ബൾഗേറിയയിൽനിന്ന് കൊച്ചിയിലെ അക്കൗണ്ടിലേക്ക് 55 കോടി; അന്വേഷണം ആരംഭിച്ചു
ബൾഗേറിയയിൽനിന്ന് കൊച്ചിയിലെ അക്കൗണ്ടിലേക്ക് 55 കോടി; അന്വേഷണം ആരംഭിച്ചു
Sunday, December 4, 2016 6:12 PM IST
കൊച്ചി: കയറ്റുമതി ഇടപാടിന്റെ മറവിൽ ബൾഗേറിയയിൽനിന്നു കൊച്ചിയിലേക്ക് 55 കോടി രൂപയെത്തിയ സംഭവത്തിൽ ഹാർബർ പോലീസ് അന്വേഷണം ആരംഭിച്ചു. എളമക്കര സ്വദേശിയായ വ്യവസായി ജോസ് ജോർജിന്റെ അക്കൗണ്ടിലേക്ക് എത്തിയ കോടികൾ സംബന്ധിച്ചാണു ഹാർബർ പോലീസ് കേസെടുത്തത്.

എസ്ബിഐ ഓവർസീസ് ബാങ്കിന്റെ വില്ലിംഗ്ടൺ ഐലൻഡിലെ ശാഖയിലുള്ള അക്കൗണ്ടിലേക്കു കഴിഞ്ഞ ജൂലൈ ഏഴു മുതൽ 15 വരെയുള്ള ദിവസങ്ങളിൽ 55 കോടി രൂപയെത്തിയിരുന്നു. അക്കൗണ്ടിലെത്തിയതിൽനിന്ന് 29.5 കോടി രൂപ കുടുംബാംഗങ്ങളുടെ പേരിലേക്കു മാറ്റി. ഇതാണ് സംശയമുയർത്തിയത്. സൂര്യകാന്തി ഭക്ഷ്യ എണ്ണ, പഞ്ചസാര എന്നിവ കയറ്റി അയച്ചതിനാണു പണം ലഭിച്ചതെന്നാണു ജോസ് ജോർജ് അറിയിച്ചിരുന്നത്. ബാങ്ക് അധികൃതർക്ക് ഈ ഇടപാടിൽ സംശയം ബലപ്പെട്ടതോടെ രേഖകൾ ആവശ്യപ്പെട്ടു. മുംബൈ തുറമുഖം വഴി കയറ്റുമതി ചെയ്തതിന്റെ രേഖകൾ ജോസ് ജോർജ് ബാങ്കിൽ സമർപ്പിച്ചു. ബാങ്ക് ഇവ കസ്റ്റംസിനു കൈമാറി. കസ്റ്റംസ് പരിശോധനയിൽ ഇത്തരമൊരു കയറ്റുമതി നടന്നിട്ടില്ലെന്നു തിരിച്ചറിയുകയായിരുന്നു. തുടർന്ന് വിവരം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെ അറിയിച്ചു. രേഖകളും അതിൽ പതിച്ച കസ്റ്റംസിന്റെ സീലും വ്യാജമാണെന്ന് എൻഫോഴ്സ്മെന്റിന്റെ പ്രാഥമിക പരിശോധനയിൽ കണ്ടെത്തി.


സൂര്യകാന്തി ഭക്ഷ്യ എണ്ണ, പഞ്ചസാര എന്നിവ കയറ്റി അയച്ചതിനു ബൾഗേറിയയിലെ “സ്വസ്ത ഡി’ എന്ന കമ്പനിയിൽനിന്നാണ് പണമെത്തിയതെന്നു അന്വേഷണത്തിൽ മനസിലായി. പണമെത്തി രണ്ടാഴ്ചയ്ക്കുള്ളിൽ 29.5 കോടി രൂപ പിൻവലിക്കുകയും ഭാര്യയുടെയും മറ്റു കുടുംബാംഗങ്ങളുടെയും അക്കൗണ്ടിലേക്കു മാറ്റുകയും ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്. ലഭിച്ച പണത്തിന്റെ കൃത്യമായ രേഖകൾ സമർപ്പിക്കാൻ കഴിയാത്തതിനെത്തുടർന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ജോസിന്റെയും ബന്ധുക്കളുടെയും അക്കൗണ്ടുകൾ മരവിപ്പിച്ചു.

സംഭവത്തിൽ കേന്ദ്ര ഏജൻസികളും അന്വേഷണം ആരംഭിച്ചു. പണം നഷ്ടപ്പെട്ടതായി ബൾഗേറിയൻ കമ്പനി പരാതിപ്പെട്ടിട്ടില്ല. ഇതേത്തുടർന്ന് എൻഫോഴ്സ്മെന്റ് കൊച്ചി ഹാർബർ പോലീസിൽ പരാതി നൽകി. എഫ്ഐആർ രേഖപ്പെടുത്തി കേസ് അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.