ആർഎസ്എസ് നേതാവിന്റെ കാൽ തല്ലിയൊടിച്ച സംഭവം : മൂന്നുപേർക്കെതിരേ വധശ്രമത്തിനു കേസ്
Wednesday, November 30, 2016 3:48 PM IST
കണ്ണൂർ: ആർഎസ്എസ് വളപട്ടണം ശാഖാ കാര്യവാഹ് ബിനോയ് ബെനറ്റിനെ (41) ആക്രമിച്ചു കാൽ തല്ലിയൊടിച്ച സംഭവത്തിൽ കണ്ടാലറിയാവുന്ന മൂന്നുപേർക്കെതിരേ വളപട്ടണം പോലീസ് കേസെടുത്തു. ബിനോയിയുടെ മൊഴിയുടെ അടിസ്‌ഥാനത്തിൽ വധശ്രമത്തിനാണ് കേസെടുത്തിരിക്കുന്നത്. പ്രതികൾക്കായി വളപട്ടണം എസ്ഐ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിൽ വ്യാപകമായ തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്. ഇരുകാലുകളുടെയും എല്ലുകൾ പൊട്ടിത്തകർന്ന നിലയിൽ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ബിനോയിയെ ഇന്നലെ അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയനാക്കി. അതിനിടെ, സംഭവത്തിൽ പ്രതിഷേധിച്ചു വളപട്ടണം, ചിറക്കൽ പഞ്ചായത്തുകളിൽ ബിജെപി ആഹ്വാനം ചെയ്ത ഹർത്താൽ പൂർണമായിരുന്നു. ബാങ്കുകളെയും വാഹനങ്ങളെയും ഹർത്താലിൽനിന്ന് ഒഴിവാക്കിയിരുന്നു.

ചൊവ്വാഴ്ച രാത്രി ഒമ്പതര യോടെയായിരുന്നു സംഭവം. കണ്ണൂർ ടൗണിലെ സ്വകാര്യ പാർസൽ കമ്പനിയിൽ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്ന ബിനോയ് ജോലി കഴിഞ്ഞു വീട്ടിലേക്കു മടങ്ങുമ്പോഴാണു വളപട്ടണം ഹൈവേ ജംഗ്ഷനിൽ വച്ച് ആക്രമണമുണ്ടായത്. വീടിനു പത്തു മീറ്റർ അകലെയായിരുന്നു സംഭവം. അക്രമിസംഘം ഇരുമ്പുവടി ഉപയോഗിച്ച് അടിച്ചു വീഴ്ത്തിയശേഷം കാലുകൾ അടിച്ചു തകർക്കുകയായിരുന്നു.


കാലുകളുടെ എല്ലുകളും ചെറുവിരലും തകർന്നിട്ടുണ്ട്. കോസ്റ്റൽ സിഐ സുഭാഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.

അക്രമത്തിനു പിന്നിൽ സിപിഎമ്മാണെന്നു ബിജെപി കേന്ദ്രങ്ങൾ ആരോപിച്ചു. 35 വർഷമായി ആർഎസ്എസിൽ പ്രവർത്തിക്കുന്ന ബിനോയിയെ തെരഞ്ഞുപിടിച്ചു കൊലപ്പെടുത്താനുള്ള ശ്രമമാണു നടന്നതെന്നും അക്രമം നടത്തിയതിനുശേഷം ബന്ധപ്പെട്ട കേന്ദ്രങ്ങളിലേക്കു ഫോൺവിളിച്ച് അറിയിച്ചതായും ബിജെപി ജില്ലാ പ്രസിഡന്റ് പി. സത്യപ്രകാശ് ആരോപിച്ചു.

എന്നാൽ ആക്രമണത്തിൽ പങ്കില്ലെന്നും ആരോപണങ്ങൾ അടിസ്‌ഥാനരഹിതമാണെന്നും സിപിഎം വളപട്ടണം ലോക്കൽ സെക്രട്ടറി എ.എൻ. സലീം പ്രസ്താവനയിൽ പറഞ്ഞു. അക്രമത്തിൽ പ്രതിഷേധിച്ച് ബിജെപി–ആർഎസ്എസ് പ്രവർത്തകർ പുതിയതെരുവിൽ പ്രകടനം നടത്തി.

കണ്ണൂർ ഡിവൈഎസ്പി പി.പി. സദാനന്ദൻ, വളപട്ടണം എസ്ഐ ശ്രീജിത്ത് കൊടേരി എന്നിവരുടെ നേതൃത്വത്തിൽ പോലീസ് സംഘം സ്‌ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. പ്രദേശത്ത് പട്രോളിംഗും കർശനമാ ക്കിയിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.