ഇടുക്കി രൂപതയിൽ എല്ലാ അധ്യാപക കുടുംബങ്ങളിലും ദീപിക
ഇടുക്കി രൂപതയിൽ എല്ലാ അധ്യാപക കുടുംബങ്ങളിലും ദീപിക
Thursday, December 1, 2016 3:58 PM IST
ഇരട്ടയാർ (ഇടുക്കി): മലയാളത്തിലെ ആദ്യദിനപത്രമായ ദീപികയുടേതു സത്യത്തിലൂന്നിയുള്ള നിസ്വാർഥ പത്രപ്രവർത്തനമാണെന്നു രാഷ്ട്രദീപിക ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ റവ. ഡോ. മാണി പുതിയിടം. ഇരട്ടയാർ സെന്റ് തോമസ് ഓഡിറ്റോറിയത്തിൽ ഇടുക്കി രൂപതയിലെ എല്ലാ അധ്യാപക കുടുംബങ്ങളെയും ദീപിക വരിക്കാരായി പ്രഖ്യാപിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കാത്തലിക് ടീച്ചേഴ്സ് ഗിൽഡ് ഇടുക്കി രൂപത കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ഇടുക്കിയെ സമ്പൂർണദീപിക അധ്യാപക കുടുംബരൂപതയാക്കുന്നത്.

വാർത്തകളെ വാണിജ്യവത്കരിച്ചു സമ്പത്തു സ്വരൂക്കൂട്ടാനല്ല ദീപിക ജന്മംകൊണ്ടത്. വിശ്വാസ്യതയും സത്യസന്ധതയും അറിഞ്ഞുള്ള വാർത്തകൾ പ്രസിദ്ധീകരിക്കാനാണു ദീപിക എന്നും ശ്രമിച്ചിട്ടുള്ളത്. അടിസ്‌ഥാനരഹിതവും മൂല്യബോധ്യങ്ങൾ ഇല്ലാത്തതുമായ ‘വാർത്തകൾ’ അച്ചടിച്ചു വ്യക്‌തികളെയും കുടംബങ്ങളെയും സമൂഹത്തെയും ദുഷിപ്പിക്കാൻ തയാറാകാത്തതിന്റെ പേരിൽ ദീപികയ്ക്ക് സാമ്പത്തിക നഷ്‌ടമുണ്ടെങ്കിലും വിശ്വാസ്യതയും അംഗീകാരവും ഉയർത്തിപ്പിടിക്കാൻ എക്കാലവും കഴിഞ്ഞിട്ടുണ്ടെന്നു റവ. ഡോ. മാണി പുതിയിടം കൂട്ടിച്ചേർത്തു.

മലയാളത്തിന്റെയും മലയാളക്കരയുടെയും വളർത്തമ്മയാണ് ദീപികയെന്ന് ഇടുക്കി രൂപത വികാരി ജനറാൾ മോൺ. ജയിംസ് മംഗലശേരിൽ പറഞ്ഞു. കർഷകരുടെയും അസംഘടിത ജനവിഭാഗത്തിന്റെയും കാതും കണ്ണുമാണ് ദീപിക. കുടിയേറ്റ നാളുകളിൽ കർഷകർ അനുഭവിക്കേണ്ടിവന്ന കെടുതികളും യാതനകളും പീഡനങ്ങളും അധികാരികൾക്കു മുന്നിൽ തുറന്നുകാട്ടാനും അവരുടെ അവകാശങ്ങൾക്കായി ധൈര്യപൂർവം നിലപാടെടുക്കാനും ദീപിക കാണിച്ചിട്ടുള്ള തന്റേടവും ആത്മാർഥതയും ഇളംതലമുറയിലേക്കും പങ്കുവയ്ക്കാൻ ഇന്നത്തെ തലമുറയ്ക്കു കഴിയണമെന്നും അദ്ദേഹം പറഞ്ഞു.


സഭയും സഭയുടെ സ്‌ഥാപനങ്ങളുംവഴി കരുത്താർജിച്ച കുടുംബങ്ങളും സമൂഹവും ദീപികയെയും കൂടെനിർത്തണമെന്ന് ഇടുക്കി രൂപത വിദ്യാഭ്യാസ സെക്രട്ടറി ഫാ. ജോസ് കരിവേലിക്കൽ ആവശ്യപ്പെട്ടു.

അധ്യാപക സമൂഹത്തെയും മതന്യൂനപക്ഷ സ്‌ഥാപനങ്ങളെയും ആതുരസേവന കേന്ദ്രങ്ങളെയും അപകീർത്തിപ്പെടുത്താനും അമർച്ചചെയ്യാനും നടക്കുന്ന ശ്രമം ചെറുക്കാൻ ദീപികയുടെ കരുത്ത് വർധിപ്പിക്കേണ്ടത് മതേതര മനസാക്ഷിയുടെ കർത്തവ്യമാണെന്ന് അദ്ദേഹം പറഞ്ഞു.

ദീപിക ഫ്രണ്ട്സ് ക്ലബ് സംസ്‌ഥാന ഡയറക്ടർ ഫാ. റോയി കണ്ണൻചിറ സിഎംഐ, ഡിഎഫ്സി രൂപത കോ–ഓർഡിനേറ്റർ ഫാ. ജോസ് നരിതൂക്കിൽ, ഇരട്ടയാർ സെന്റ് തോമസ് ഫൊറോന വികാരി ഫാ. ഫ്രാൻസിസ് ഇടവക്കണ്ടം, വാഴവര സെന്റ് മേരീസ് പള്ളി വികാരി ഫാ. ജോർജ് തുമ്പനിരപ്പേൽ, സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ റോസിൻ എഫ്സിസി, ഹെഡ്മാസ്റ്റർ പി.ജെ. ജോസഫ്, കാത്തലിക് ടീച്ചേഴ്സ് ഗിൽഡ് രൂപത പ്രസിഡന്റ് ബിനോയി മഠത്തിൽ, ഗിൽഡ് ജനറൽ സെക്രട്ടറി സിബി വലിയമറ്റം തുടങ്ങിയവർ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.