മൂന്നാർ കേറ്ററിംഗ് കോളജിൽ വിദ്യാർഥികൾക്കു മർദനം
മൂന്നാർ കേറ്ററിംഗ് കോളജിൽ വിദ്യാർഥികൾക്കു മർദനം
Wednesday, November 30, 2016 3:48 PM IST
രാജാക്കാട്: മൂന്നാർ കേറ്ററിംഗ് കോളജിൽ ഒന്നാംവർഷ വിദ്യാർഥികൾക്ക് സീനിയേഴ്സിന്റെ മർദനം. എൺപതോളം വിദ്യാർഥികൾ ജീവനിൽ ഭയന്ന് കോളജുവിട്ടു. ലൈറ്റുകളും സിസി ടിവി കാമറയും ഓഫ് ചെയ്തതിനുശേഷമാണു മർദനം നടത്തിയതെന്നു വിദ്യാർഥികൾ പറയുന്നു. മർദനത്തിൽ സാരമായി പരിക്കേറ്റ വിദ്യാർഥികൾ കുരുവിളാസിറ്റി ഗവൺമെന്റ് ആശുപത്രിയിൽ ചികിത്സ തേടി.

ഒന്നാംവർഷ വിദ്യാർഥിയെ അസഭ്യംപറഞ്ഞത് ചോദ്യം ചെയ്തതാണ് ആക്രമണത്തിൽ കലാശിച്ചത്.
വൈകുന്നേരത്തെ ആക്രമണത്തിനുശേഷം പിറ്റേന്നു രാവിലെ പത്തിന് പ്രശ്നങ്ങൾക്ക് പരിഹാരം കാണാമെന്ന് അധികൃതർ അറിയിച്ചതിനെത്തുടർന്ന് വിദ്യാർഥികൾ മുറികളിലേക്കു മടങ്ങി. എന്നാൽ ഇന്നലെ രാവിലെ ഏഴോടെ കത്തിയും കമ്പിവടിയും അടക്കമുള്ള മാരകായുധങ്ങളുമായി എത്തിയ മൂന്നാംവർഷ വിദ്യാർഥികൾ വീണ്ടും ആക്രമണം അഴിച്ചുവിടുകയായിരുന്നെന്നു വിദ്യാർഥികൾ പറഞ്ഞു.


ആക്രമണത്തിൽ ഏഴോളം വിദ്യാർഥികൾക്കു സാരമായി പരിക്കേറ്റു. കത്തികൊണ്ടുള്ള ആക്രമണത്തിൽ പതിനേഴുകാരനായ ആലപ്പുഴ സ്വദേശി ജോൺ മാത്യുവിന് കൈയിൽ ആഴത്തിൽ മുറിവേറ്റിട്ടുണ്ട്. മിറാജ് മാത്യു (എറണാകുളം), അച്ചു ബാബു (പത്തനംതിട്ട), അക്ഷയ കൃഷ്ണ ( എറണാകുളം), റോഷൻ സിബി (കണ്ണൂർ), റിട്ടോ ജോണി (കോതമംഗലം) എന്നിവർക്കും തലയ്ക്കും മാറിലുമടക്കം പരിക്കേറ്റിട്ടുണ്ട്.

പരിക്കേറ്റവർക്ക് എന്തു സംഭവിച്ചു എന്നുപോലും അന്വേഷിക്കാൻ കോളജ് അധികൃതർ തയാറായിട്ടില്ല.
രാവിലെയും അക്രമം നടന്നതോടെയാണ് വിദ്യാർഥികൾ കോളജ് വിട്ട് ഓടിപ്പോയത്. സംഭവവുമായി ബന്ധപ്പെട്ട് വിദ്യാർഥികൾ പോലീസിൽ പരാതി നൽകി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.