സമുദ്രജീവികളുടെ വർഗീകരണത്തിന് ഇന്ത്യ ഊന്നൽ നൽകണമെന്ന് ഡോ. ഗുസ്താവ്
സമുദ്രജീവികളുടെ വർഗീകരണത്തിന് ഇന്ത്യ ഊന്നൽ നൽകണമെന്ന് ഡോ. ഗുസ്താവ്
Thursday, December 1, 2016 3:33 PM IST
കൊച്ചി: സമുദ്ര ആവാസ വ്യവസ്‌ഥയിലെ വിവിധ ജീവിവർഗങ്ങളെ വേർതിരിക്കുന്നതിനുള്ള വർഗീകരണ പഠനത്തിന് (ടാക്സോണമി) ഇന്ത്യ ഊന്നൽ നൽകണമെന്ന് അമേരിക്കൻ ജൈവവൈവിധ്യ ഗവേഷകൻ ഡോ. ഗുസ്താവ് പൗലേ. കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്‌ഥാപനത്തിൽ (സിഎംഎഫ്ആർഐ) ശാസ്ത്രജ്‌ഞരുമായി സംവദിക്കുകയായിരുന്നു അദ്ദേഹം. 80 ശതമാനത്തോളം സമുദ്രജീവികൾ ഇപ്പോഴും തരംതിരിക്കപ്പെട്ടിട്ടില്ല.

സാങ്കേതികവിദ്യകളിൽ വലിയ മുന്നേറ്റമുണ്ടായെങ്കിലും സമുദ്രജൈവ വൈവിധ്യം ശാസ്ത്രീയമായി പഠനവിധേയമാക്കുന്നതിൽ ഏറെ പിന്നിലാണ്. അറ്റ്ലാന്റിക്, പസഫിക് സമുദ്രങ്ങളെ അപേക്ഷിച്ച് ഇന്ത്യൻ മഹാസമുദ്രത്തിലെ ജൈവ വൈവിധ്യത്തെക്കുറിച്ചും ഇനിയും ഏറെ പഠനം നടത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യൻ മഹാസമുദ്രത്തിലെ ഇനിയും വേർതിരിക്കപ്പെടാത്ത ജീവജാലങ്ങളുടെ പ്രത്യേകതകൾ ഇനംതിരിച്ച് കണ്ടെത്തുന്നതിന് ജനിതകപഠനങ്ങൾ ശക്‌തിപ്പെടുത്തണം. 270 ലേറെ സമുദ്രജീവികളെ കണ്ടെത്തുകയും രേഖപ്പെടുത്തുകയും ചെയ്ത സിഎംഎഫ്ആർഐ ഈ രംഗത്ത് രാജ്യത്തിന് മികച്ച സംഭാവനകളാണ് നൽകിയിട്ടുള്ളത്. ഇന്ത്യയിൽ നിലവിലുള്ള ജൈവ വൈവിധ്യ മ്യൂസിയം അത്യാധുനിക സൗകര്യങ്ങൾ പ്രയോജനപ്പെടുത്തി ലോകനിലവാരത്തിലേക്ക് ഉയർത്തേണ്ടതുണ്ട്. പവിഴപ്പുറ്റുകൾ പോലുള്ള സമുദ്രജൈവ വൈവിധ്യങ്ങൾ സംരക്ഷിക്കുന്നതിന് പൊതുജനങ്ങളെ കൂടി ഉൾപ്പെടുത്തിയുള്ള ‘ബയോബ്ലിറ്റ്സ്’ ആശയം പ്രോത്സാഹിപ്പിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


സിഎംഎഫ്ആർഐ യിലെ ജേണൽ ക്ലബിനു കീഴിൽ രാജ്യാന്തരപ്രശസ്തരായ ഗവേഷകരെ സ്‌ഥാപനത്തിലെ ഗവേഷകർക്കിടയിൽ പരിചയപ്പെടുത്തുന്നതിന്റെ ഭാഗമായായിരുന്നു പരിപാടി. സിഎംഎഫ്ആർഐ ഡയറക്ടർ ഡോ. എ. ഗോപാലകൃഷ്ണൻ അദ്ദേഹത്തിന് ഉപഹാരം സമ്മാനിച്ചു.

സിഎംഎഫ്ആർഐ യിലെ മറൈൻ ബയോഡൈവേഴ്സിറ്റി വിഭാഗം തലവൻ ഡോ. കെ.കെ. ജോഷി, ജേണൽ ക്ലബ് കോ–ഓർഡിനേറ്റർ ഡോ. ശ്യാം എസ് സലിം എന്നിവർ പ്രസംഗിച്ചു.

ഫ്ളോറിഡ സർവകലാശാലയുടെ ഭാഗമായ ഫ്ളോറിഡ മ്യൂസിയം ഓഫ് നാച്വറൽ ഹിസ്റ്ററിയിൽ ക്യുറേറ്റർ കൂടിയാണ് ഡോ. ഗുസ്താവ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.