സൗഹാർദത്തിന്റെ ആഘോഷമായി ചാവറയിൽ ദീപാവലി
സൗഹാർദത്തിന്റെ ആഘോഷമായി ചാവറയിൽ ദീപാവലി
Friday, October 28, 2016 2:38 PM IST
കൊച്ചി: മതസൗഹാർദത്തിന്റേയും പങ്കുവയ്ക്കലിന്റേയും ആഘോഷമായി കൊച്ചി ചാവറ കൾച്ചറൽ സെന്ററിൽ ദീപാവലി. മതസൗഹാർദ കൂട്ടായ്മയും കാഴ്ചവൈകല്യമുള്ളവരുടെ ഒത്തുചേരലിൽ ദീപം തെളിക്കലും ആഘോഷത്തിനു മാറ്റുകൂട്ടി.

മറ്റുള്ളവരുടെ ജീവിതങ്ങളിൽ വെളിച്ചം തെളിക്കുന്നവരായി നാം മാറേണ്ടതുണ്ടെന്നാണു ദീപാവലി ഓർമിപ്പിക്കുന്നതെന്നു മതസൗഹാർദ കൂട്ടായ്മ ഉദ്ഘാടനം ചെയ്ത ജസ്റ്റീസ് ബി. കെമാൽ പാഷ പറഞ്ഞു. ദൈവം നൽകിയിട്ടുള്ള സൗഭാഗ്യങ്ങൾ കൂടുതൽ വിലമതിക്കപ്പെടുന്നത് അതില്ലാതെ വരുമ്പോഴാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കാഴ്ചവൈകല്യമുള്ളവർക്കൊപ്പമാണു ജസ്റ്റീസ് ദീപാവലിയുടെ ദീപങ്ങൾ തെളിച്ചത്.

ചാവറ കൾച്ചറൽ സെന്ററും ലോക മതാന്തര സൗഹൃദവേദിയും (ഡബ്ല്യുഎഫ്ഐആർസി) കാരിക്കാമുറി റസിഡന്റ്സ് അസോസിയേഷനും സംയുക്‌തമായി സംഘടിപ്പിച്ച പരിപാടിയിൽ സിഎംഐ സഭ വിദ്യാഭ്യാസ, മാധ്യമവിഭാഗം ജനറൽ കൗൺസിലർ ഫാ. സെബാസ്റ്റ്യൻ തെക്കേടത്ത് അധ്യക്ഷത വഹിച്ചു.


എറണാകുളം കരയോഗം സെക്രട്ടറി പി. രാമചന്ദ്രൻനായർ, ടി.പി.എം. ഇബ്രാഹിംഖാൻ, കോർപറേഷൻ കൗൺസിലർ കെ.വി.പി. കൃഷ്ണകുമാർ, പി.എൻ. സീനുലാൽ, എഡ്രാക് പ്രസിഡന്റ് പി. രംഗദാസപ്രഭു, സി.ജി. രാജഗോപാൽ, ഡബ്ല്യുഎഫ്ഐആർസി സെക്രട്ടറി ഡോ. രാധാകൃഷ്ണൻനായർ, ചാവറ ഡയറക്ടർ ഫാ. റോബി കണ്ണൻചിറ, വി.ഡി. അനിൽകുമാർ എന്നിവർ പ്രസംഗിച്ചു. സി.കെ. സാദിഖ്, ഫേബ എന്നിവർ ഒരുക്കിയ ഗസൽ സന്ധ്യയും നടന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.