ഇഎസ്ഐ ആശുപത്രികളുടെ പ്രവർത്തനം പരിശോധിക്കും: മന്ത്രി
ഇഎസ്ഐ ആശുപത്രികളുടെ പ്രവർത്തനം പരിശോധിക്കും: മന്ത്രി
Sunday, December 4, 2016 1:15 PM IST
കണ്ണൂർ: സംസ്‌ഥാനത്തെ മുഴുവൻ ഇഎസ്ഐ ആശുപത്രികളുടെയും പ്രവർത്തനം സർക്കാർ പരിശോധിക്കുമെന്നു തൊഴിൽമന്ത്രി ടി.പി. രാമകൃഷ്ണൻ. കേരള ഗവ. ഇൻഷ്വറൻസ് മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ (കെജിഐഎംഒഎ) 28ാം സംസ്‌ഥാന സമ്മേളനവും കുടുംബസംഗമവും കണ്ണൂർ മാസ്കോട്ട് ബീച്ച് റിസോർട്ടിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സംസ്‌ഥാനത്ത് ഒൻപത് ഇഎസ്ഐ ആശുപത്രികളുടെ കീഴിൽ 143 ഡിസ്പെൻസറികളാണു നിലവിലുള്ളത്. ഇവ എങ്ങനെ പ്രവർത്തിക്കുന്നുവെന്ന പരിശോധന ആവശ്യമാണ്. ഇഎസ്ഐയുമായി ബന്ധപ്പെട്ടു നിരവധി പ്രശ്നങ്ങൾ നിലനിൽക്കുന്നുണ്ട്. ഇഎസ്ഐ ആശുപത്രികളുടെ പ്രവർത്തനം കൂടുതൽ മെച്ചപ്പെട്ട നിലയിലേക്ക് ഉയർന്നുവരണം. ഇഎസ്ഐയുടെ കണക്കുപ്രകാരം സംസ്‌ഥാനത്ത് 7,72,210 തൊഴിലാളികൾ ഈ പദ്ധതിയിൽ അംഗങ്ങളായിട്ടുണ്ട്. ചികിത്സാ സഹായത്തിനായി ഇവരുടെ കുടുംബവുംകൂടി ചേരുമ്പോൾ ഇഎസ്ഐ ആനുകൂല്യങ്ങൾ നേടുന്നത് എത്രയോ ഇരട്ടിയാണ്. സംസ്‌ഥാനത്തെയാകെ ഇഎസ്ഐ ആനുകൂല്യ പരിധിയിൽ കൊണ്ടുവരണമെന്നതാണു സർക്കാരിന്റെ സമീപനം. ഇഎസ്ഐ ആശുപത്രികളിൽ ആവശ്യമായ ഡോക്ടർമാരില്ല. നിലവിലുള്ള തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നു. ഇതൊക്കെ പരിഹരിക്കാൻ സംസ്‌ഥാനതലത്തിൽ പരിശോധന നടത്തുമെന്നും മന്ത്രി വ്യക്‌തമാക്കി.

സംസ്‌ഥാനത്ത് ഇഎസ്ഐകളിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഈ രംഗത്തെ ഏക സംഘടനയായ കെജിഐഎംഒഎ ഭാരവാഹികളുമായി 28ന് തിരുവനന്തപുരത്ത് ചർച്ച നടത്തും. ഇഎസ്ഐയുടെ ഇന്നത്തെ സേവനം ഒരുതരത്തിലും തൃപ്തികരമല്ല. ഇഎസ്ഐ കോർപറേഷൻ പല കാര്യങ്ങളിലും തടസം സൃഷ്‌ടിക്കുകയാണ്. ആവശ്യമായ ഫണ്ട് അനുവദിക്കാതെയും പ്രതിസന്ധി ഉണ്ടാക്കുന്നുണ്ട്. സംസ്‌ഥാന ഇഎസ്ഐയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ പ്രശ്ന പരിഹാരത്തിനു വേണ്ടിയാണു സംഘടനാ ഭാരവാഹികളുമായി ചർച്ച നടത്തുന്നത്. ഇനി ക്ഷണക്കത്തിനും മറ്റും കാത്തുനിൽക്കേണ്ടെന്നും ഇത് ഔദ്യോഗിക അറിയിപ്പായി അംഗീകരിക്കണമെന്നും മന്ത്രി ഭാരവാഹികളോടു പറഞ്ഞു. തൊഴിലാളികൾക്കു കൂടുതൽ സുരക്ഷിതത്വവും ഡോക്ടർമാർക്കു കൂടുതൽ സൗകര്യങ്ങളും നൽകുന്ന കാര്യ വും സംഘടനാ നേതാക്കളുമായി ചർച്ചചെയ്യുമെന്നും മന്ത്രി പറഞ്ഞു.


സമ്മേളനത്തിൽ കെജിഐഎംഒഎ സംസ്‌ഥാന പ്രസിഡന്റ് ഡോ. ടി.എൻ. ഹരികുമാർ അധ്യക്ഷതവഹിച്ചു. പി.കെ. ശ്രീമതി എംപി, ഡോ.ഷിബി ചിറക്കരോട്ട്, ഡോ.എസ്. രാധാകൃഷ്ണൻ, ഡോ.അജിത ആർ. നായർ, ഡോ.വൽസല, ഡോ. കൃഷ്ണ, ഡോ. വിജയൻ, ഡോ.വി.പി. രജീഷ്, ഡോ. പ്രേമകുമാരി എന്നിവർ പ്രസംഗിച്ചു. 2015ലെ മികച്ച ഡോക്ടർക്കുള്ള അവാർഡ് ഡോ. ഷേർലിയും 2016ലെ അവാർഡ് ഡോ.ലീലയും ഏറ്റുവാങ്ങി. യുവശാസ്ത്രജ്‌ഞനുള്ള 2016ലെ അവാർഡ് ഡോ.സ്മിതയ്ക്കും ഐഎഎസ് റാങ്ക് ഹോൾഡർ ഡോ. രേണുഭഗതിനും വിതരണംചെയ്തു. തുടർന്നു കലാപരിപാടികളും അരങ്ങേറി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.