ജീവനോടുള്ള ക്രൂരത അവസാനിപ്പിക്കണം: ഡോ. തോമസ് മാർ കൂറിലോസ്
ജീവനോടുള്ള ക്രൂരത അവസാനിപ്പിക്കണം:  ഡോ. തോമസ് മാർ കൂറിലോസ്
Friday, December 2, 2016 4:07 PM IST
കൊടകര: ഭ്രൂണഹത്യ, ദയാവധം എന്നിവയിലൂടെ മനുഷ്യജീവനോടുള്ള ക്രൂരത അവസാനിപ്പിക്കണമെന്നും ജീവൻ സംരക്ഷിക്കണമെന്നും തിരുവല്ല ആർച്ച്ബിഷപ് തോമസ് മാർ കൂറിലോസ്. ഇരിങ്ങാലക്കുട രൂപത ഫാമിലി അപ്പസ്തോലേറ്റും ജീസസ് യൂത്ത് പ്രോലൈഫ് മിനിസ്ട്രിയും സംയുക്‌തമായി നടത്തുന്ന “ല വീത്ത’ കോൺഫറൻസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ബിഷപ്. ദൈവദാനമായ ജീവൻ സംരക്ഷിക്കണം. ജീവനെ ഹനിക്കുന്ന മാർഗങ്ങളെല്ലാം പൂർണമായും ഒഴിവാക്കണം. മനുഷ്യനെ പരീക്ഷണവസ്തുവാക്കുന്ന ക്ലോണിംഗ് ആധുനികകാലത്തെ ഒരു അസാന്മാർഗികമായ പ്രവണതയാണ്. ജീവനെ ബഹുമാനത്തോടും ശ്രേഷ്ഠതയോടും കണക്കാക്കുന്ന ഒരു സംസ്കാരം രൂപപ്പെടണം: ആർച്ച്ബിഷപ് കൂട്ടിച്ചേർത്തു.

പവിത്രവും അമൂല്യവുമായ മനുഷ്യജീവൻ കൃത്രിമമായി രൂപപ്പെടുത്താനാവില്ലെന്നും അതു നല്കപ്പെടുമ്പോൾ പരിപാലിക്കേണ്ട ചുമതല മനുഷ്യർക്കുണ്ടെന്നും അധ്യക്ഷപ്രസംഗത്തിൽ രൂപത വികാരി ജനറാൾ മോൺ. ജോബി പൊഴോലിപ്പറമ്പിൽ പറഞ്ഞു.


ഫാ. ഷിനാൻ ബൊക്കെ, റവ.ഡോ. ജോജി കല്ലിങ്ങൽ, കെസിബിസി പ്രോ ലൈഫ് പ്രസിഡന്റ് ജോർജ് എഫ്. സേവ്യർ, ജീസസ് യൂത്ത് നാഷണൽ ടീം കോ ഓഡിനേറ്റർ ചാൾസ് ബാസ്റ്റ്യൻ, ഡോ. റെജു വർഗീസ്, സഹൃദയ എൻജിനിയറിംഗ് കോളജ് ഡയറക്ടർ ഫാ. ആന്റു ആലപ്പാടൻ എന്നിവർ സംസാരിച്ചു.

കൊടകര സഹൃദയ എൻജിനീയറിംഗ് കോളജ് ഓഡിറ്റോറിയത്തിൽ നടക്കുന്ന കോൺഫറൻസിൽ ഭാരതത്തിലെ വിവിധ പ്രോ ലൈഫ് പ്രവർത്തകർ, ആശുപത്രി മേധാവികൾ, ഡോക്ടർമാർ, നഴ്സുമാർ, ദമ്പതിമാർ, പ്രഫഷണൽ വിദ്യാർഥികൾ തുടങ്ങി അഞ്ഞൂറോളം പ്രതിനിധികളാണ് പങ്കെടുക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.