ക്വാറികൾക്കു പാരിസ്‌ഥിതികാനുമതി നൽകണം: കോൺട്രാക്ടേഴ്സ് അസോസിയേഷൻ
Saturday, December 3, 2016 1:34 PM IST
കൊച്ചി: അപകടരഹിത ഖനനവും പുനരുപയോഗവും ഉറപ്പുവരുത്തി ക്വാറികൾക്കു പ്രവർത്തനാനുമതി നൽകണമെന്നു കേരള ഗവൺമെന്റ് കോൺട്രാക്ടേഴ്സ് അസോസിയേഷൻ ഭാരവാഹികൾ പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു.

സുപ്രീംകോടതി വിധിയുടെ അടിസ്‌ഥാനത്തിൽ പാരിസ്‌ഥിതികാനുമതി ലഭിച്ച കേരളത്തിലെ 60 ക്വാറികൾ ഒഴികെയുള്ളവയുടെ പ്രവർത്തനം നിലയ്ക്കുന്നതു നിർമാണ മേഖലയ്ക്കു കനത്ത ആഘാതമാകും. ആഡംബര നിർമാണങ്ങൾക്കു നിയന്ത്രണമില്ലാത്ത സാഹചര്യത്തിൽ ഖനനത്തെ മാത്രം നിയന്ത്രിക്കുന്നതു പ്രായോഗികമല്ലെന്നും അവർ അഭിപ്രായപ്പെട്ടു.

ഇതോടൊപ്പം നിയമാനുസൃതമായ സർവീസ് ടാക്സ് ബാധ്യത നിർമിതികളുടെ ഉടമസ്‌ഥർ ഏറ്റെടുക്കണം. അല്ലാത്ത സാഹചര്യത്തിൽ കോൺട്രാക്ടർമാർക്കു കനത്ത നഷ്‌ടം വരുത്തി വയ്ക്കും. ഇതിനു തയാറായില്ലെങ്കിൽ അസോസിയേഷൻ നിയമനടപടി സ്വീകരിക്കുമെന്നും സംഘടന സംസ്‌ഥാന പ്രസിഡന്റ് വർഗീസ് കണ്ണമ്പള്ളി അറിയിച്ചു. ദേശവത്കൃത ബാങ്കുകളും ഷെഡ്യൂൾഡ് ബാങ്കുകളും ഈടാക്കുന്ന നിരക്കിൽ വായ്പകളും ബിൽ ഡിസ്കൗണ്ടിംഗും കരാറുകാർക്കു ലഭ്യമാക്കാൻ സംസ്‌ഥാന സഹകരണ ബാങ്കുകളും ജില്ലാ ബാങ്കുകളും തയാറാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


പത്രസമ്മേളനത്തിൽ ജില്ലാ പ്രസിഡന്റ് കെ.ഡി. ജോർജ്, കെ.കെ. രാധാകൃഷ്ണൻ, കെ.ഇ. ജൻസൺ തുടങ്ങിയവരും പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.