അന്താരാഷ്ട്ര ചലച്ചിത്രമേള ഒമ്പതു മുതൽ
അന്താരാഷ്ട്ര ചലച്ചിത്രമേള ഒമ്പതു മുതൽ
Friday, December 2, 2016 4:18 PM IST
തിരുവനന്തപുരം: കേരളത്തിന്റെ 21–ാംമതു അന്തരാഷ്ട്ര ചലച്ചിത്രമേള ഈ മാസം ഒൻപതു മുതൽ 16 വരെ തിരുവനന്തപുരത്തു നടക്കും. മേള ഒൻപതിനു വൈകുന്നേരം ആറു മണിക്കു തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുമെന്നു സാംസ്കാരിക മന്ത്രി എ.കെ. ബാലൻ അറിയിച്ചു.

വിശിഷ്‌ടാതിഥിയായി പ്രശസ്ത നടൻ അമോൽ പലേക്കർ പങ്കെടുക്കും. 62 രാജ്യങ്ങളിൽ നിന്നുള്ള 185 ചിത്രങ്ങളാണു അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ പ്രദർശിപ്പിക്കുന്നത്. അന്തരാഷ്ട്ര മത്സരവിഭാഗത്തിൽ 15 സിനിമകളും ലോക സിനിമാ വിഭാഗത്തിൽ 81 സിനിമകളും പ്രദർശിപ്പിക്കും. തിരുവനന്തപുരത്തെ 13 തിയറ്ററുകളിലാണു ചിത്രങ്ങൾ പ്രദർശിപ്പിക്കുന്നത്. ദിവസേന വൈകുന്നേരം ആറിനും എട്ടിനും പത്തിനുമാണു പ്രദർശനങ്ങൾ.

ചലച്ചിത്രമേളയോടനുബന്ധിച്ചു വിഖ്യാത ചെക്കോസ്ലോവാക്യൻ സംവിധായകൻ ജിറിമെൻസിലിനു ലൈഫ്ടൈം അച്ചീവ്മെന്റ് അവാർഡ് നൽകും.

ഉദ്ഘാടന സമ്മേളനത്തിൽ ഫെസ്റ്റിവെൽ ബുക് മന്ത്രി ഡോ. തോമസ് ഐസക് മേയർ വി.കെ. പ്രശാന്തിനു നൽകി പ്രകാശനം ചെയ്യും. ശശി തരൂർ എംപി, സുരേഷ് ഗോപി എംപി, കെ. മുരളീധരൻ എംഎൽഎ എന്നിവർ പങ്കെടുക്കും.


13 തിയറ്ററുകൾക്കു പുറമേ നിശാഗന്ധി ഓഡിറ്റോറിയത്തിൽ 2500 പേർക്കു സിനിമാ കാണാനുള്ള അവസരം ഒരുക്കിയിട്ടുണ്ട്. എല്ലാ തിയറ്ററുകളിലും കൂടി 9000 സീറ്റുകളുണ്ട്. ആകെ 16,767 പ്രതിനിധികൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 11000 പേർ പണമടച്ചു. 16–നു വൈകുന്നേരം ആറിനു നിശാഗന്ധി ഓഡിറ്റോറിയത്തിൽ മേളയുടെ സമാപന സമ്മേളനത്തിൽ അവാർഡ് വിതരണം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.

അവാർഡ് നിർണയിക്കാൻ മൂന്നു വിഭാഗങ്ങളിലായി അന്താരാഷ്ട്ര ജൂറിയെ നിശ്ചയിച്ചിട്ടുണ്ട്. അന്താരാഷ്ട്രമത്സര വിഭാഗം, നെറ്റ്പാക്, ഫിപ്രസി എന്നീ വിഭാഗങ്ങളിലാണ് അവാർഡ്.

മേള മികച്ച രീതിയിൽ റിപ്പോർട്ട് ചെയ്യുന്ന മാധ്യമങ്ങൾക്കു മീഡിയാ അവാർഡും മികച്ച തിയറ്ററിനും അവാർഡ് നൽകും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.