അരുവിക്കര കുപ്പിവെള്ളം പദ്ധതി മാർച്ചിൽ തുടങ്ങും: മാത്യു ടി. തോമസ്
അരുവിക്കര കുപ്പിവെള്ളം പദ്ധതി മാർച്ചിൽ തുടങ്ങും: മാത്യു ടി. തോമസ്
Thursday, December 1, 2016 4:14 PM IST
തിരുവനന്തപുരം: അരുവിക്കരയിലെ സംസ്‌ഥാന സർക്കാരിന്റെ കുപ്പിവെള്ളം പദ്ധതി മാർച്ചോടെ ആരംഭിക്കുമെന്നു ജലവിഭവ മന്ത്രി മാത്യു ടി. തോമസ്. ഇക്കാര്യത്തിൽ വകുപ്പു പ്രത്യേക ശ്രദ്ധ ചെലുത്തുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

കുറഞ്ഞ നിരക്കിൽ ജനങ്ങൾക്കു ശുദ്ധജലം ലഭ്യമാക്കുകയെന്നതാണു കുപ്പിവെള്ളം കൊണ്ടു സർക്കാർ ഉദ്ദേശിക്കുന്നത്. സംസ്‌ഥാനം കടുത്ത വരൾച്ചയിലേക്കു നീങ്ങുമോയെന്ന ആശങ്കയുണ്ട്. ഇതു മുൻകൂട്ടിക്കണ്ടുള്ള പദ്ധതികൾക്കാ ണു സർക്കാർ പ്രാമുഖ്യം നൽകുന്നത്. ഇതിന്റെ ഭാഗമായി സംസ്‌ഥാനത്തെ കുഴൽക്കിണറുകളെല്ലാം പ്രവർത്തനക്ഷമമാക്കും. നാൽപതിനായിരത്തോളം കുഴൽക്കിണറുകൾ ഉണ്ടെന്നാണു കണക്ക്. ചുരുങ്ങിയ സമയത്തിനുള്ളിൽ കുഴൽക്കിണറുകളുടെ നവീകരണ പ്രവർത്തനം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. കേരള പത്രപ്രവർത്തക യൂണിയൻ തിരുവനന്തപുരം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച മുഖാമുഖം പരിപാടിയിൽ സംസാരിക്കുകയായിരുന്നു മന്ത്രി.


ഗാർഹിക കണക്ഷനുകൾ വേഗത്തിൽ ലഭിക്കാൻ കേരള വാട്ടർ അഥോറിറ്റിയുടെ നടപടിക്രമങ്ങൾ കൂടുതൽ ലഘൂകരിക്കും. വാട്ടർ കണക്ഷനായി പൊതുപൈപ്പിൽ നിന്നു മീറ്റർ വരെയുള്ള ചെലവ് ആദ്യം സർക്കാർ വഹിച്ച ശേഷം തവണകളായി അതു ഗുണഭോക്‌താക്കളിൽനിന്നു ഈടാക്കാനുള്ള സംവിധാനം സർക്കാർ ആലോചിക്കുന്നുണ്ട്. പ്ലംബർമാർ കണക്ഷനായി ജനങ്ങളിൽനിന്നു വലിയ തുക വാങ്ങുന്നുവെന്ന പരാതി ശ്രദ്ധയിൽപ്പെട്ടതുകൊണ്ടാണ് ഇങ്ങനെയൊരു നടപടി സർക്കാർ ആലോചിക്കുന്നത്.

നിലവാരം കുറഞ്ഞ പൈപ്പുകളാണു നിരന്തരമായ പൊട്ടലിനു കാരണമാകുന്നത്. അതുകൊണ്ട് ഈ പൈപ്പുകളെല്ലാം മാറ്റി സ്‌ഥാപിക്കാനുള്ള നടപടി സർക്കാർ ആരംഭിച്ചിട്ടുണ്ട്. ഇതിനായി 525 കോടി രൂപയാണു മാറ്റിവച്ചിരിക്കുന്നത്. ഈ അഞ്ചു വർഷം കൊണ്ട് എല്ലാ വീടുകളിലും ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കുകയെന്നതാണു സർക്കാരിന്റെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്‌തമാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.