ശബരിമല വനമേഖലയിൽനിന്ന് വെടിമരുന്നു പിടിച്ചെടുത്തു
ശബരിമല വനമേഖലയിൽനിന്ന് വെടിമരുന്നു പിടിച്ചെടുത്തു
Saturday, December 3, 2016 2:01 PM IST
ശബരിമല: സന്നിധാനത്തെ വനമേഖലയിൽ സൂക്ഷിച്ച 360 കിലോ വെടിമരുന്ന് കണ്ടെത്തി. ശബരിപീഠത്തിൽനിന്നു വനത്തിനകത്ത് ഏറെ മാറിയാണ് ഇവ സൂക്ഷിച്ചിരുന്നത്. 30 കിലോ വീതമുള്ള 12 കന്നാസുകളിലായിരുന്നു വെടിമരുന്ന്. സംഭവവുമായി ബന്ധപ്പെട്ട് സന്നിധാനം പോലീസ് കേസെടുത്തു. വെടിമരുന്ന് പിടികൂടിയ സംഭവത്തിൽ അന്വേഷണം ഊർജിതമാക്കിയതായി പ്രത്യേക സുരക്ഷാ ചുമതലയുള്ള ഡിഐജി സ്പർ ജൻകുമാർ അറിയിച്ചു.

ഡിസംബർ ആറിന് മുന്നോടിയായുള്ള സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി പോലീസും ബോംബ് സ്ക്വാഡും വനംവകുപ്പും ചേർന്ന് നടത്തിയ തെരച്ചിലിലാണു വനത്തിനുള്ളിൽ സൂക്ഷിച്ച സ് ഫോടക വസ്തുശേഖരം കണ്ടെ ത്തിയത്. വെടിമരുന്ന് സൂക്ഷിച്ച കന്നാസുകൾ ടാർപോളിൻ കൊണ്ട് മറച്ച നിലയിലായിരുന്നു. ഇന്നലെ രാവിലെയാണ് പോലീസ്, വനംവകുപ്പ്, ആർഎഎഫ്, എൻഡിആർഎഫ്, ബോംബ് സ്ക്വാഡ് എന്നിവയുമായി ചേർന്ന് അഞ്ച് സ്ക്വാഡുകളായാണ് വനമേഖലയിൽ തെരച്ചിൽ നടത്തിയത്.


ബോംബ് ഡിക്റ്റൻഷൻ ആൻഡ് ഡിസ്പോസിബിൾ ടീം ഇവ നിർവീര്യമാക്കി. ആരാണു വെടിമരുന്ന് ഒളിച്ചുസൂക്ഷിച്ചതെന്നും എന്തിനുവേണ്ടിയാണെന്നതും സംബന്ധിച്ചു പോലീസ് അന്വേഷണം തുടങ്ങി. അതീവ സുരക്ഷാ മേഖലയായ ശബരിമലയിലെ വനമേഖലയിൽ ഇത്രയേറെ സ്ഫോടകവസ്തു കണ്ടെത്തിയത് അതീവ ഗൗരവത്തോടെയാണ് സംസ്‌ഥാന പോലീസ് കാണുന്നത്. സംഭവത്തെക്കുറിച്ച് സ്റ്റേറ്റ് സ്പെഷൽബ്രാഞ്ചും അന്വേഷണം തുടങ്ങി. ശബരീപീഠത്തിൽ നേരത്തേ വെടിവഴിപാട് നടത്തിയിരുന്ന കരാറുകാരന്റേതാണോ ഇതെന്നും അന്വേഷിക്കുന്നുണ്ട്. ശബരിപീഠത്തിലെ വെടിവഴിപാട് വിലക്കിയിരുന്നു. ഇത് സംബന്ധിച്ച് കരാറുകാരൻ നേരത്തേ കോടതിയെ സമീപിച്ചിരുന്നു.

സിഐ മോഹൻദാസ്, സന്നിധാനം എസ്ഐ അശ്വിത് കാരാൺമയിൽ, സ്പെഷൽ ബ്രാഞ്ച് എസ്ഐ കെ. സദാശിവൻ, ബീറ്റ് ഫോറസ്റ്റ് ഓഫീസർ സുരേഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.