റവ. ഡോ. തോമസ് പോൾ ഉറുമ്പയ്ക്കൽ നിര്യാതനായി
റവ. ഡോ. തോമസ് പോൾ ഉറുമ്പയ്ക്കൽ നിര്യാതനായി
Sunday, December 4, 2016 6:12 PM IST
ചങ്ങനാശേരി: ആലുവ മംഗലപ്പുഴ സെമിനാരിയിൽ ദീർഘകാലം ദൈവശാസ്ത്ര അധ്യാപകനായിരുന്ന റവ. ഡോ. തോമസ് പോൾ ഉറുമ്പയ്ക്കൽ (80) നിര്യാതനായി. ചങ്ങനാശേരി അതിരൂപതാംഗമായിരുന്ന അദ്ദേഹം നിലവിൽ തക്കല മൈനർ സെമിനാരിയിൽ ആധ്യാത്മിക നിയന്താവായി ശുശ്രൂഷ ചെയ്യുകയായിരുന്നു. സംസ്കാര ശുശ്രൂഷകൾ ബുധനാഴ്ച രാവിലെ 9.30ന് കാഞ്ഞിരപ്പള്ളി അഞ്ചിലിപ്പയിലുള്ള കുടുംബവസതിയിൽ ആരംഭിക്കും. 11ന് അഞ്ചിലിപ്പ സെന്റ് പയസ് ടെൻത് പള്ളിയിൽ ആർച്ച്ബിഷപ് മാർ ജോസഫ് പെരുന്തോട്ടത്തിന്റെ കാർമികത്വത്തിൽ വിശുദ്ധ കുർബാനയെ തുടർന്ന് മൃതദേഹം സംസ്കരിക്കും.

ചങ്ങനാശേരി സെന്റ് മേരീസ് മെത്രാപ്പോലീത്തൻപള്ളി, ഫാത്തിമാപുരം പള്ളി എന്നിവിടങ്ങളിൽ അസിസ്റ്റന്റ് വികാരിയായും കുമരകം നവനസ്രത്ത്, പാറേൽ പള്ളി, തോട്ടയ്ക്കാട്, പങ്ങട എന്നീ പള്ളികളിൽ വികാരിയായും എടത്വാ ഫൊറോനാ പള്ളിയിൽ അസോസിയേറ്റ് വികാരിയായും തുരുത്തി കാനായിൽ അധ്യാപകനായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. റോമിലെ ഉന്നതപഠനത്തിനുശേഷം ഫാ. തോമസ് ആലുവ മംഗലപ്പുഴ സെമിനാറിയിൽ 30 വർഷം പ്രഫസറായി സേവനം ചെയ്തു.


മെത്രാന്മാരും വൈദികരും സന്യസ്തരും ഉൾപ്പെടെ ആയിരക്കണക്കിനുപേർ ഉൾക്കൊള്ളുന്ന ശിഷ്യസമ്പത്തിന് ഉടമയായിരുന്നു അദ്ദേഹം. മൃതദേഹം നാളെ രാവിലെ 11.30 മുതൽ 12.30 വരെ ചങ്ങനാശേരി പാറേൽ പള്ളിയിലും ഉച്ചകഴിഞ്ഞ് രണ്ടു മുതൽ കാഞ്ഞിരപ്പള്ളി അഞ്ചിലിപ്പയിലെ കുടുംബവസതിയിലും പൊതുദർശനത്തിനു വയ്ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.