ശമ്പളം മുഴുവൻ കൈയിൽ കിട്ടില്ല
ശമ്പളം മുഴുവൻ കൈയിൽ കിട്ടില്ല
Wednesday, November 30, 2016 4:10 PM IST
തിരുവനന്തപുരം: സംസ്‌ഥാന സർക്കാരിലെയും പൊതു മേഖലാ സ്‌ഥാപനങ്ങളിലെയും ജീവനക്കാർക്കും പെൻഷൻകാർക്കും ശമ്പളം, പെൻഷൻ ഇനത്തിൽ ഒരാഴ്ച പിൻവലിക്കാവുന്നത് 24,000 രൂപ വരെ മാത്രം. ഇന്നു മുതൽ ശമ്പളം, പെൻഷൻ ഇനങ്ങളിൽ ഒരാഴ്ച 24,000 രൂപ വരെ വിതരണം ചെയ്യുന്നതിനു തടസമില്ലെന്നു റിസർവ് ബാങ്ക് അധികൃതർ സംസ്‌ഥാന സർക്കാരിന് ഉറപ്പുനൽകിയതായി ധനമന്ത്രി ഡോ. തോമസ് ഐസക് അറിയിച്ചു. ഇതിൽ കുറഞ്ഞ ശമ്പളവും പെൻഷനുമുള്ളവർക്കു മുഴുവൻ തുകയും പിൻവലിക്കാനാകും. ശമ്പളം പൂർണമായി കൈപ്പറ്റാൻ ജീവനക്കാരെ അനുവദിക്കണമെന്ന സംസ്‌ഥാന സർക്കാരിന്റെ ആവശ്യം റിസർവ് ബാങ്ക് നിരാകരിച്ചു.

ശമ്പളവും പെൻഷനും നൽകാൻ ആവശ്യമായ തുക ബാങ്കുകളിൽ ലഭ്യമാകുമോ എന്ന കാര്യത്തിലുള്ള ആശങ്ക ഇപ്പോഴും നിലനിൽക്കുന്നുണ്ട്. ബാങ്കുകളിലേക്ക് ആവശ്യമായ നോട്ടുകൾ ഇനിയും ലഭ്യമാകാത്തതാണ് ആശങ്കയ്ക്കു കാരണം. ജീവനക്കാർ ബാങ്കുകളിലും ട്രഷറികളിലും നേരിട്ടെത്തിയാൽ മാത്രമേ അക്കൗണ്ടിൽനിന്ന് 24,000 രൂപ പിൻവലിക്കാനാകൂ. എടിഎമ്മുകൾ വഴി 2,500 രൂപ മാത്രമേ പ്രതിദിനം പിൻവലിക്കാനാകൂ. ശമ്പളം കൈപ്പറ്റാനായി ജീവനക്കാർ കൂട്ടത്തോടെ ബാങ്കുകളിലേക്കും ട്രഷറിയിലേക്കും പോയാൽ ഓഫീസുകളുടെ പ്രവർത്തനം താറുമാറാകാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.

ബാങ്കുകളിൽ ആവശ്യത്തിനു നോട്ട് ലഭ്യമല്ലാത്ത സാഹചര്യത്തിലാണ് 24,000 രൂപ പിൻവലിക്കാനുള്ള പരിധി നിശ്ചയിച്ചതെന്നാണ് റിസർവ് ബാങ്ക് അധികൃതർ അറിയിച്ചത്. ട്രഷറിയും ബാങ്കും വഴി ശമ്പളവും പെൻഷനും വിതരണം ചെയ്യാനുള്ള 2,400 കോടി രൂപ റിസർവ് ബാങ്ക് ഇന്നു മുതൽ ലഭ്യമാക്കാമെന്നാണ് ഇന്നലെ നടത്തിയ ചർച്ചയിൽ അറിയിച്ചിട്ടുള്ളത്. ട്രഷറി, ബാങ്ക് എന്നിവിടങ്ങളിൽനിന്ന് ഇന്നു രാവിലെ 11 മുതൽ പണം പിൻവലിക്കാനാകുമെന്നു തോമസ് ഐസക് പറഞ്ഞു.

ഇന്നു രാവിലെ ട്രഷറികളിൽ പണം എത്തിക്കാമെന്നു റിസർവ് ബാങ്കിന്റെയും പൊതു മേഖലാ ബാങ്കുകളുടെയും സംസ്‌ഥാനത്തെ മേധാവികൾ ധനമന്ത്രിയുമായും ധനകാര്യ അഡീഷണൽ ചീഫ് സെക്രട്ടറി കെ.എം. ഏബ്രഹാമുമായും നടത്തിയ ചർച്ചയിൽ അറിയിച്ചു.

സാധാരണയായി ആദ്യ ഏഴു പ്രവൃത്തി ദിവസങ്ങളിലാണു ശമ്പള വിതരണം നടക്കുന്നത്. ഇതുപ്രകാരം ഓരോ വകുപ്പിനും നിശ്ചയിച്ചിട്ടുള്ള ശമ്പള ദിവസങ്ങളിൽ പതിവുപോലെ അതതു വകുപ്പിന്റെ ശമ്പള ബില്ലുകൾ മാറും. അനുവദനീയമായ തുക പിൻവലിക്കാൻ പ്രവർത്തനസമയത്ത് എപ്പോഴെങ്കിലും ട്രഷറിയിൽ എത്തിയാൽ മതി, രാവിലേ തന്നെ തിരക്കു കൂട്ടേണ്ട കാര്യമില്ലെന്നും ചർച്ചയ്ക്കുശേഷം നടത്തിയ പത്രസമ്മേളനത്തിൽ മന്ത്രി പറഞ്ഞു.


ആഴ്ചയിൽ പിൻവലിക്കാവുന്ന തുകയായ 24,000 രൂപവീതം ശമ്പളവും പെൻഷനും വാങ്ങുന്ന പത്തു ലക്ഷംപേർക്കു നൽകാൻ 2400 കോടി രൂപ ആദ്യവാരം വേണം. ഇതിൽ 1000 കോടി ഇന്നു ബാങ്കുകളിലും ട്രഷറികളിലും എത്തിക്കാമെന്ന് റിസർവ് ബാങ്ക് അധികൃതർ സമ്മതിച്ചു. ബാക്കി തുക അടുത്ത ദിവസങ്ങളിൽ ലഭ്യമാക്കും. ഓരോ ദിവസവും ലഭിക്കുന്ന തുക ബാങ്കുകൾക്കും ട്രഷറികൾക്കും പകുതി വീതം വീതിച്ചുനൽകും.

ചെറിയ തുകയുടെ വേണ്ടത്ര കറൻസി കേന്ദ്ര സർക്കാരിന്റെ പക്കൽ ഇല്ലാത്തതിനാൽ, അനുവദിക്കുന്ന പണം ഭൂരിഭാഗവും 2000 രൂപയുടെയും 500 രൂപയുടെയും നോട്ടാകാനാണു സാധ്യത. വിതരണവുമായി ബന്ധപ്പെട്ട് ഇതു പ്രതിസന്ധി സൃഷ്‌ടിക്കുമെന്നു മന്ത്രി റിസർവ് ബാങ്ക് അധികൃതരുടെ ശ്രദ്ധയിൽ പെടുത്തി. ആഴ്ചയിൽ 24,000 രൂപ വീതം പിൻവലിക്കാമെന്നതു കേന്ദ്രത്തിന്റെ വാഗ്ദാനം ആയതിനാൽ അതിനുവേണ്ട പണം ലഭ്യമാക്കാനുള്ള ബാധ്യത കേന്ദ്രത്തിനുണ്ടെന്നു തോമസ് ഐസക് പറഞ്ഞു.

ട്രഷറികളുടെ പ്രവർത്തന സമയത്തിൽ മാറ്റമില്ല. രണ്ടു മണി വരെ മാത്രം പ്രവർത്തന സമയമുള്ള ദിവസം സമയം നീട്ടാനൊന്നും ബാങ്കുകൾ തീരുമാനിച്ചിട്ടില്ല. ഇതു തിരക്കിനു കാരണമായേക്കും.

അശാസ്ത്രീയമായ നോട്ടുനിരോധനം കാരണം സംസ്‌ഥാന വരുമാനത്തിൽ ഉണ്ടാകുന്ന നഷ്‌ടം അടുത്ത മാസമേ അറിയാനാകൂ. അടുത്ത മാസം ശമ്പളം നൽകാൻ പണം കുറയും. ആ തുക സംസ്‌ഥാനത്തിന് അർഹമായ കേന്ദ്ര വായ്പയായി അനുവദിക്കണം. ഇക്കാര്യം ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും കേന്ദ്രം മറുപടി നൽകിയിട്ടില്ല. രാജ്യത്തൊട്ടാകെ ശമ്പള വിതരണത്തിൽ ഇന്നു മുതൽ പ്രതിസന്ധിയുണ്ടാകാൻ പോകുകയാണ്. സർക്കാർ പിൻവലിച്ച നോട്ടുകളിൽ 65 ശതമാനം ബാങ്കുകളിൽ നിക്ഷേപിക്കപ്പെട്ടിട്ടുണ്ട്. ഇങ്ങനെയാണു പോകുന്നതെങ്കിൽ ഉദ്ദേശിച്ച കള്ളപ്പണം കിട്ടില്ല. മൂന്നു ലക്ഷം കോടി തിരിച്ചുവരില്ല എന്നായിരുന്നു കണക്കുകൂട്ടൽ. എന്നാൽ, ഒരു ലക്ഷം കോടിയെങ്ങാനും നേടിയാലായി. ഈ നടപടി മൂലം സാമ്പത്തിക വളർച്ചയിൽ ഉണ്ടായിരിക്കുന്ന ഇടിവു രണ്ടു ശതമാനമെന്നു കണക്കാക്കിയാൽ പോലും രണ്ടര ലക്ഷം കോടിയുടെ നഷ്‌ടമുണ്ടാകുമെന്നും ഐസക് പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.