ആലുവയിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ ജെസിബി തട്ടി
ആലുവയിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ ജെസിബി തട്ടി
Wednesday, November 30, 2016 3:48 PM IST
കൊച്ചി: ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ ജെസിബി തട്ടി ഒമ്പതു ബോഗികൾക്കു കേടുപാടുകൾ സംഭവിച്ചു. ചൊവ്വാഴ്ച അർധരാത്രി 12ഓടെ ആലുവ അമ്പാട്ടുകാവിനു സമീപമായിരുന്നു അപകടം.

മെട്രോ നിർമാണ പ്രവൃത്തികൾ നടത്തുകയായിരുന്ന ജെസിബി, എറണാകുളം–കാരയ്ക്കൽ എക്സ്പ്രസിലാണു തട്ടിയത്. ആർക്കും പരിക്കില്ല. അപകടത്തെത്തുടർന്നു മൂന്നു മണിക്കൂറുകളോളം ട്രെയിൻ ഗതാഗതം ഭാഗികമായി തടസപ്പെട്ടു.

റെയിൽവേ ട്രാക്കിനു സമീപം മെട്രോ സ്റ്റേഷൻ നിർമാണവുമായി ബന്ധപ്പെട്ടു മണ്ണ് നീക്കുന്നതിനായി കൊണ്ടുവന്ന ചെറിയ ജെസിബിയാണ് അപകടമുണ്ടാക്കിയത്. ട്രെയിൻ വരുന്നതു കണ്ടു ജെസിബി പ്രവൃത്തി നിർത്തിയെങ്കിലും പിന്നിലേക്കു തെന്നിയിറങ്ങുകയായിരുന്നു. ഇതിനിടെ ജെസിബി ഡ്രൈവർ പുറത്തേക്കു ചാടി. റെയിൽവേയുടെ ഇലക്ട്രിക് പോസ്റ്റിലിടിച്ചാണു ജെസിബി നിന്നത്. ഈസമയം അതുവഴി കടന്നുപോകുകയായിരുന്ന എറണാകുളം–കാരയ്ക്കൽ എക്സ്പ്രസിന്റെ ബോഗികളിൽ ജെസിബിയുടെ പിൻവശം തട്ടുകയായിരുന്നു.

നാലു മുതൽ 12 വരെയുള്ള ബോഗികളിലാണു ജെസിബി തട്ടിയത്. ബോഗികളുടെ അടിഭാഗത്തെ ബാറ്ററികൾക്കു കേടുപാടുകൾ സംഭവിച്ചു. ട്രെയിനിലെ എസികൾ, ഫാൻ, ലൈറ്റ് എന്നിവ പ്രവർത്തിപ്പിക്കാൻ ഉപയോഗിക്കുന്നതാണ് ബാറ്ററികൾ. അപകടത്തിൽ ജെസിബി ഭാഗികമായി തകർന്നു.


ട്രെയിനിന്റെ എഞ്ചിൻ ഭാഗം കടന്നുപോയശേഷമായതിനാൽ അപകടം നടന്ന വിവരം ലോക്കോ പൈലറ്റ് അറിഞ്ഞിരുന്നില്ല. ട്രെയിൻ ആലുവയിലെത്തിയപ്പോൾ അമ്പാട്ടുകാവിനു സമീപം വച്ചു വലിയശബ്ദം കേട്ടതായി യാത്രക്കാർ സ്റ്റേഷൻ അധികൃതരെ അറിയിച്ചു. ടെക്നിക്കൽ ജീവനക്കാർ അമ്പാട്ടുകാവിൽ പരിശോധന നടത്തി കാരണം കണ്ടെത്തിയപ്പോഴേക്കും ട്രെയിൻ അങ്കമാലി വിട്ടിരുന്നു.

തുടർന്നു ലോക്കോ പൈലറ്റിനെ ബന്ധപ്പെട്ടു ട്രെയിൻ കറുകുറ്റിയിൽ പിടിച്ചിട്ടു പരിശോധിച്ചു. ട്രെയിൻ പിന്നീട് അഞ്ചു കിലോമീറ്റർ വേഗതയിൽ ഓടിച്ചു ചാലക്കുടിയിലെത്തിച്ചശേഷം എറണാകുളത്തുനിന്നു വിദഗ്ധരെത്തി വിശദമായ പരിശോധന നടത്തി. പരിശോധനകൾക്കുശേഷം പുലർച്ചെ 4.10ഓടെയാണു ട്രെയിൻ പുറപ്പെട്ടത്.

അപകടത്തെത്തുടർന്നു തൃശൂർ ഭാഗത്തേക്കുള്ള ട്രെയിനുകൾ പല സ്റ്റേഷനുകളിലായി പിടിച്ചിട്ടു. മൂന്നു മണിക്കൂറുകളോളം വൈകിയാണ് ഈ ട്രെയിനുകൾ പിന്നീട് ഓടിയത്. അതേസമയം എറണാകുളം ഭാഗത്തേക്കുള്ള ട്രെയിനുകൾ തടസമില്ലാതെ ഓടി. ജെസിബി തട്ടാനിടയായതിനെക്കുറിച്ചു വിശദമായ അന്വേഷണം നടത്തി നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ആലുവ റെയിൽവേ സ്റ്റേഷൻ സൂപ്രണ്ട് കെ. ബാലകൃഷ്ണൻ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് സർക്കിൾ ഇൻസ്പെക്ടർക്കു കത്ത് നൽകി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.