മാനദണ്ഡം പാലിക്കാതെ ഹയർ സെക്കൻഡറി പ്രിൻസിപ്പൽമാരുടെ സ്‌ഥലംമാറ്റമെന്ന്
Sunday, December 4, 2016 6:12 PM IST
തിരുവനന്തപുരം: സംസ്‌ഥാനത്തെ സർക്കാർ ഹയർ സെക്കൻഡറി സ്കൂളുകളിലെ പ്രിൻസിപ്പൽമാരുടെ സ്‌ഥലംമാറ്റം മാനദണ്ഡങ്ങൾ പാലിക്കാതെയെന്നു സൂചന. കഴിഞ്ഞ 18ന് വിദ്യാഭ്യാസ വകുപ്പ് ഇറക്കിയ ഉത്തരവിൽ 15 ഹയർ സെക്കൻഡറി പ്രിൻസിപ്പൽമാർക്കാണ് സ്‌ഥലംമാറ്റം അനുവദിച്ചിട്ടുള്ളത്. ഇതിൽ ഭരണ, പ്രതിപക്ഷ കക്ഷികളുടെ അധ്യാപക സംഘടനാ നേതാക്കൾ ഉൾപ്പെടെയുള്ളവരും ഇവരുടെ അനുകൂലികളും മാത്രമാണ് ഉൾപ്പെട്ടതെന്ന ആക്ഷേപമാണ് ഉയർന്നിരിക്കുന്നത്. നിരവധി വർഷങ്ങളായി സ്‌ഥലംമാറ്റം ആവശ്യപ്പെട്ടവരെ പരിഗണിച്ചുപോലുമില്ലെന്നും ഇവർ പറയുന്നു.

സാധാരണ ഹയർ സെക്കൻഡറി പ്രിൻസിപ്പൽമാരുടെ സ്‌ഥലംമാറ്റം സംബന്ധിച്ച് ഹയർ സെക്കൻഡറി ഡയറക്ടറേറ്റ് നോട്ടിഫിക്കേഷൻ ഇറക്കുകയും ഇതിന്റെ അടിസ്‌ഥാനത്തിൽ പ്രിൻസിപ്പൽമാർ അപേക്ഷ സമർപ്പിക്കുയും സീനിയോറിറ്റിയും മറ്റു മുൻഗണനകളും പരിശോധിച്ച് ഹയർ സെക്കൻഡറി ഡയറക്ടറേറ്റ് ലിസ്റ്റ് തയാറാക്കുകയും ഈ ലിസ്റ്റിന് പൊതുവിദ്യാഭ്യാസ വകുപ്പ് അനുമതി നല്കുകയുമാണു ചെയ്യാറുള്ളത്. എന്നാൽ ഇക്കുറി പ്രിൻസിപ്പൽമാരുടെ സ്‌ഥലംമാറ്റം സംബന്ധിച്ച് ഹയർ സെക്കൻഡറി ഡയറക്ടറേറ്റ് നോട്ടിഫിക്കേഷൻ പോലും പുറപ്പെടുവിച്ചിട്ടില്ലെന്നും ഇത്തരത്തിൽ 15 പേർക്ക് മാത്രമായി സ്‌ഥലംമാറ്റം നല്കിയതിനെക്കുറിച്ച് അന്വേഷണം വേണമെന്നുമാണു ഹയർസെക്കൻഡറി പ്രിൻസിപ്പൽമാരുടെ ആവശ്യം. രോഗം ഉൾപ്പെടെയുള്ള പ്രത്യേക കാരണങ്ങളാൽ ഒന്നോ രണ്ടോ പേർക്കു പ്രത്യേക പരിഗണനയിൽ മുൻകാലങ്ങളിൽ സ്‌ഥലംമാറ്റം നൽകാറുണ്ട്. എന്നാൽ, ഇത്രയധികം പേർക്ക് ഒരുമിച്ച് നോട്ടിഫിക്കേഷൻപോലും നല്കാതെ സ്‌ഥലംമാറ്റം അനുവദിച്ചത് നേതാക്കൾക്ക് താത്പര്യമുള്ളവരെ മാത്രം പരിഗണിച്ചതിന്റെ സൂചനയാണെന്നാണ് ആരോപണം.


ഹയർസെക്കൻഡറി സ്കൂളുകളിൽ കൃത്യമായി പ്രിൻസിപ്പൽമാരെ നിയമിക്കാൻ കഴിയാതെ വരുന്ന സ്‌ഥലത്താണ് ഇപ്പോൾ നോട്ടിഫിക്കേഷൻ പോലുമില്ലാതെ സ്‌ഥലംമാറ്റം നടത്തിയിട്ടുള്ളത്. 208 സർക്കാർ ഹയർ സെക്കൻഡറി സ്കൂളുകളിലാണ് അധ്യയനത്തിന്റെ രണ്ടാം പാദ പഠനം പൂർത്തിയാക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നില്ക്കെ പ്രിൻസിപ്പൽമാരെ നിയമിക്കാൻ സാധിക്കാത്തത്. പ്രിൻസിപ്പൽ നിയമനം സംബന്ധിച്ച് തയാറാക്കിയ ലിസ്റ്റിൽ അപാകത ഉണ്ടെന്ന് ആരോപിച്ച് ഒരുവിഭാഗം അധ്യാപകർ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതേത്തുടർന്ന് കോടതി പ്രിൻസിപ്പൽ നിയമനം സ്റ്റേ ചെയ്ത് ഉത്തരവ് പുറപ്പെടുവിച്ചു. സ്റ്റേ പിൻവലിക്കാൻ റിവ്യു പെറ്റീഷൻ നല്കുന്നതിനു സർക്കാരിന്റെ ഭാഗത്തുനിന്നു നടപടികൾ ഒന്നുമുണ്ടാവുന്നില്ലെന്നു അധ്യാപകർ പറയുന്നു.

ഹയർ സെക്കൻഡറി ജൂണിയർ, സീനിയർ അധ്യാപകരുടെ പ്രമോഷൻ സംബന്ധിച്ചുള്ള മാനദണ്ഡത്തിൽ ഉടലെടുത്ത ചില പ്രശ്നങ്ങളാണ് പ്രിൻസിപ്പൽ നിയമനം പോലും നടത്താൻ കഴിയാത്ത സ്‌ഥിതിയിൽ എത്തിച്ചേർന്നിട്ടുള്ളത്. പ്രിൻസിപ്പൽമാരില്ലാത്ത സ്കൂളുകളിൽ പ്രിൻസിപ്പൽമാരെ നിയമിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നാണ് ആവശ്യം.

തോമസ് വർഗീസ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.