റബർ വ്യവസായികൾ പകൽക്കൊള്ള നടത്തുന്നു: ഇൻഫാം
റബർ വ്യവസായികൾ പകൽക്കൊള്ള നടത്തുന്നു: ഇൻഫാം
Thursday, December 1, 2016 3:47 PM IST
കൊച്ചി: അന്താരാഷ്ര്‌ട വിലയ്ക്കനുസരിച്ചു കർഷകരിൽനിന്നു റബർ വാങ്ങാതെ വ്യവസായികൾ പകൽക്കൊള്ള നടത്തുകയാണെന്ന് ഇൻഫാം മധ്യമേഖലാ സമിതി. റബർ കിലോഗ്രാമിനു 140 രൂപയാണു നിലവിൽ അന്താരാഷ്ര്‌ട വില. ഇത്രയും കാലം അന്താരാഷ്ര്‌ട വില എന്ന ഉമ്മാക്കി കാട്ടി റബർ കർഷകരെ കൊള്ളയടിച്ച വ്യവസായ ലോബി, വില ഉയർന്നപ്പോൾ ആ വിലയ്ക്ക് ആഭ്യന്തരവിപണിയിൽനിന്നു റബർ വാങ്ങാൻ തയാറാകുന്നില്ല.

അന്താരാഷ്ര്‌ട വിലയും ചരക്കു കടത്തു കൂലിയും മറ്റു ചെലവുകളും ഇറക്കുമതി ചുങ്കവും ഉൾപ്പെടെ കണക്കാക്കി ആഭ്യന്തര വിപണിയിൽനിന്നു റബർ വാങ്ങാൻ തയാറാകാത്തതു കടുത്ത അനീതിയാണ്.

വ്യവസായികൾ കൃത്രിമ സാഹചര്യമുണ്ടാക്കി നടത്തുന്ന ഈ കൊള്ള വെളിച്ചത്തുകൊണ്ടുവരാൻ ജനപ്രതിനിധികളോ രാഷ്ര്‌ടീയ പാർട്ടികളോ തയാറാകുന്നില്ല. ലോകസഭയിലും നിയമസഭയിലും ജനകീയ പ്രശ്നങ്ങൾ ചർച്ച ചെയ്യാതെ, കലാപ കലുഷിത രംഗങ്ങൾ സൃഷ്‌ടിച്ചു ശമ്പളവും സിറ്റിംഗ് ഫീസും വസൂലാക്കുന്ന നിഷേധാത്മക പ്രവണതയാണു ജനപ്രതിനിധികൾ കാണിക്കുന്നതെന്നു കമ്മിറ്റി കുറ്റപ്പെടുത്തി.


ഇൻഫാം സംസ്‌ഥാന കൺവീനർ ജോസ് ഇടപ്പാട്ട് അധ്യക്ഷനായിരുന്നു. ഇൻഫാം ദേശീയ ട്രസ്റ്റിയും ലീഗൽ സെൽ കൺവീനറുമായ ഡോ. എം.സി. ജോർജ് മുഖ്യപ്രഭാഷണം നടത്തി.

സംസ്‌ഥാന ഡയറക്ടർ ഫാ. ജോസ് മോനിപ്പിള്ളി, ജില്ലാ പ്രസിഡന്റുമാരായ പി.എസ്. മൈക്കിൾ (ഇടുക്കി), കെ.എസ്. മാത്യു (കോട്ടയം), ജോയി പള്ളിവാതുക്കൽ (എറണാകുളം), മേഖലാ പ്രസിഡന്റ് റോയി വള്ളമറ്റം (അടിമാലി), എറണാകുളം ജില്ലാ സെക്രട്ടറി സണ്ണി കുറുന്താനം, ഇടുക്കി ജില്ലാ സെക്രട്ടറി ബേബി ആക്കാട്ടുമുണ്ടയിൽ തുടങ്ങിയവർ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.