കാർ മരത്തിലിടിച്ചു രണ്ടു മരണം
Sunday, December 4, 2016 1:26 PM IST
തളിപ്പറമ്പ്: ദേശീയപാതയിൽ പരിയാരം കോരൻപീടികയിൽ നിയന്ത്രണംവിട്ട കാർ റോഡരികിലെ മരത്തിലിടിച്ചു രണ്ടുപേർ മരിച്ചു. രണ്ടുപേർക്കു പരിക്കേറ്റു. പയ്യന്നൂർ മഹാദേവ ഗ്രാമത്തിലെ വിമുക്‌തഭടൻ പാടാച്ചേരി ദാമോദരൻ (62), ദാമോദരന്റെ ചെറുമകൾ ജാൻവി(10) എന്നിവരാണു മരിച്ചത്. പരിയാരം മെഡിക്കൽ കോളജിലെ ഫിസിയോതെറാപ്പിസ്റ്റും ജാൻവിയുടെ മാതാവുമായ ലക്ഷ്മി (39), കാർ ഡ്രൈവർ മഹാദേവഗ്രാമത്തിലെ ടി.സി.വി.രതീഷ്(40) എന്നിവർക്കാണു പരിക്കേറ്റത്. ഇവർ പരിയാരം മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. ഇന്നലെ രാവിലെ 6.45 നായിരുന്നു അപകടം.

ഫുജൈറയിലുള്ള മകൾ ദീപ്തിയുടെ അടുത്തേക്കു പോകാനായി ദാമോദരന്റെ ഭാര്യ നളിനിയെ കരിപ്പൂർ വിമാനത്താവളത്തിൽനിന്നു വിമാനം കയറ്റിയശേഷം പയ്യന്നൂരിലെ വീട്ടിലേക്കു മടങ്ങുകയായിരുന്നു ദാമോദരനും കുടുംബാംഗങ്ങളും. ഇവർ സഞ്ചരിച്ച വാഗണർ കാർ നിയന്ത്രണം വിട്ടു റോഡരികിലെ കൂറ്റൻ മാവിലിടിച്ചായിരുന്നു അപകടം. മുൻസീറ്റിലിരുന്ന ദാമോദരന്റെ ത1ലയ്ക്കാണു പരിക്കേറ്റത്. നാട്ടുകാർ ഉടൻ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പരിയാരം മെഡിക്കൽ കോളജിലെ തീവ്രപരിചരണ വിഭാഗത്തിൽ വെന്റിലേറ്ററിലായിരുന്ന ജാൻവിക്കു മസ്തിഷ്കമരണം സംഭവിച്ചതായി മെഡിക്കൽ കോളജ് അധികൃതർ അറിയിച്ചിരുന്നു. രാത്രിയോടെയാണു മരണം സ്‌ഥിരീകരിച്ചത്. വിവരമറിഞ്ഞു ദാമോദരന്റെ വിദേശത്തുള്ള മക്കളും ഭാര്യയും നാട്ടിലേക്കു തിരിച്ചിട്ടുണ്ട്. ഏഴിമല നാവിക അക്കാദമി കേന്ദ്രീയ വിദ്യാലയത്തിലെ മൂന്നാം ക്ലാസ് വിദ്യാർഥിനിയാണു മരിച്ച ജാൻവി. സംസ്കാരം പിന്നീടു നടക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.