എയ്ഡഡ് സ്കൂൾ നിയമനം അധ്യാപക ബാങ്കിൽ നിന്നാക്കാനുള്ള നീക്കം എതിർക്കും: എൻഎസ്എ്
എയ്ഡഡ് സ്കൂൾ നിയമനം അധ്യാപക ബാങ്കിൽ  നിന്നാക്കാനുള്ള നീക്കം എതിർക്കും: എൻഎസ്എ്
Friday, December 2, 2016 4:18 PM IST
ചങ്ങനാശേരി: കെഇആർ ചട്ടത്തിൽ മന്ത്രിസഭ വരുത്തിയ ഭേദഗതിപ്രകാരം എയ്ഡഡ് സ്കൂൾ നിയമനം അധ്യാപക ബാങ്കിൽ നിന്നാക്കാനുള്ള നടപടിയെ എതിർക്കുമെന്ന് നായർസർവീസ് സൊസൈറ്റി ജനറൽസെക്രട്ടറി ജി. സുകുമാരൻ നായർ.

കേരളാ വിദ്യാഭ്യാസ ചട്ടത്തിൽ കഴിഞ്ഞ ദിവസം മന്ത്രിസഭ വരുത്തിയ ഭേദഗതികൾ സംസ്‌ഥാനത്തു നിലവിലുള്ള എയ്ഡഡ് സ്കൂൾ മാനേജ്മെന്റുകളെ രണ്ടുതട്ടിലാക്കാൻ മാത്രമേ ഉപകരിക്കുവെന്ന് സുകുമാരൻ നായർ കൂട്ടിച്ചേർത്തു.

എയ്ഡഡ് സ്കൂളുകളിൽ 85 ശതമാനവും നടത്തുന്ന ന്യൂനപക്ഷ മാനേജ്മെന്റുകൾക്ക് ഇപ്പോൾ വരുത്തിയിട്ടുളള ഭേദഗതികൾ ബാധകമല്ല. ന്യൂനപേക്ഷതര മാനേജ്മെൻുകൾ നടത്തുന്ന 15 ശതമാനം സ്കൂളുകൾക്കു മാത്രമാണ് ഈ ഭേദഗതികൾ ബാധകമാകുന്നതെന്നുമാണ് അറിയാൻ കഴിഞ്ഞതെന്നും ഇതു സാമാന്യ നീതിക്കും യുക്‌തിക്കും നിരക്കാത്തതാണെന്നും സുകുമാരൻ നായർ ചൂണ്ടിക്കാട്ടി

എയ്ഡഡ് സ്കൂളുകളുടെ നടത്തിപ്പ് സംബന്ധിച്ച് ഗവൺമെന്റും മാനേജ്മെന്റുകളും തമ്മിൽ ദശാബ്ദങ്ങളായി നിലനിന്നുപോരുന്ന ധാരണയ്ക്കു കടക വിരുദ്ധവും വിവേചനപരവുമായ ഈ തീരുമാനങ്ങളോട് ഒരുതരത്തിലും യോജിക്കാൻ സാധ്യമല്ലന്നും സുകുമാരൻ നായർ കൂട്ടിച്ചേർത്തു.

യുഡിഎഫ് സർക്കാർ കഴിഞ്ഞ ജനുവരിയിൽ ഇതുസംബന്ധിച്ച് ഉത്തരവിറക്കിയിരുന്നു. അന്ന് എൻഎസ്എസ് ഫയൽ ചെയ്ത കേസ് ഹൈക്കോടതിയിൽ നിലനിൽക്കുകയാണ്. ഈ സർക്കാരിന്റെ ഇപ്പേഴത്തെ ഭേദഗതി പിൻവലിക്കാത്ത പക്ഷം വീണ്ടും കോടതിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു.


വിവിധ മാനേജ്മെന്റുകളിൽ അധികം വരുന്ന അധ്യാപകരെ അധികം അധ്യാപകർ ഇല്ലാത്ത മാനേജ്മെന്റുകൾ ആണെങ്കിൽ കൂടി ഉൾക്കൊള്ളണമെന്നു പറയുന്നത് ഗവൺമെന്റ് നിർദേശങ്ങൾ പാലിച്ചു സുതാര്യമായി നിയമനങ്ങൾ നടത്തി വരുന്ന മാനേജ്മെന്റുകളോടു കാണിക്കുന്ന അനീതിയാണ്.

നിയമന നിരോധനം നിലനിൽക്കെ 2006 മുതലുളള കാലഘട്ടത്തിൽ നിയമാനുസൃതമല്ലാതെ ചില മാനേജ്മെന്റുകൾ നടത്തിയ നിയമനങ്ങളിൽക്കൂടി അധികമായി വന്ന അധ്യാപകർക്ക് സംരക്ഷണം നല്കാൻ ഗവൺമെന്റ് കാണിക്കുന്ന വ്യഗ്രതയാണ് ഇത്തരത്തിലുളള ഒരു സ്‌ഥിതിവിശേഷം സംജാതമാക്കിയത്. ഭാവിയിൽ ഉണ്ടാകുന്ന എല്ലാ ഒഴിവുകളിലും ആദ്യം അധ്യാപക ബാങ്കിൽ നിന്നുളള സംരക്ഷിതരെ നിയമിക്കുകയും രണ്ടാമതു വരുന്ന വേക്കൻസിയിൽ ആളുകളെ മാനേജ്മെന്റ് നിയമിക്കുകയും ചെയ്യുക എന്നുളള രീതിയാണ് മാധ്യമങ്ങളിൽ നിന്നും മനസിലാകുന്നത്.

1979നു ശേഷം അംഗീകാരം ലഭിച്ച സ്കൂളുകളിൽ ഒരു തസ്തിക സംരക്ഷിത അധ്യാപകനുവേണ്ടി നല്കാമെന്നാണ് മാനേജ്മെന്റുകൾ കരാർ ഒപ്പിട്ടത്. 1979നു മുമ്പ് അംഗീകാരം ലഭിച്ച സ്കൂളുകളിലും ഈ നിയമ പ്രകാരം 1:1 എന്ന അനുപാതത്തിൽ നിയമനം നടത്തണം എന്നാണ് പുതിയ തീരുമാനമെന്നുമറിയുന്നു. എല്ലാ വർഷവും സ്റ്റാഫ് ഫിക്സേഷൻ നടത്തേണ്ടതില്ല എന്നു പറയുന്നതും ക്രമവിരുദ്ധമാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.