ശമ്പളം: ആദ്യദിനം നോട്ട് ദൗർലഭ്യം ബാധിച്ചു
ശമ്പളം: ആദ്യദിനം നോട്ട് ദൗർലഭ്യം ബാധിച്ചു
Thursday, December 1, 2016 4:16 PM IST
തിരുവനന്തപുരം: ശമ്പള–പെൻഷൻ വിതരണത്തിന്റെ ആദ്യദിനം നോട്ട് ദൗർലഭ്യം ബാധിച്ചു. വരുംദിവസങ്ങളിൽ ആവശ്യത്തിനു നോട്ട് ലഭിച്ചില്ലെങ്കിൽ സ്‌ഥിതി ആശങ്കാജനകമാകുമെന്നു ധനമന്ത്രി ഡോ. തോമസ് ഐസക് പറഞ്ഞു.

ഇന്നലെ ശമ്പളം, പെൻഷൻ വിതരണത്തിനായി ട്രഷറിയിൽനിന്ന് ആവശ്യപ്പെട്ടത് 167 കോടി രൂപയായിരുന്നെങ്കിലും ലഭിച്ചത് 111 കോടി രൂപ മാത്രമായിരുന്നു. ആവശ്യപ്പെട്ടതിൽ 56 കോടി രൂപ കുറച്ചാണു ലഭിച്ചത്. സംസ്‌ഥാനത്തെ 222 ട്രഷറികളിൽ 12 എണ്ണത്തിൽ ഒരു രൂപ പോലും ലഭിച്ചില്ല. നഗരങ്ങളിൽ സ്‌ഥിതി താരതമ്യേന ഭേദമായിരുന്നു. ട്രഷറിയിൽ ആവശ്യത്തിനു പണം ലഭിച്ചതിനാൽ തിരുവനന്തപുരത്ത് പെൻഷൻ വിതരണത്തിൽ ആദ്യദിവസം പ്രശ്നമുണ്ടായില്ല.

കേന്ദ്രം എത്തിച്ച 111 കോടി രൂപയും ട്രഷറിയിൽ ഉണ്ടായിരുന്ന മിച്ചവും ഉൾപ്പെടെ മൊത്തം 122 കോടി രൂപ ഇന്നലെ വിതരണം ചെയ്തു. ഇനി ട്രഷറിയിൽ 12 കോടി രൂപ മാത്രമാണു മിച്ചമുള്ളത്. ട്രഷറികൾക്കു മാത്രം 250– 300 കോടി രൂപ ലഭിച്ചാലേ ഇന്നത്തെ ശമ്പളവും പെൻഷനും വിതരണം ചെയ്യാൻ സാധിക്കൂ എന്നു ധനവകുപ്പ് അറിയിച്ചു.

4.35 ലക്ഷം പെൻഷൻകാരിൽ 59,000 പേർക്കു മാത്രമാണ് ഇന്നലെ പെൻഷൻ നൽകിയത്. ചെറിയ പെൻഷൻകാരാണ് ഇന്നലെ പെൻഷൻ വാങ്ങിയവരിലേറെയും.

സംസ്‌ഥാനത്തെ വിവിധ ട്രഷറികൾക്കു പണം എത്തിച്ചു നൽകുന്ന എസ്ബിടി, എസ്ബിഐ, കനറ ബാങ്ക് എന്നിവയ്ക്കായി ഇന്നലെ ആയിരം കോടി രൂപയുടെ നോട്ട് ലഭിച്ചു. എന്നാൽ, ഈ തുക ഇവരുടെ സ്വന്തം ആവശ്യത്തിനു തന്നെ തികയാത്ത സാഹചര്യത്തിലാണ് ട്രഷറികൾക്ക് ആവശ്യപ്പെട്ട മുഴുവൻ തുകയും നൽകാൻ സാധിക്കാതെ വന്നതെന്നാണു മനസിലാകുന്നത്. എസ്ബിടിക്ക് 500 കോടി, എസ്ബിഐക്ക് 300 കോടി, കനറ ബാങ്കിന് 200 കോടി എന്നിങ്ങനെയാണ് ഇന്നലെ ലഭിച്ചത്.

ഒരാൾക്ക് 24,000 രൂപ വീതം നൽകാൻ ആവശ്യമായ നോട്ട് എത്തിച്ചേ മതിയാകൂ എന്നു ധനമന്ത്രി ഡോ. തോമസ് ഐസക് പറഞ്ഞു. 24,000 രൂപ ഓരോരുത്തരുടെയും അവകാശമാണ്. അതു നിഷേധിക്കാൻ സർക്കാരിനാവില്ല. ട്രഷറിയിൽ കിട്ടിയ പണത്തിലെ കുറവു പരിഗണിച്ച് ട്രഷറി ഉദ്യോഗസ്‌ഥർ സ്വന്തം നിലയ്ക്കു തീരുമാനിച്ച് ആരുടെയും തുകയിൽ കുറവു വരുത്താൻ പാടില്ലെന്നു കർശനനിർദേശം നൽകിയിട്ടുണ്ടെന്നു മന്ത്രി പറഞ്ഞു.


ഒന്നാം തീയതി രാവിലെ ട്രഷറിക്ക് 500 കോടി രൂപ നോട്ടായി നൽകാമെന്നു റിസർവ് ബാങ്കും വാണിജ്യബാങ്ക് അധികൃതരും സമ്മതിച്ചിരുന്നതാണ്. എന്നാൽ, നോട്ട് ദൗർലഭ്യത്തിന്റെ പേരിൽ അധികൃതർ ബുദ്ധിമുട്ട് അറിയിച്ചതിനെത്തുടർന്നു നടന്ന ചർച്ചയിൽ, ആദ്യദിവസം അന്നത്തെ ആവശ്യത്തിനുള്ള രൂപ എത്തിച്ചുകൊള്ളാം എന്നു സമ്മതിച്ചു. എന്നാൽ, ആവശ്യമായ 160 കോടി രൂപയിൽ ഇന്നലെ നൽകിയത് 111 കോടി രൂപ മാത്രമാണ്.

ബാങ്കുകളിലും പണദൗർലഭ്യം തുടരുകയാണ്. ഒന്നുരണ്ടു ദിവസങ്ങൾക്കകം റിസർവ് ബാങ്കിൽ കൂടുതൽ പണം എത്തുമെന്നാണു ബാങ്കുകൾക്കു ലഭിച്ചിരിക്കുന്ന വിവരം. അങ്ങനെ എത്തുന്നില്ലെങ്കിൽ വരുംദിവസങ്ങളിൽ പ്രതിസന്ധി രൂക്ഷമാകും. ബാങ്കുകളിൽനിന്നു പണം മാറുന്ന സർക്കാർ ജീവനക്കാരും അർധ സർക്കാർ, പൊതുമേഖലാ ജീവനക്കാരും കേന്ദ്ര സർക്കാർ ജീവനക്കാരുമെല്ലാം ഈ ദിവസങ്ങളിൽ ബാങ്കുകളിൽ എത്തുന്നതോടെ നോട്ട് ദൗർലഭ്യം ഗുരുതരമായ പ്രതിസന്ധി സൃഷ്‌ടിക്കുമെന്നാണു വിലയിരുത്തൽ. സ്വകാര്യമേഖലയിൽനിന്നുള്ള ശമ്പളക്കാരും ഈ ദിവസങ്ങളിൽ പണം പിൻവലിക്കാൻ ബാങ്കുകളിൽ എത്തും. ഇവർക്ക് ഒരാഴ്ച പിൻവലിക്കാവുന്ന 24,000 രൂപ വീതം നൽകുന്നതിന് ആവശ്യമായ പണം ഇപ്പോൾ ബാങ്കുകളിൽ കരുതലില്ല.

ജീവനക്കാർക്കും പെൻഷൻകാർക്കും അക്കൗണ്ടുള്ള ട്രഷറിയിൽ പണം ഇല്ലെങ്കിൽ പണമുള്ള ഏതു ട്രഷറിയിൽനിന്നും ചെക്ക് നൽകി 24,000 രൂപ വരെ പിൻവലിക്കാമെന്നു ധനമന്ത്രി അറിയിച്ചു. ബാങ്കുകളിലെപ്പോലെ ട്രഷറികളിലും ഇപ്പോൾ കോർ ബാങ്കിംഗ് സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. അതിനാൽ ചെക്ക് നൽകി പണം പിൻവലിക്കാൻ മുമ്പത്തെപ്പോലെ അക്കൗണ്ടുള്ള ശാഖയിൽത്തന്നെ പോകണമെന്നില്ലെന്നും അടുത്തുള്ള ഏതു ട്രഷറി ശാഖയിൽ പണമുണ്ട് എന്ന് ഉദ്യോഗസ്‌ഥർ പറഞ്ഞുകൊടുക്കുമെന്നും മന്ത്രി അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.