ഭിന്നശേഷിക്കാർക്കായി തിരിച്ചറിയൽ കാർഡ് നടപ്പാക്കും
ഭിന്നശേഷിക്കാർക്കായി തിരിച്ചറിയൽ കാർഡ് നടപ്പാക്കും
Saturday, December 3, 2016 1:55 PM IST
കണ്ണൂർ: സംസ്‌ഥാനത്തെ 7,93,000 ലേറെ ഭിന്നശേഷിക്കാർക്കു രാജ്യത്തെവിടെയും ആനുകൂല്യങ്ങൾ ലഭിക്കാനുതകുംവിധം പ്രത്യേക തിരിച്ചറിയൽ കാർഡ് രണ്ടു മാസത്തിനകം വിതരണം ചെയ്യുമെന്ന് ആരോഗ്യമന്ത്രി കെ.കെ.ഷൈലജ. ഭിന്നശേഷി ദിനാഘോഷ പരിപാടികളുടെ സംസ്‌ഥാനതല ഉദ്ഘാടനം കണ്ണൂരിൽ നിർവഹിക്കുകയായിരുന്നു മന്ത്രി. ഭിന്നശേഷിക്കാരായ ചിലർ പ്രത്യേക കഴിവുള്ളവരാണ്. ഇവരുടെ കഴിവുകൾ ഉയർത്തിക്കൊണ്ടുവന്ന് പൊതുസമൂഹത്തിനു പ്രയോജനപ്പെടുത്തുന്നതിനു സാമൂഹികനീതി വകുപ്പ് പ്രത്യക പദ്ധതികൾ നടപ്പാക്കും.

179 ദിവസം തുടർച്ചയായി ജോലിചെയ്യുന്ന ഭിന്നശേഷി വിഭാഗത്തിൽപ്പെട്ട താത്കാലിക ജീവനക്കാരെ സ്‌ഥിരപ്പെടുത്തും. ഇതിനകം 91 പേരെ ഇത്തരത്തിൽ സ്‌ഥിരപ്പെടുത്തിയിട്ടുണ്ട്. അസുഖവും മറ്റും കാരണം 179 ദിവസം തികയ്ക്കാൻ കഴിയാത്തവർ സർക്കാരിനു നിവേദനം നൽകിയിട്ടുണ്ട്. ഇക്കാര്യം പരിശോധിച്ചു പ്രത്യേക റിപ്പോർട്ട് തയാറാക്കാൻ നിർദേശം നൽകിയിട്ടുണ്ട്. അർഹരായവരെ സ്‌ഥിരപ്പെടുത്തും. ഭിന്നശേഷിക്കാർക്കുള്ള മൂന്നു ശതമാനം സംവരണം പൂർണമായും നടപ്പാക്കും. പിഎസ്സി ലിസ്റ്റിൽ ആദ്യപരിഗണന ഭിന്നശേഷിയുള്ളവർക്കാണ്. ജനുവരിയിൽ മലബാറിൽ കേന്ദ്രസർക്കാർ സഹായത്തോടെ ഭിന്നശേഷിക്കാർക്കായി മെഗാ മെഡിക്കൽ ക്യാമ്പ് നടത്തും. മുഖ്യമന്ത്രിയെ പങ്കെടുപ്പിച്ചു നടത്തുന്ന ക്യാമ്പിൽ 50 ലക്ഷം രൂപയുടെ ഉപകരണങ്ങൾ വിതരണം ചെയ്യും. നേരത്തേ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നടത്തിയ ഭിന്നശേഷി നിർണയ ക്യാമ്പുകളിലൂടെ തെരഞ്ഞെടുക്കപ്പെട്ടവർക്കാണ് ഉപകരണങ്ങൾ നൽകുക. ഉപകരണങ്ങൾ വാങ്ങുന്നതിനായി അലിംകോയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

വികലാംഗക്ഷേമ കോർപറേഷനിൽ ഭിന്നശേഷിയുള്ളയാളെ തന്നെ ആദ്യമായി ചെയർമാനായി നിയമിച്ചത് ഈ സർക്കാരാണ്. അഡ്വ.പരശുവയ്ക്കൽ മോഹനനാണു ചെയർമാൻ. അഞ്ചു ശതമാനം പലിശയ്ക്കു കോർപറേഷൻ വായ്പകൾ നൽകും.


ശ്രുതിതരംഗം പദ്ധതിയിലുൾപ്പെടുത്തി പ്രത്യേക ക്യാമ്പുകൾ സംഘടിപ്പിക്കും. ശ്രവണവൈകല്യമുള്ള കുട്ടികൾക്കു ചുരുങ്ങിയ ചെലവിൽ കോക്ലിയർ ഇംപ്ലാന്റേഷൻ ശസ്ത്രക്രിയ നടത്തുന്നതിനുള്ള പ്രത്യേക യൂണിറ്റ് കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവർത്തനം തുടങ്ങിയിട്ടുണ്ട്. ഇതിനകം 38 പേർക്കു സേവനം ലഭിച്ചതായും മന്ത്രി അറിയിച്ചു. ബാക്കിയുള്ളവർക്കു താമസിയാതെ ശസ്ത്രക്രിയ നടത്തും.

സംസ്‌ഥാനത്തെ വയോജനങ്ങൾ വീടുകളിലും വൃദ്ധസദനങ്ങളിലും എങ്ങനെയാണു കഴിയുന്നതെന്നു പഠിക്കുന്നതിന് സംസ്‌ഥാനതലത്തിൽ സാമൂഹ്യനീതി വകുപ്പ് സർവേ നടത്തും. ജില്ലയിൽ ഒന്ന് എന്ന രീതിയിൽ വൃദ്ധസദനങ്ങളെ ആധുനികവത്കരിക്കുന്ന പൈലറ്റ് പദ്ധതി നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.

ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുമേഷ് അധ്യക്ഷത വഹിച്ചു. പി.കെ.ശ്രീമതി എംപി മുഖ്യാതിഥിയായിരുന്നു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.പി.ദിവ്യ, ഭാസ്കരൻ മാസ്റ്റർ, ടി.ടി.റംല, കെ.പി.ജയബാലൻ. അഡ്വ.ലിഷ ദീപക് തുടങ്ങിയവർ പ്രസംഗിച്ചു.

ഭിന്നശേഷിക്കാർക്കായി ഇൻഷ്വറൻസ് പദ്ധതി: മന്ത്രി ശൈലജ

കണ്ണൂർ: ഭിന്നശേഷിക്കാർക്കു പ്രത്യേക ഇൻഷ്വറൻസ് പദ്ധതി നടപ്പാക്കുമെന്നു മന്ത്രി കെ.കെ.ശൈലജ. ഒരാൾക്ക് രണ്ടു ലക്ഷം രൂപയുടെ ചികിത്സാസഹായം ലഭിക്കുന്നതാണു പദ്ധതിയെന്നും മന്ത്രി പറഞ്ഞു. ലോക ഭിന്നശേഷി ദിനാഘോഷ പരിപാടികളുടെ സംസ്‌ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. പ്രീമിയം അടയ്ക്കാൻ കഴിവില്ലാത്ത ഭിന്നശേഷിക്കാരുടെ തുക സാമൂഹികനീതി വകുപ്പ് ഏറ്റെടുക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.