കോക്ലിയർ ഇംപ്ലാന്റ് ശസ്ത്രക്രിയയ്ക്കു വിധേയരായവർ തുടർപരിചരണത്തിനു ബുദ്ധിമുട്ടുന്നു
Wednesday, November 30, 2016 3:48 PM IST
ആലപ്പുഴ: തുടർപരിചരണത്തിനു സാമ്പത്തികമില്ലാത്തതു കോക്ലിയർ ഇംപ്ലാന്റ് ശസ്ത്രക്രിയയ്ക്കു വിധേയരായവരെ ബുദ്ധിമുട്ടിലാക്കുന്നു. ശ്രവണസഹായി കൊണ്ട് കേൾവി ലഭിക്കാത്ത 1800 ഓളം കുട്ടികളാണ് കഴിഞ്ഞ 14 വർഷത്തിനിടെ സംസ്‌ഥാനത്ത് കോക്ലിയർ ഇംപ്ലാന്റ് ശസ്ത്രക്രിയവഴി കേൾവിയും സംസാരവും തിരിച്ചുപിടിച്ചത്.

2002 മുതലാണ് സംസ്‌ഥാനത്ത് കേൾവിശക്‌തിയില്ലാത്ത കുരുന്നുകളെ ശബ്ദത്തിന്റെ ലോകത്തേക്ക് തിരികെയെത്തിക്കുന്നതിനായുള്ള കോക്ലിയർ ഇംപ്ലാന്റ് ശസ്ത്രക്രിയകളാരംഭിച്ചത് തിരുവനന്തപുരം , കോഴിക്കോട് മെഡിക്കൽ കോളജുകളിലാണ് സർക്കാർതലത്തിൽ ഇതിനുള്ള സൗകര്യമുള്ളത്. ബാക്കി സ്വകാര്യ ആശുപത്രികളിലാണ് ശസ്ത്രക്രിയ നടത്താൻ സാധിക്കുക.

സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയകൾ നടത്തുമ്പോൾ ഏഴരലക്ഷം മുതൽ 10 ലക്ഷം രൂപ വരെയാണ് ചെലവാകുന്നത്.

ശസ്ത്രക്രിയാഭാഗമായി ഘടിപ്പിക്കുന്ന ഉപകരണം മൂന്നുവർഷം മുതൽ നാലുവർഷം വരെ കഴിയുമ്പോൾ മാറ്റേണ്ടിവരുന്നതാണ് ശസ്ത്രക്രിയയ്ക്കു വിധേയരായവരെ ബുദ്ധിമുട്ടിക്കുന്നത്. ഉപകരണം മാറ്റുന്നതിനു ലക്ഷങ്ങൾ ആവശ്യമായി വരുന്നതുമൂലം പ്രതിസന്ധിയിലായിരിക്കുകയാണ് ശസ്ത്രക്രിയയ്ക്ക് വിധേയരായവരുടെ മാതാപിതാക്കൾ. സംസ്‌ഥാന സർക്കാർ 2012 മുതൽ നടപ്പാക്കിയ ശ്രുതിതരംഗം പദ്ധതി പ്രകാരം നൂറുകണക്കിന് കുട്ടികളാണ് കോ ക്ലിയർ ഇംപ്ലാന്റ് ശസ്ത്രക്രിയയ്ക്കു വിധേയരായത്. ഇതിൽ ആദ്യഘട്ടം ശസ്ത്രക്രിയ നടത്തിയ കുട്ടികൾക്ക് ഘടിപ്പിച്ചിരിക്കുന്ന ഉപകരണം മാറ്റേണ്ട സമയം ഇതിനോടകം ആയിക്കഴിഞ്ഞു.


കനത്ത സാമ്പത്തിക ബാധ്യതമൂലം ഇതിനു എങ്ങനെ പണം കണ്ടെത്തണമെന്നറിയാതെ വലയുകയാണു രക്ഷിതാക്കൾ. ശ്രുതിതരംഗം പദ്ധതിപ്രകാരം ഒരുവർഷം പത്തുകോടി രൂപയാണ് സംസ്‌ഥാന സർക്കാർ മാറ്റിവച്ചിരിക്കുന്നത്. പദ്ധതിപ്രകാരം 2012ൽ 200 കുട്ടികൾക്കു ശസ്ത്രക്രിയ നടത്തിയിരുന്നു.

എന്നാൽ പിന്നീടുള്ള വർഷങ്ങളിൽ ശസ്ത്രക്രിയയ്ക്കു വിധേയരായ കുട്ടികളുടെ എണ്ണം കുറഞ്ഞിരുന്നു. ഓരോ വർഷവും പദ്ധതിക്കായി വകയിരുത്തിയ തുകയിൽ ബാലൻസുള്ള പണം തുടർപരിചരണത്തിനായി ലഭ്യമാക്കിയാൽ തങ്ങളുടെ പ്രതിസന്ധിക്ക് ഒരു പരിധിവരെ പരിഹാരമാകുമെന്നാണു മാതാപിതാക്കൾ പറയുന്നത്.

ജന്മനാ കേൾവി ശക്‌തിയില്ലാതിരുന്ന കുട്ടികൾക്ക് ലക്ഷങ്ങൾ മുടക്കി നടത്തിയ ശസ്ത്രക്രിയയിലൂടെ തിരിച്ചുകിട്ടിയ കേൾവിയും സംസാരവും ഉപകരണത്തിന്റെ തുടർപരിചരണം നടത്താനാവാത്തതുമൂലം ഇല്ലാതാവുന്ന അവസ്‌ഥയുണ്ടാകരുതെന്നാണ് ഇവരുടെ ആവശ്യം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.