മാവോവാദികളെ പിന്തുണച്ച് സിപിഎമ്മിനെ ദുർബലമാക്കാൻ നീക്കം: കോടിയേരി
മാവോവാദികളെ പിന്തുണച്ച് സിപിഎമ്മിനെ ദുർബലമാക്കാൻ നീക്കം: കോടിയേരി
Saturday, December 3, 2016 1:55 PM IST
തളിപ്പറമ്പ്: മാവോവാദികളെ പിന്തുണയ്ക്കുന്നവരുടെ ലക്ഷ്യം സിപിഎമ്മിനെ ദുർബലപ്പെടുത്തുകയെന്നതാണെന്നു സിപിഎം സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. വലതുപക്ഷ ശക്‌തികളാണു ഇതിനുപിന്നിലെന്നും അദ്ദേഹം പറഞ്ഞു. എൻ.സി.ശേഖർ സ്മാരക പുരസ്കാര സമർപ്പണം തളിപ്പറമ്പ് മൊറാഴയിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.

മാവോവാദികളെ ഉപയോഗിച്ചു മേൽക്കൈ നേടുകയാണു വലതുപക്ഷ ശക്‌തികൾ ലക്ഷ്യമിടുന്നത്. ഈ സ്‌ഥിതി തന്നെയാണു ബംഗാളിലും ഉണ്ടായത്. ഇടതുപക്ഷത്തെ തകർക്കുകയെന്ന ഗൂഢതന്ത്രമാണ് ഇവർക്കുള്ളതെന്നും കോടിയേരി പറഞ്ഞു. കോർപറേറ്റുകളെ സഹായിക്കാനാണു മോദി കറൻസികൾ പിൻവലിച്ചത്. കുത്തകകൾ അതിനുമുമ്പു തന്നെ നിക്ഷേപങ്ങൾ പുറത്തേക്കൊഴുക്കിയതായും കോടിയേരി കുറ്റപ്പെടുത്തി. എൻ.സി.ശേഖർ പുരസ്കാരം പ്രമുഖ സംവിധായകൻ ഷാജി എൻ.കരുൺ ഏറ്റുവാങ്ങി. എൻ.പ്രഭാവർമ പുരസ്കാര ജേതാവിനെ പരിചയപ്പെടുത്തി. സിപിഎം സംസ്‌ഥാന സെക്രട്ടേറിയറ്റംഗം എം.വി.ഗോവിന്ദൻ അധ്യക്ഷതവഹിച്ചു. ജയിംസ് മാത്യു എംഎൽഎ, പി.മുകുന്ദൻ, പി.കെ.ശ്യാമള എന്നിവർ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.