സഹ. മേഖലയിലെ സ്തംഭനത്തിനു കാരണം സംസ്‌ഥാന സർക്കാരെന്നു ബിജെപി
സഹ. മേഖലയിലെ സ്തംഭനത്തിനു കാരണം സംസ്‌ഥാന സർക്കാരെന്നു ബിജെപി
Thursday, December 1, 2016 3:47 PM IST
കൊച്ചി: ആദായ നികുതി വകുപ്പിന്റേയും റിസർവ് ബാങ്കിന്റേയും നിയമങ്ങൾ പാലിക്കാമെന്ന തീരുമാനം വൈകിപ്പിച്ച് സഹകരണ മേഖലയിലെ സ്തംഭനത്തിനു വഴിവച്ചതിനു കാരണം സംസ്‌ഥാന സർക്കാരാണെന്നു ബിജെപി ദേശീയ സമിതി അംഗം പി.കെ. കൃഷ്ണദാസ്. ആദായ നികുതി വകുപ്പിന്റേയും റിസർവ് ബാങ്കിന്റേയും നിയമങ്ങൾ പാലിക്കാമെന്നു കഴിഞ്ഞ മന്ത്രിസഭാ യോഗത്തിൽ തീരുമാനമെടുത്ത സംസ്‌ഥാന സർക്കാർ ഇതോടെ സഹകരണ മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയുമെന്നു വിശദീകരിക്കുകയും ചെയ്യുന്നു. അങ്ങനെയെങ്കിൽ ആർക്കു വേണ്ടിയാണ് സംസ്‌ഥാന സർക്കാർ ഈ തീരുമാനം 22 ദിവസം വൈകിപ്പിച്ചത്.

ഇതിനു പിന്നിൽ ഗൂഢാലോചനയുണ്ട്. എന്തുകൊണ്ട് ഈ തീരുമാനം വൈകി എന്നതിനെ ക്കുറിച്ച് അന്വേഷണം നടത്തണമെന്നും പി.കെ. കൃഷ്ണദാസ് പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ഇക്കാലയളവിൽ നടന്ന കാര്യങ്ങളെ ക്കുറിച്ചെല്ലാം അന്വേഷണം നടത്തണം. ആർക്കുവേണ്ടിയാണ് ഇവർ ഇക്കാര്യങ്ങളൊക്കെ ചെയ്യുന്നത്. ഇക്കാര്യത്തിൽ സർക്കാരും മുഖ്യമന്ത്രിയും ജനങ്ങളോടും സഹകരണ മേഖലയിൽ പ്രവർത്തിക്കുന്നവരോടും മാപ്പു പറയണം.

കേന്ദ്ര സർക്കാർ സഹകരണ സ്‌ഥാപനങ്ങൾ പിടിച്ചെടുക്കാൻ ശ്രമിക്കുകയാണെന്ന് സംസ്‌ഥാന സർക്കാർ ആസൂത്രിത പ്രചാരണം നടത്തി. ആർബി ഐയുടെ മുന്നിൽ മന്ത്രിമാരും മുഖ്യമന്ത്രിയും കുത്തിയിരുന്നതും ഹർത്താൽ നടത്തിയതും എന്തിനു വേണ്ടിയായിരുന്നു. സർവകക്ഷി യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ മോശം പദപ്രയോഗം നടത്തിയെന്നും കൃഷ്ണദാസ് ആരോപിച്ചു.


സംസ്‌ഥാന ധനമന്ത്രി ടി.എം. തോമസ് ഐസക് കള്ളപ്പണക്കാരുടെ കാവലാളും ദല്ലാളുമായി അധപ്പതിച്ചിരിക്കുന്നു. നാടിനു പ്രയോജനകരമായ വിപ്ലവകരമായ സാമ്പത്തിക പരിഷ്കാരങ്ങൾ നടത്തുന്ന പ്രധാനമന്ത്രിയെ പരിഹസിക്കുകയും പരിഷ്ക്കരണ നടപടികളെ അട്ടിമറിക്കുകയുമാണ് കേരളത്തിലെ ധനമന്ത്രി ചെയ്യുന്നത്. ആർക്കുവേണ്ടിയാണ് ഇത്തരത്തിൽ നിലപാട് എടുക്കുന്നതെന്ന കാര്യം ദുരൂഹമാണ്.

മറ്റു സംസ്‌ഥാനങ്ങളിലെ കോൺഗ്രസ് ധനമന്ത്രിമാർ പോലും നോട്ട് പിൻവലിക്കിലിനെ തത്വത്തിൽ അംഗീകരിച്ചപ്പോൾ കേരളത്തിലെ ധനമന്ത്രിമാത്രമാണ് ആദ്യ ദിവസം മുതൽ ആളുകളെ പരിഭ്രാന്തരാക്കുന്ന തരത്തിൽ സംസാരിച്ചുകൊണ്ടിരിക്കുന്നത്. നോട്ട് പിൻവലിക്കുലമായി ബന്ധപ്പെട്ട് നടപടിക്കുശേഷം ഉണ്ടായ നിക്ഷേപത്തിന്റെ വിഹിതം ചോദിക്കുന്ന സംസ്‌ഥാന ധനമന്ത്രിയുടെ നിലപാട് നോക്കുകൂലി ചോദിക്കുന്നതു പോലെയാണ്. ജനങ്ങൾക്കിടയിൽ, ഇല്ലാത്ത ആധി പരത്തുകയാണ് സിപിഎമ്മും കോൺഗ്രസും. ഹർത്താൽ നടത്തി ജനങ്ങളെ വലച്ചതിനു ഇടതു മുന്നണി മാപ്പു പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബിജെപി ജില്ലാ പ്രസിഡന്റ് എൻ.കെ. മോഹൻദാസ്, നിയോജകമണ്ഡലം പ്രസിഡന്റ് സി.ജി.രാജഗോപാൽ, ജില്ലാ സെക്രട്ടറി കെ.കെ. ഷൈജു എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.