ഇപിഎഫ് അംഗങ്ങളുടെ എണ്ണം അഞ്ചു കോടിയാക്കും: സെൻട്രൽ കമ്മീഷണർ
ഇപിഎഫ് അംഗങ്ങളുടെ എണ്ണം അഞ്ചു കോടിയാക്കും: സെൻട്രൽ കമ്മീഷണർ
Thursday, December 1, 2016 3:22 PM IST
കൊച്ചി: രാജ്യത്ത് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് (ഇപിഎഫ്) ആനുകൂല്യങ്ങൾക്ക് അർഹരായ എല്ലാ തൊഴിലാളികളേയും ഇപിഎഫിൽ പങ്കാളികളാക്കുന്നതിനു കാംപയിൻ ആരംഭിക്കുമെന്നു സെൻട്രൽ പ്രൊവിഡന്റ് ഫണ്ട് കമ്മീഷണർ ഡോ. വി.പി. ജോയ് പത്രസമ്മേളനത്തിൽ അറിയിച്ചു. ഇപിഎഫ് അംഗങ്ങളുടെ ആകെ എണ്ണം അഞ്ചു കോടിയാക്കി ഉയർത്തുകയാണ് അടുത്ത ജനുവരി ഒന്നു മുതൽ ജൂൺ 30 വരെയുള്ള ഈ ആറു മാസ കാംപയിന്റെ ലക്ഷ്യം. നിലവിൽ 3.76 കോടി ഇപിഎഫ് അംഗങ്ങളാണ് ഉള്ളത്. കാംപയിന്റെ ഭാഗമായി എല്ലാ ഇപിഎഫ് അംഗങ്ങളെയും ആധാറുമായി ബന്ധിപ്പിക്കും. നിലവിൽ 1.9 കോടി അംഗങ്ങളെ മാത്രമേ ആധാറുമായി ബന്ധിപ്പിച്ചിട്ടുള്ളു. ആധാർ ഇല്ലാത്തവർക്ക് അതുനൽകാനുള്ള നടപടികളും ഇപിഎഫ് സ്വീകരിക്കും. ഇപിഎഫ് ഓഫീസിനു ആധാർ നൽകുന്നതിനുള്ള അധികാരമുണ്ടെന്നും ഡോ. വി.പി. ജോയ് പറഞ്ഞു.

ഇപിഎഫിന്റെ എല്ലാ സേവനങ്ങളും കേന്ദ്രീകൃത കംപ്യൂട്ടർ സെർവർ സംവിധാനത്തിന്റെ കീഴിലാക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു കഴിഞ്ഞു. ഇപിഎഫ് സേവനങ്ങൾ സുതാര്യവും കൂടുതൽ ഫലപ്രദവുമാക്കുന്നതിനാണ് ഈ നടപടി. നിലവിൽ രാജ്യത്തെ 30 ഇപിഎഫ് ഓഫീസുകൾ ഡൽഹിയിലുള്ള കേന്ദ്ര സെർവറുമായി ബന്ധിപ്പിച്ചു കഴിഞ്ഞു. ഒരു മാസത്തിനുള്ളിൽ രാജ്യത്തെ 123 ഇപിഎഫ് കേന്ദ്രങ്ങളും പൂർണമായും കേന്ദ്രീകൃത കംപ്യൂട്ടർ സേവനത്തിനു കീഴിലാക്കും. എല്ലാ സേവനങ്ങളും കേന്ദ്രീകൃത സംവിധാനത്തിലാകുന്നതോടെ അംഗങ്ങളുടെ ആധാർ കാർഡ്, ബാങ്ക് അക്കൗണ്ട് എന്നിവയും ഇപിഎഫുമായി ബന്ധിപ്പിക്കും.


കേന്ദ്രീകൃത സംവിധാനം ഏർപ്പെടുത്തുന്നതോടെ ഇപിഎഫ് സേവനങ്ങൾ അക്ഷയ കേന്ദ്രങ്ങൾ വഴി ലഭ്യമാകും. അക്ഷയയുമായി ഇതിനുള്ള ധാരണാപത്രം ഒപ്പിട്ടിട്ടുണ്ട്. ഇപിഎഫ് അംഗങ്ങൾക്കുള്ള യൂണിവേഴ്സൽ അക്കൗണ്ട് നമ്പറിന്റെ (യുഎഎൻ) പ്രയോജനം കേന്ദ്രീകൃത കംപ്യൂട്ടർ സംവിധാനങ്ങൾ ഏർപ്പെടുത്തുന്നതോടെ ഫലപ്രദമാകും. അംഗങ്ങൾക്കുള്ള ഭവന, പെൻഷൻ പദ്ധതിക്കുമുള്ള ശിപാർശ കേന്ദ്രസർക്കാരിനു സമർപ്പിച്ചിട്ടുണ്ട്. പദ്ധതിയിൽ പങ്കാളികളാകുന്ന അംഗങ്ങൾ നിലവിൽ അടച്ചിട്ടുള്ള പിഎഫ് തുകയും ഭാവിയിൽ അടയ്ക്കാനുള്ള പിഎഫ് തുകയും ഇതിനായി ഉപയോഗിക്കും.

കുറഞ്ഞ വരുമാനമുള്ളവർക്കു വീടു വയ്ക്കുന്നതിനായുള്ള കേന്ദ്രസർക്കാർ പദ്ധതി ഇതിനായി ഉപയോഗിക്കാൻ ഉദ്ദേശിക്കുന്നുണ്ട്. ആറു ശതമാനം പലിശയ്ക്ക് ആറു ലക്ഷം രൂപ വരെ വായ്പ നൽകുന്ന കേന്ദ്രപദ്ധതിയുടെ സഹായവും പ്രതീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. അഡീഷണൽ സെൻട്രൽ എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് കമ്മീഷണർ (കേരളം–തമിഴ്നാട്) പി.വി. കുൽകർണി, റീജണൽ കമ്മീഷണർ ആരിഫ് ലോഹാനി തുടങ്ങിയവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.