തീരവികസനത്തെ മുൻനിർത്തി ലത്തീൻ കത്തോലിക്കാ സമ്മേളനം
Thursday, December 1, 2016 3:58 PM IST
കേരളത്തിലെ 590 കിലോമീറ്റർ നീളം വരുന്ന തീരദേശത്തെ ജനങ്ങളുടെ വികസനപ്രശ്നങ്ങളിൽ ശ്രദ്ധയൂന്നിയാണ് ആലപ്പുഴയിൽ നാളെയും മറ്റന്നാളും കേരള റീജൺ ലാറ്റിൻ കാത്തലിക് കൗൺസിൽ (കെആർഎൽസിസി) സമ്മേളനം നടക്കുന്നത്. ഡിസംബർ നാലിന് ലത്തീൻ കത്തോലിക്കാസമുദായദിനമായി ആചരിക്കുന്നതിന്റെ ഭാഗമായാണ് സമ്മേളനം. സമുദായദിനാഘോഷത്തിന്റെ പ്രധാന ഊന്നൽ സാമൂഹികനീതിയും തീരദേശ വികസനവുമാണ്. കേരളത്തിന്റെ തീരദേശത്ത് ജനസംഖ്യയുടെ നാലിലൊരുഭാഗം ജനങ്ങൾ അധിവസിക്കുന്നു.

കുടിവെള്ളം, പ്രാഥമിക സൗകര്യങ്ങൾ, റോഡുകൾ, പാലങ്ങൾ, മേൽപ്പാലങ്ങൾ ഉന്നതവിദ്യാഭ്യാസകേന്ദ്രങ്ങൾ തുടങ്ങി തീരജനതയുടെ ആവശ്യങ്ങൾ നിരവധിയാണ്. തിരുവനന്തപുരം പുല്ലുവിളയിലെ ശിലുവമ്മയെ തെരുവുനായ്ക്കൾ കടിച്ചുകീറിക്കൊന്നത് മറക്കാനാവില്ല. തീരദേശത്തെ ജനങ്ങൾക്ക് പ്രാഥമികസൗകര്യംപോലും ലഭ്യമല്ലായെന്ന സത്യമാണ് ഇതു വെളിപ്പെടുത്തുന്നത്.

തീരദേശത്തിന്റെ വികസനത്തിനായി സ്പെഷൽ പാക്കേജ് പ്രഖ്യാപിക്കുകയും നടപ്പിലാക്കുകയും വേണം. കുടിവെള്ളം, ശുചിമുറി, റോഡുകൾ, ഉന്നതവിദ്യാഭ്യാസസ്‌ഥാപനങ്ങൾ എന്നിവ ഈ പാക്കേജ് വഴി തീരദേശത്ത് ഉറപ്പാക്കണം. തീരനിയന്ത്രണ വിജ്‌ഞാപനത്തിലെ (സി.ആർ.ഇസഡ്) അപാകതകൾ പരിഹരിക്കാത്തതുമൂലം മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ഭവനനിർമാണത്തിനുള്ള അവകാശം നഷ്ടപ്പെട്ടിരിക്കുകയാണ്.

കേരളത്തിൽ സി.ആർ.ഇസഡ് നടപ്പിലാക്കിയപ്പോൾ അതിലെ വിവിധ സോണുകളിലെ വേർതിരിവ് തീരജനതയെ പല തട്ടുകളിലാക്കി. കൊച്ചി പോലുള്ള നഗരങ്ങളിൽ തീരത്തോടുചേർന്നു വൻസൗധങ്ങൾ പണിയാമെന്നിരിക്കെ തൊട്ടുചേർന്നുകിടക്കുന്ന ദ്വീപുകളിലും തീരദേശഗ്രാമങ്ങളിലും ഭവനങ്ങളുടെ പുനർനിർമാണം പോലും നിഷേധിക്കപ്പെടുന്നു. കേരളത്തിന്റെ ഭൂപ്രകൃതിയുടെ പ്രത്യേകതകൾക്കനുസരിച്ച് സി.ആർ.ഇസഡ് വിജ്‌ഞാപനത്തിൽ ആവശ്യമായ ഭേദഗതികൾ നടത്താൻ കേന്ദ്രസർക്കാർ തയാറാകണമെന്നും സമ്മേളനം ആവശ്യപ്പെടും.

ഇന്ത്യയിലെ 540 പാർലമെന്റ് മണ്ഡലങ്ങളിൽ 110 എണ്ണം തീരദേശവും മത്സ്യമേഖലയും ഉൾപ്പെടുന്നതാണ്. എന്നാൽ കേന്ദ്രസർക്കാരിൽ ഫിഷറീസ് മന്ത്രാലയം ഇല്ലാത്തതുകൊണ്ട് നയപരവും വികസനപരവുമായ കാര്യങ്ങളിൽ തീരമേഖല പ്രത്യേകിച്ചു മത്സ്യമേഖല അവഗണിക്കപ്പെടുകയാണ്. ഇത് പരിഹരിക്കാൻ കേന്ദ്രത്തിൽ ഫിഷറീസ് മന്ത്രാലയം അത്യന്താപേക്ഷിതം തന്നെ. പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് സഹായകരമാകുന്ന മിനി ഫിഷിംഗ് ഹാർബറുകളിൽ പലതും പൂർത്തീകരിക്കപ്പെടാത്തത് ദൗർഭാഗ്യകരമാണ്. ഫിഷിംഗ് ഹാർബറുകളിലേക്കുള്ള റോഡുകളും സംസ്കരണ വിപണന സംവിധാനങ്ങളും രൂപപ്പെടുത്തണം.

കൊച്ചി നഗരത്തിൽ എട്ടു ഫ്ളൈ ഓവറുകൾ ഉള്ളപ്പോൾ തെക്ക് ഒരു ഫ്ളൈ ഓവർ ഉള്ളത് കായംകുളത്താണ്. തീരത്തെയും നാഷണൽ ഹൈവേയെയും രണ്ടായി വിഭജിക്കുന്ന റയിൽവേ പാളങ്ങൾക്ക് മേല്പാലങ്ങളുണ്ടാകാൻ ഇനി എത്രനാൾ തീരജനത കാത്തിരിക്കണം. തീരത്തേ മാനവവിഭവശേഷി വേണ്ടരീതിയിൽ പരിഗണിക്കപ്പെട്ടിട്ടില്ല. കലാകായികരംഗങ്ങളിൽ പ്രതിഭ തെളിയിച്ചിട്ടുള്ള നിരവധി വ്യക്‌തികൾ തീരദേശത്തുണ്ട്. എന്നാൽ അവർക്ക് വേണ്ട പ്രോത്സാഹനവും പരിഗണനയും ലഭിച്ചിട്ടില്ല. അസാമാന്യ കായിക ശക്‌തിയുള്ള തീരജനതയിൽനിന്നു വ്യക്‌തികളെ തിരഞ്ഞെടുത്ത് പരിശീലിപ്പിച്ചാൽ ദേശീയ അന്തർദേശീയ തലങ്ങളിൽ മികച്ച പ്രതിഭകളെ നമുക്കു ലഭിക്കും.


തീര സംരക്ഷണവും തീരദേശവാസികളുടെ പുനരധിവാസവും ലക്ഷ്യമാക്കി ഐക്യരാഷ്ട്ര സംഘടനയുടെ ഗ്രീൻ ക്ലൈമറ്റ് ഫണ്ടിന്റെ സഹായത്തോടെ കേരളത്തിന്റെ തീരപ്രദേശത്ത് നടപ്പാക്കാൻപോകുന്ന ഹരിതപാത പദ്ധതി കേൾക്കുമ്പോൾ സുഖമുള്ളതാണെങ്കിലും ആശങ്കയുണർത്തുന്നതാണ്. ഈ പദ്ധതിയുടെ ഭാഗമായി തീരത്തേ 35,000 കുടുംബങ്ങളെ മാറ്റി പാർപ്പിക്കുമെന്നാണ് പറയുന്നത്. കടലിൽനിന്ന് 50 മീറ്റർപോലും അകലത്തിലല്ലാതെ വസിക്കുന്നവരാണിവർ. ജനങ്ങളെ മാറ്റിപ്പാർപ്പിക്കുന്നതുമൂലം ലഭ്യമാകുന്ന സ്ഥലത്ത് 35 മീറ്ററിൽ ഗ്രീൻ ബെൽറ്റും 15 മീറ്ററിൽ തീരദേശ റോഡും നിർമിക്കും.

കേരളത്തിന്റെ തെക്കേ അറ്റം മുതൽ വടക്കേ അറ്റംവരെ 520 കിലോമീറ്റർ നീളത്തിലാണ് ഹരിതപാത. 35,000 കുടുംബങ്ങളുടെ പുനരധിവാസവും അവർക്കുവേണ്ടിയുള്ള പാർപ്പിട സമുച്ചയവും ആഴത്തിൽ വിശകലനം ചെയ്യപ്പെടേണ്ടതാണ്. ജനസാന്ദ്രത വളരെ ഉയർന്നുനിൽക്കുന്ന കേരള തീരത്ത് നടപ്പാക്കാനുദ്ദേശിക്കുന്ന പദ്ധതിയുടെ വിശദാംശങ്ങൾ വെളിപ്പെടാനിരിക്കുന്നതേയുള്ളൂ. എങ്കിലും വല്ലാർപാടം അന്താരാഷ്ട്ര കണ്ടെയ്നർ ടെർമിനൽ പദ്ധതിക്കുവേണ്ടി കുടിയൊഴിപ്പിക്കപ്പെട്ട മൂലമ്പിള്ളിയിലെ 316 കുടുംബങ്ങളിൽ 42 കുടുംബങ്ങളുടെ പുനരധിവാസമാണ് എട്ടു വർഷം കഴിഞ്ഞിട്ടും പൂർത്തിയാക്കാനായത്. അങ്ങനെയുള്ള കേരളത്തിൽ 35,000 കുടുംബങ്ങളുടെ പുനരധിവാസം അത്ര സുഗമമെന്നു കരുതാനാവില്ല.

പാർശ്വവത്കരിക്കപ്പെട്ട ജനങ്ങൾക്ക് അധികാരവും മുഖ്യധാരാ പ്രവേശവും സാധ്യമാക്കേണ്ടത് രാഷ്ട്രീയനീതിയുടെ ഭാഗംതന്നെയായി കരുതണം. മണ്ഡൽ കമ്മീഷൻ റിപ്പോർട്ട് ശുപാർശ ചെയ്യുന്ന തീരദേശ പഞ്ചായത്തുകൾ കേരളത്തിൽ രൂപീകരിക്കപ്പടണം.

കേരളത്തിലെ ഇതരജനവിഭാഗങ്ങൾക്കൊപ്പം തീരദേശ ജനതയും നീതിക്ക് അർഹരാണ്. അതു ബോധ്യപ്പെടുന്ന സാമൂഹികനീതിയുടെ നേർകണ്ണാടി അധികാരികളുടെയും പൊതുസമൂഹത്തിന്റെയും മുന്നിലുയർത്തുകയെന്നതാണ് കെആർഎൽസിസി ആലപ്പുഴ സമ്മേളനത്തിന്റെ ലക്ഷ്യം. ഇത് സാമൂഹികനീതിക്കുവേണ്ടിയുള്ള സമരംതന്നെയാണ്.

ഷാജി ജോർജ് (കെആർഎൽസിസി വൈസ് പ്രസിഡന്റ്)
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.