ഞു.


മൃഗങ്ങളുടെ അവകാശങ്ങൾ ഉയർത്തുന്നതോടൊപ്പം മനുഷ്യരുടെ അവകാശങ്ങൾക്കൂടി ഉയർത്തിപ്പിടിക്കണമെന്നു അടിയന്തരപ്രമേയ നോട്ടീസ് നല്കിയ പി.കെ. ബഷീർ പറഞ്ഞു. കുട്ടികൾക്കു ഭയമില്ലാതെ വീട്ടിൽ നിന്നു പുറത്തിറങ്ങാൻ കഴിയാത്ത സാഹചര്യമാണ്. സുപ്രീം കോടതിയിൽ ലക്ഷങ്ങൾ മുടക്കിയാണ് വക്കീലൻമാരെ മൃഗസ്നേഹികൾ ഹാജരാക്കുന്നത്. ഇതിനുള്ള പണം എവിടെ നിന്നാണ് ലഭിക്കുന്നതെന്നു അന്വേഷിക്കണം. മന്ത്രി മാത്യു ടി. തോമസിന്റെ മകളേയും ഇ.കെ. വിജയൻ എംഎൽഎയുടെ ഭാര്യയേയും പട്ടികടിച്ച സംഭവവും ബഷീർ വിവരിച്ചു. മുൻ ചീഫ് സെക്രട്ടറി ജിജി തോംസൺ, മുൻ ഡിജിപി സെൻകുമാർ ഉൾപ്പെടെയുള്ളവർ തെരുവുനായ്ക്കളെ കൊല്ലുന്നതിനെതിരേ രംഗത്തുവന്നവരാണെന്നും ബഷീർ പറഞ്ഞു.

ഈ വിഷയത്തിൽ രാഷ്ട്രീയമില്ലെന്നും സംസ്‌ഥാനത്തെ ജനങ്ങൾ ആശങ്കയുടെ മുൾമുനയിലാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ആക്രമണകാരികളായ നായ്ക്കളെ കൊന്നൊടുക്കുന്നവർക്കെതിരേ കാപ്പാ നിയമം ചുമത്തണമെന്ന കേന്ദ്രമന്ത്രി മേനകാ ഗാന്ധിയുടെ പ്രസ്താവന പിൻവലിക്കണം. പേവിഷ പ്രതിരോധ വാക്സിൽ ലോബിയുടെ പ്രവർത്തനം പരിശോധിക്കണം. 200 കോടി രൂപയുടെ വാക്സിനാണ് കേരളത്തിൽ മാത്രം വിറ്റഴിക്കുന്നത്. കപട മൃഗസ്നേഹികളാണ് പട്ടിക്കായി മുറവിളി കൂട്ടുന്നതെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു. മേനകാ ഗാന്ധിയുടേത് വ്യക്‌തിപരമായ അഭിപ്രായമാണെന്നു ഒ. രാജഗോപാൽ സഭയിൽ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.