പോലീസ് സേനയുടെ മനോവീര്യം തകർക്കാൻ അനുവദിക്കില്ല: മുഖ്യമന്ത്രി
പോലീസ് സേനയുടെ മനോവീര്യം തകർക്കാൻ അനുവദിക്കില്ല:  മുഖ്യമന്ത്രി
Wednesday, November 30, 2016 4:10 PM IST
തിരുവനന്തപുരം: പോലീസ് സേനയുടെ ന്യായമായ ആവശ്യങ്ങൾ നടപ്പിലാക്കാൻ സർക്കാർ പ്രതിജ്‌ഞാബദ്ധമാണെന്നും അതേസമയം ജനങ്ങളുടെ ക്ഷേമത്തിനായി നിലകൊള്ളാനും പോലീസ് തയാറാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു. പോലീസ് അസോസിയേഷൻ സെപ്ഷൽ സംസ്‌ഥാന കൺവൻഷൻ സമാപന സമ്മേളനം കഴക്കൂട്ടം അൽസാജ് കൺവെൻഷൻ സെന്ററിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ആത്മാർഥമായി കർത്തവ്യം നിർവഹിക്കുന്നതിനിടയിൽ വിമർശനങ്ങൾ ഉണ്ടാകാം. അതിൽ കഴമ്പുണ്ടാകണമെന്നില്ല. ഇതിന്റെ പേരിൽ പോലീസ് സേനയുടെ മനോവീര്യം തകർക്കാൻ അനുവദിക്കില്ല. എങ്കിലും തെറ്റായ കാര്യമാണെന്ന് ബോധ്യപ്പെട്ടാൽ അതു തിരുത്താൻ കാലതാമസം ഉണ്ടാകില്ല.

മൂന്നാംമുറയും ലോക്കപ്പ് മർദനവും യാതൊരു കാരണവശാലും അനുവദിക്കില്ല. ലോക്കപ്പ് മർദനം ശ്രദ്ധയിൽപ്പെട്ടാൽ സ്റ്റേഷനിലെ എസ്ഐ അടക്കമുള്ള പോലീസുകാർക്കെതിരേ നടപടി സ്വീകരിക്കും. ലോക്കപ്പ് മരണമാണെങ്കിലും സ്റ്റേഷനിൽ ഇല്ലാത്ത ഉയർന്ന ഉദ്യോഗസ്‌ഥരുൾപ്പെടെ കുടുങ്ങുമെന്നും മുഖ്യമന്ത്രി പറഞ്ഞു.


പോലീസിൽ വനിതാ പ്രാതിനിധ്യം വർധിപ്പിക്കാനുള്ള നടപടി സ്വീകരിക്കും. ജനങ്ങൾക്ക് മെച്ചപ്പെട്ട സേവനം ഉറപ്പാക്കാൻ പോലീസുകാരുടെ ജോലി ഭാരം കുറയ്ക്കാനും സർക്കാർ ശ്രമിക്കും അതിന്റെ മുന്നോടിയായി പ്രതികളെ കൈമാറുന്നതിൽ ജയിലും കോടതികളും ബന്ധപ്പെടുത്തിക്കൊണ്ട് വീഡിയോ കോൺഫറൻസ് സംവിധാനം ഏർപ്പെടുത്തും. സേനയുടെ പ്രമോഷൻ സാധ്യത വർധിപ്പിച്ച് സിപിഒമാരുടെ ഒഴുവുകൾ നികത്താൻ നീക്കം ആരംഭിച്ചിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ചടങ്ങിൽ കെപിഎ പ്രസിഡന്റ് ടി.എസ്. ബൈജു അധ്യക്ഷത വഹിച്ചു. മന്ത്രി കടകംപള്ളി സുരേന്ദ്രൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു, സംസ്‌ഥാന പോലീസ് മേധാവി ലോഹ്നാഥ് ബഹ്റ, എഡിജിപി ബി. സന്ധ്യ, ഐജി മനോജ് ഏബ്രഹാം, കമ്മീഷണർ സ്പർജൻ കുമാർ, റൂറൽ എസ്പി ഷെഫിൻ അഹമ്മദ്, കെപിഒഎ പ്രസിഡന്റ് ഡി.കെ. പ്രൃഥ്വിരാജ്, കെപിഒഎ വൈസ് പ്രസിഡന്റ് വി.ഷാജി, ജനറൽ സെക്രട്ടറി, വി. ചന്ദ്രശേഖർ എന്നിവർ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.