ഭിന്നശേഷിക്കാർക്കായി ലക്കിടിയിൽ ഒരു ഗ്രാമം
Thursday, December 1, 2016 3:33 PM IST
കൊച്ചി: മസ്തിഷ്ക ഭിന്നശേഷിക്കാർക്കും കുടുംബാംഗങ്ങൾക്കും താമസിക്കാനായി ഒരു ഗ്രാമം പാലക്കാട് ജില്ലയിലെ ലക്കിടിയിൽ ഒരുങ്ങുന്നതായി നിഷ്ചിന്ത സംഘടനയുടെ ഉപാധ്യക്ഷൻ റിട്ട. മേജർ സുധാകർ പിള്ള പത്രസമ്മേളനത്തിൽ പറഞ്ഞു. ഫ്ളാറ്റ് രീതിയിലുള്ള താമസ സൗകര്യമാണ് ഇവർക്കായി ഗ്രാമത്തിൽ ഒരുക്കുന്നത്. സ്പെഷൽ സ്കൂൾ, പുനരധിവാസകേന്ദ്രം, യോഗാ കേന്ദ്രം, സ്വിമ്മിംഗ് പൂൾ, പൊതുവായ അടുക്കള എന്നിവയും താമസസൗകര്യങ്ങൾക്കൊപ്പം ഉണ്ടാകും. ഗ്രാമത്തിൽ അധ്യാപകരും പരിശീലകരും ഉണ്ടാകും.

പാലക്കാട് ലക്കിടിയിൽ ഇതിനായി 10 ഏക്കർ സ്‌ഥലം വാങ്ങിക്കഴിഞ്ഞു. സംഘടന നൽകുന്ന അംഗത്വം ഉള്ളവർക്കാണു സൗകര്യങ്ങൾ ഉപയോഗിക്കാനാകുക. ആദ്യ അംഗത്വം നൽകിയ 50 പേരിൽനിന്ന് അഞ്ച് ലക്ഷം രൂപ വീതം സ്വരൂപിച്ചാണു സ്‌ഥലം വാങ്ങിയത്. ഇനിയും 50 പേരിൽനിന്ന് അംഗത്വം സ്വീകരിക്കും. രണ്ടുമുതൽ മൂന്നുലക്ഷം രൂപവരെയാണ് ഇവരിൽനിന്നു സ്വീകരിക്കുക.


മൂന്നു വർഷത്തിനകം പദ്ധതി നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്. തൊഴിൽ പരിശീലനത്തിനായി സ്‌ഥാപിക്കുന്ന നാഷണൽ സെന്റർ ഫോർ അസിസ്റ്റഡ് ലിവിംഗ് ആൻഡ് സ്കിൽ ഡെവലപ്മെന്റിന്റെ പണി പുരോഗമിച്ചു വരികയാണ്. ഇതോടൊപ്പം രക്ഷിതാക്കൾക്കു വരുമാനം കണ്ടെത്താനുള്ള സംരംഭങ്ങൾ ആലോചനയിലാണെന്നും അദ്ദേഹം പറഞ്ഞു. ഫോൺ: 9446456078, 9497166311. പത്രസമ്മേളനത്തിൽ കോ ഓർഡിനേറ്റർ വെങ്കിംട് അയ്യർ, സെക്രട്ടറി കെ.കെ. ജോയി എന്നിവരും പത്രസമ്മേളനത്തിൽ സംബന്ധിച്ചു. മസ്തിഷ്ക ഭിന്നശേഷിയുള്ള മക്കളുള്ളവരാണു നിഷ്ചിന്ത സംഘടനയുടെ ഭാരവാഹികൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.