കള്ളപ്പണവേട്ട പൊളിഞ്ഞു, രാജ്യത്തിനു വൻ നഷ്‌ടം: മന്ത്രി തോമസ് ഐസക്
കള്ളപ്പണവേട്ട പൊളിഞ്ഞു, രാജ്യത്തിനു  വൻ നഷ്‌ടം: മന്ത്രി തോമസ് ഐസക്
Thursday, December 1, 2016 4:16 PM IST
തിരുവനന്തപുരം: കള്ളപ്പണവേട്ട എന്ന നിലയിൽ കൊണ്ടുവന്ന നോട്ട് നിരോധനം ഇതിനകംതന്നെ പരാജയപ്പെട്ടിരിക്കുകയാണെന്ന് സംസ്‌ഥന ധനമന്ത്രി തോമസ് ഐസക്. നോട്ടുപിൻവലിക്കലിന്റെ നടത്തിപ്പു ചെലവു മാത്രം 1,28,000 കോടി രൂപ വരുമെന്ന് സെന്റർ ഫോർ മോണിട്ടറിംഗ് ഇന്ത്യൻ ഇക്കോണമി കണ്ടെത്തിയിരിക്കുകയാണ്. പഴയ നോട്ടുകൾ കെട്ടി നീക്കം ചെയ്യുന്നതും പുതിയതിന്റെ അച്ചടിയും പ്രതിസന്ധി തീർക്കാൻ വിമാനത്തിലും ഹെലികോപ്റ്ററിലും ഒക്കെ നോട്ട് വിതരണത്തിന് എത്തിക്കേണ്ടി വന്നതും അടക്കമുള്ള ചെലവാണിതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇതിനു പുറമേയാണ് ഒരു മാസത്തോളമായി ബാങ്കുകളുടെ വായ്പാവിതരണം അടക്കമുള്ള ദൈനംദിന പ്രവത്തനങ്ങൾ തടസപ്പെട്ടിരിക്കുന്നതുമൂലമുള്ള വരുമാനനഷ്‌ടം. സമ്പദ്ഘടനയുടെ വളർച്ചയിൽ ഉണ്ടായിരിക്കുന്ന ഇടിവ് രണ്ടു ശതമാനം എന്നു കണക്കാക്കിയാൽപ്പോലും രണ്ടര ലക്ഷം കോടി രൂപയുടെ നഷ്‌ടം രാജ്യത്തിനുണ്ടാകും. ജനങ്ങൾക്കുണ്ടായ അതിയായ ദുരിതങ്ങൾ വേറെയും.


ഇത്രയൊക്കെ നഷ്‌ടം വരുത്തി നോട്ട് നിരോധിച്ചതുകൊണ്ട് ഒരു ലക്ഷം കോടിയുടെ കള്ളപ്പണം പോലും കണ്ടെത്താൻ കഴിയില്ലെന്ന് ഇതിനകം വ്യക്‌തമായിരിക്കുകയാണ്. നിരോധിച്ച കറൻസിയിൽ 65 ശതമാനവും ഏതാനും ദിവസം മുമ്പുതന്നെ തിരിച്ചെത്തിക്കഴിഞ്ഞു. 95 ശതമാനം വരെ തിരിച്ചെത്താനാണു സാധ്യത. ശേഷിക്കുന്ന അഞ്ചു ശതമാനമാകും കള്ളപ്പണമായി കണ്ടെത്തപ്പെടുക. ഇത് ഒരു ലക്ഷം കോടിയോളമേ വരൂ എന്ന് ഐസക് ചൂണ്ടിക്കാട്ടി.

ഇത്രയൊക്കെയായിട്ടും പ്രധാനമന്ത്രിക്കു മിണ്ടാട്ടമില്ലാത്തതെന്തെന്ന് അദ്ദേഹം ചോദിച്ചു. സർക്കാർ ജനങ്ങളിൽ പരിഭ്രാന്തി പരത്തുകയാണെന്ന ബിജെപി നേതാക്കളുടെ വിമർശനം ശ്രദ്ധയിൽ പെടുത്തിയപ്പോഴാണ് ഇങ്ങനെ പ്രതികരിച്ചത്. തെറ്റുപറ്റിപ്പോയി എന്നു തുറന്നു സമ്മതിക്കുന്നതിനു പകരം കാഷ് ലെസ് ഇക്കോണമി എന്നെല്ലാം പറഞ്ഞു തെറ്റിദ്ധരിപ്പിച്ചു പിടിച്ചുനിൽക്കാൻ നോക്കുകയാണ്.” – ഐസക്ക് പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.