സക്കീർ ഹുസൈനെതിരായ പാർട്ടി നടപടി വൈകും
Friday, October 28, 2016 2:37 PM IST
കൊച്ചി: ഗുണ്ടാവിരുദ്ധ സ്ക്വാഡിന്റെ ആദ്യ കേസിൽ പ്രതിയാക്കപ്പെട്ട പിണറായിപക്ഷത്തെ പ്രമുഖനും സിപിഎം എറണാകുളം ജില്ലാ കമ്മിറ്റി അംഗവും കളമശേരി ഏരിയ സെക്രട്ടറിയുമായ വി.എ. സക്കീർ ഹുസൈനെതിരായ പാർട്ടി നടപടി തീരുമാനം നീളും. ഇന്നലെ ചേർന്ന ജില്ലാ സെക്രട്ടേറിയറ്റ് പ്രശ്നം സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ സാന്നിധ്യത്തിൽ ജില്ലാകമ്മിറ്റിയും സെക്രട്ടേറിയറ്റും ചേർന്നു തീരുമാനിക്കാനായി മാറ്റിവച്ചു.

കേസിൽ സക്കീർ ഹുസൈനെ അറസ്റ്റ് ചെയ്യുന്നതിനുള്ള നടപടികളിലേക്കു പോലീസ് കടക്കാനിരിക്കേ ചേർന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിൽ നടപടിയുടെ കാര്യത്തിൽ സമവായത്തിലേക്ക് എത്താനാകാതെ പോയതാണു തീരുമാനം നീളാൻ കാരണം. സിഐടിയു സംസ്‌ഥാന സമ്മേളനം പാലക്കാട്ട് നടക്കുന്ന പശ്ചാത്തലത്തിൽ ജില്ലയിലെ പ്രമുഖ നേതാക്കൾക്കു യോഗത്തിന് എത്തുന്നതിനും കഴിഞ്ഞിരുന്നില്ല. ഈ പശ്ചാത്തലത്തിൽ അടുത്ത മാസം നാലിനു കോടിയേരിയുടെ സാന്നിധ്യത്തിൽ ജില്ലാകമ്മിറ്റിയും സെക്രട്ടേറിയറ്റും ചേരും.

യോഗത്തിൽ സക്കീർ ഹുസൈനെതിരായ നടപടി നീട്ടിക്കൊണ്ടുപോകേണ്ടതില്ലെന്ന അഭിപ്രായം ഔദ്യോഗിക പക്ഷത്തെതന്നെ ഒരു വിഭാഗം ശക്‌തമായി ഉന്നയിച്ചെങ്കിലും ആ അഭിപ്രായത്തിനു മേധാവിത്വം ഉണ്ടായില്ല. വർഷങ്ങൾക്കു മുൻപു നടന്ന സംഭവം കുത്തിപ്പൊക്കി കൊണ്ടുവരുന്നത് എന്തുകൊണ്ടെന്നു പരിശോധിക്കേണ്ടതുണ്ടെന്ന നിലപാടാണു യോഗത്തിൽ ജില്ലാ സെക്രട്ടറി പി. രാജീവ് മുന്നോട്ടുവച്ചത്. തത്കാലം ഇക്കാര്യത്തിൽ തീരുമാനം എടുക്കേണ്ടതില്ലെന്നും പോലീസ് നടപടികളുമായി മുന്നോട്ടു പോകട്ടെയെന്നും കുറ്റക്കാരനെന്നു കണ്ടെത്തിയാൽ നടപടി കൈക്കൊള്ളാമെന്നും അദ്ദേഹം നിലപാടെടുത്തു. യോഗം മൂന്നു മണിക്കൂറോളം നീണ്ടു. കുറ്റക്കാരെ സംരക്ഷിക്കില്ലെന്നു യോഗത്തിനു മുൻപ് പ്രതികരിച്ച സിപിഎം ജില്ലാ സെക്രട്ടറി പി. രാജീവ് എഫ്ഐആർ ഇട്ടതുകൊണ്ടു മാത്രം ആരും കുറ്റക്കാരാണെന്നു തങ്ങൾ തീരുമാനിക്കില്ലെന്നും വ്യക്‌തമാക്കിയിരുന്നു. യോഗാനന്തരം മാധ്യമങ്ങൾക്കു നൽകിയ കുറിപ്പിൽ പ്രശ്നം വിശദമായി പരിശോധിക്കാൻ പാർട്ടി തീരുമാനിച്ചതായി പി. രാജീവ് ചൂണ്ടിക്കാട്ടി. ഇപ്പാൾ രജിസ്റ്റർ ചെയ്ത കേസിൽ ശരിയായ രീതിയിൽ അന്വേഷണം നടക്കണം. ഇതിൽ പാർട്ടി ഒരു തരത്തിലും ഇടപെട്ടിട്ടില്ല.


ആരെങ്കിലും ഏതെങ്കിലും തരത്തിൽ കുറ്റം ചെയ്തുവെന്നു തെളിഞ്ഞാൽ അവരെ സംരക്ഷിക്കുകയുമില്ല. ഇതു സംബന്ധിച്ച് ആവശ്യമായ അന്വേഷണത്തിനുശേഷം ജില്ലാ കമ്മിറ്റി വീണ്ടും പരിശോധിക്കും. സമൂഹത്തിന്റെ വിവിധ പ്രശ്നങ്ങളിൽ സജീവമായി ഇടപെട്ടു കൂടുതൽ ജനകീയമാകാൻ ശ്രമിക്കുന്ന സന്ദർഭത്തിലാണ് ഇത്തരം പ്രശ്നങ്ങൾ ഉയർന്നുവരുന്നത്. മാധ്യമങ്ങൾ ഊഹാപോഹങ്ങൾ പ്രചരിപ്പിച്ചു വ്യക്‌തിഹത്യ ചെയ്യരുതെന്ന അഭ്യർഥനയോടെയാണു കുറിപ്പ് അവസാനിക്കുന്നത്.

ജില്ലാ സെക്രട്ടേറിയറ്റിൽ ഔദ്യോഗികപക്ഷത്തിനാണു മുൻതൂക്കം. എന്നാൽ, ഔദ്യോഗികപക്ഷത്തുതന്നെ ഇക്കാര്യത്തിൽ ഭിന്നാഭിപ്രായങ്ങൾ ഉണ്ട്. ഇന്നലത്തെ സെക്രട്ടേറിയറ്റ് യോഗത്തിൽ പങ്കെടുത്തവരിൽ ഏറിയ പങ്കും സക്കീർ ഹുസൈനോട് അനുഭാവം പ്രകടിപ്പിക്കുന്നവരായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനുമായും കോടിയേരി ബാലകൃഷ്ണനുമായും ബന്ധപ്പെട്ട ശേഷമാണു തീരുമാനം നീട്ടിവയ്ക്കാനുള്ള ധാരണയിലേക്കു യോഗം എത്തിയതെന്നാണു പുറത്തു വരുന്ന വിവരം.അറസ്റ്റ് ഭീഷണിയുടെ സാഹചര്യത്തിൽ മുൻകൂർ ജാമ്യത്തിനായി സക്കീർ ഹുസൈൻ നീക്കം ആരംഭിച്ചതായും വിവരമുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.