ജോയ് ആലുക്കാസ് ജ്വല്ലറിയിൽനിന്ന് 900 പവൻ കടത്തിയ കേസ്: യുവതി കോടതിയിൽ കീഴടങ്ങി
ജോയ് ആലുക്കാസ് ജ്വല്ലറിയിൽനിന്ന് 900 പവൻ കടത്തിയ കേസ്: യുവതി കോടതിയിൽ കീഴടങ്ങി
Thursday, December 1, 2016 3:58 PM IST
അങ്കമാലി: അങ്കമാലിയിലെ ജോയ് ആലുക്കാസ് ജ്വല്ലറിയിൽ ബില്ലിൽ കൃത്രിമം കാട്ടി 2.35 കോടി രൂപവിലവരുന്ന 900 പവൻ സ്വർണം തട്ടിയെന്ന കേസിൽ പ്രതിയായ യുവതി കോടതിയിൽ കീഴടങ്ങി. തൃപ്പൂണിത്തുറയിൽ സ്വകാര്യ ഫ്ളാറ്റിൽ താമസിക്കുന്ന അങ്കമാലി തുറവൂർ കൃഷ്ണാഞ്ജലിയിൽ ഷർമിള(35)ആണ് ഇന്നലെ അങ്കമാലി ജുഡീഷൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ കീഴടങ്ങിയത്.

അങ്കമാലി പോലീസ് കേസിൽ പ്രതി ചേർത്തതിനെത്തുടർന്ന് ഇവർ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യത്തിന് അപേക്ഷ നൽകിയിരുന്നു. എന്നാൽ, പിന്നീട് അപേക്ഷ പിൻവലിച്ച ഇവർ ഇന്നലെ മജിസ്ട്രേറ്റ് മുമ്പാകെ കീഴടങ്ങുകയായിരുന്നു. പ്രതിയെ കോടതി 14 ദിവസത്തേക്കു റിമാൻഡ് ചെയ്തു കാക്കനാട്ടെ ജില്ലാ വനിതാ ജയിലിലേക്ക് അയച്ചു.

വിശദമായി ചോദ്യംചെയ്യുന്നതിനുവേണ്ടി ഇവരെ കസ്റ്റഡിയിൽ കിട്ടുന്നതിനായി കോടതിയിൽ അപേക്ഷ നൽകുമെന്നു അങ്കമാലി പോലീസ് അറിയിച്ചു. ഇവർ തട്ടിപ്പു നടത്തി കൈക്കലാക്കിയ സ്വർണം എന്തുചെയ്തു എന്നു വ്യക്‌തമല്ല. ആർക്കുവേണ്ടിയാണ് ഇവർ ഇത്രയും സ്വർണം വാങ്ങിയിരിക്കുന്നത് എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.

ഈ കേസിൽ ഷർമിള ഉൾപ്പെടെ നാലു പേരെയാണ് പോലീസ് പ്രതി ചേർത്തിരിക്കുന്നത്. ഇതിൽ ജ്വല്ലറി മാനേജർ ഷൈൻ ജോഷി, അസിസ്റ്റന്റ് മാനേജർ കെ.പി.ഫ്രാങ്കോ, മാൾ മാനേജർ എ.ഡി.പൗലോസ് എന്നിവരെനേരത്തെ അറസ്റ്റുചെയ്തിരുന്നു. ജോയ് ആലുക്കാസ് കേരള റീജൺ മാനേജർ ആഷിക് സേവ്യറിന്റെ പരാതിയിലാണ് ഇവർക്കെതിരെ അങ്കമാലി പോലീസ് കേസെടുത്തത്.


കഴിഞ്ഞ സെപ്റ്റംബർ 20ന് നടത്തിയ ഓഡിറ്റിലാണ് അങ്കമാലി ഷോറൂമിൽ 7202.91 ഗ്രാം സ്വർണത്തിന്റെ കുറവു കണ്ടെത്തിയത്. തുടർന്നുള്ള അന്വേഷണത്തിലാണ് ബില്ലിലും, സ്റ്റോക്കിലും കൃത്രിമം കാട്ടി സ്വർണം കടത്തിയതായി ബോധ്യപ്പെട്ടത്.

കഴിഞ്ഞ ജൂലൈ മുതൽ സെപ്റ്റംബർ വരെയുള്ള വിവിധ ഇടപാടുകളിലാണ് തട്ടിപ്പ് നടത്തിയിരിക്കുന്നത്. ഷർമിള പലവട്ടം ജ്വല്ലറിയിലെത്തി സ്വർണംവാങ്ങുകയും ഇതിന് ചെക്ക് നൽകുകയുമാണ് ചെയ്തിരുന്നത്.

എന്നാൽ, ജ്വല്ലറി മാനേജർ ചെക്ക് ക്ലിയറൻസിന് അയച്ചതായി രേഖയുണ്ടാക്കിയശേഷം ക്ലിയർ ചെയ്യേണ്ടെന്നു ബാങ്കിൽ വിളിച്ചുപറയുകയായിരുന്നു. ഏതാനും ചെക്കുകൾ ക്ലിയറൻസിന് അയച്ചിട്ടുമില്ല. ചില ഇടപാടുകളിൽ ഷർമിള തന്നെ ചെക്ക് ക്ലിയറൻസ് നടത്തേണ്ടെന്ന് ബാങ്കിൽ വിളിച്ചു പറഞ്ഞതായും പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.

സ്വർണം പുറത്തേക്കു കൊണ്ടുപോകുമ്പോൾ തന്നെ ഇതിലെ ബാർ കോഡ് മുറിച്ചുമാറ്റി ജ്വല്ലറിയിൽ സൂക്ഷിച്ചശേഷം തക്കം പോലെ സ്കാൻചെയ്ത് തിരിച്ച് സ്റ്റോക്കിലേക്കു ചേർത്തതായും കണ്ടെത്തിയിരുന്നു.

കംപ്യൂട്ടറിൽ സ്റ്റോക്ക് പരിശോധിക്കുമ്പോൾ കുറവു തോന്നാതിരിക്കാനാണ് ഇങ്ങനെ ചെയ്തിരുന്നത്. മാത്രമല്ല, കേസിൽ പ്രതികളായ ജീവനക്കാർക്ക് തന്നെയായിരുന്നു ഡെയ്ലി സ്റ്റോക്ക് പരിശോധനയുടെ ചുമതലയും. ഷർമിളയും ജ്വല്ലറിയിലെ മൂന്നു ജീവനക്കാരും ചേർന്ന് ആസൂത്രിതമായി തട്ടിപ്പ് നടത്തുകയായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.