കെഎസ്ആർടിസി യാത്രയ്ക്ക് ഇനി സീസൺ ടിക്കറ്റും
കെഎസ്ആർടിസി യാത്രയ്ക്ക് ഇനി സീസൺ ടിക്കറ്റും
Sunday, December 4, 2016 6:12 PM IST
തിരുവനന്തപുരം: യാത്രക്കാർക്കായി കെഎസ്ആർടിസി സീസൺ ടിക്കറ്റ് പുറത്തിറക്കുന്നു. നോട്ട് പിൻവലിക്കലിനെ തുടർന്നുണ്ടായ പ്രതിസന്ധിയുടെ പശ്ചാത്തലത്തിലാണ് കെഎസ്ആർടിസിയുടെ ഈ നീക്കം. മാസത്തിൽ എത്ര തവണ വേണമെങ്കിലും യാത്ര ചെയ്യാവുന്ന സീസൺ ടിക്കറ്റുകൾ യാത്രക്കാർക്ക് നൽകാനാണ് കെഎസ്ആർടിസി ആലോചിക്കുന്നത്.

സീസൺ ടിക്കറ്റ് ഏർപ്പെടുത്തുന്നതു സംബന്ധിച്ച് കെഎസ്ആർടിസി എംഡി രാജമാണിക്യം ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രനുമായി ചർച്ച നടത്തി.

ഗതാഗത– ധനമന്ത്രിമാരുടെ അനുമതിയോടെയാകും സീസൺ ടിക്കറ്റുകൾ നൽകുന്നത് സംബന്ധിച്ച അന്തിമ തീരുമാനമെടുക്കുക. സീസൺ ടിക്കറ്റുകൾ സ്മാർട്ട് കാർഡ് ആയി നൽകുന്നതിന് ആലോചനയുണ്ടെങ്കിലും ഇത് ആദ്യഘട്ടത്തിൽ പ്രായോഗികമല്ലെന്ന് ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രൻ ദീപികയോടു പറഞ്ഞു. ഇതിനായി ടിക്കറ്റ് മെഷീനിൽ പ്രത്യേക സംവിധാനം ഒരുക്കേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.

1000 രൂപ മുതൽ 5000 രൂപ വരെയുള്ള തുകയ്ക്കുള്ള സീസൺ ടിക്കറ്റുകളാകും നൽകുക. 1000, 1500, 3000, 5000 എന്നിങ്ങനെയാകും സീസൺ ടിക്കറ്റുകളുടെ സ്ലാബുകൾ. ഓരോ ടിക്കറ്റ് ഉപയോഗിച്ചും യാത്ര ചെയ്യാവുന്ന വാഹനങ്ങളേതെന്ന് മുൻകൂട്ടി നിശ്ചയിക്കും.

1000 രൂപയുടെ ബ്രോൺസ് ടിക്കറ്റാണ് ഏറ്റവും കുറഞ്ഞത്. ഇതിനുശേഷം 1500 രൂപയുടെ സിൽവർ ടിക്കറ്റും 3000 രൂപയുടെ ഗോൾഡ് ടിക്കറ്റും 5000 രൂപയുടെ പ്രീമിയം ടിക്കറ്റും പുറത്തിറക്കും.


ബ്രോൺസ് ടിക്കറ്റിൽ ജില്ലയ്ക്കുള്ളിൽ മാത്രമാണ് നിയന്ത്രണമില്ലാതെ സഞ്ചരിക്കാൻ കഴിയുന്നതെങ്കിൽ സിൽവർ ടിക്കറ്റ് ഉപയോഗിച്ച് ലിമിറ്റഡ് സ്റ്റോപ്പ്, ഓർഡിനറി ബസുകളിൽ സംസ്‌ഥാനത്ത് എവിടെയും യാത്രചെയ്യാം. ഗോൾഡ് ടിക്കറ്റിൽ ഫാസ്റ്റ്, സൂപ്പർ ഫാസ്റ്റ് ബസുകളിൽ സംസ്‌ഥാനത്തെവിടെയും സഞ്ചരിക്കാം. പ്രീമിയം ടിക്കറ്റ് ഉപയോഗിച്ച് സ്കാനിയ വോൾവോ ഒഴികെയുള്ള കോർപറേഷന്റെ ബസുകളിൽ സഞ്ചരിക്കാം. ഒരു മാസമായിരിക്കും ടിക്കറ്റുകളുടെ കാലാവധി. പ്രതിമാസമോ പ്രതിദിനമോ ചെയ്യാവുന്ന യാത്രയ്ക്ക് പരിധിയില്ലാത്ത തരത്തിലാണ് ടിക്കറ്റുകൾ നൽകുക.

ആദ്യഘട്ടത്തിൽ ഏതാനും ജില്ലകളിലായിരിക്കും സീസൺ ടിക്കറ്റ്് സംവിധാനം ഏർപ്പെടുത്തുക. ടിക്കറ്റുകൾ ഡിപ്പോകൾ വഴി വിതരണം ചെയ്യാനാണ് ആലോചിക്കുന്നത്. തിരക്ക് കൂടുതലായാൽ അക്ഷയ കേന്ദ്രങ്ങൾ വഴിയും വിതരണം ചെയ്യും.

ഏതു രേഖയാണോ സീസൺ ടിക്കറ്റ് എടുക്കുന്നതിനായി ഹാജരാക്കിയത് ആ മാസത്തെ യാത്രകൾക്ക് ഈ തിരിച്ചറിയൽ രേഖ നിർബന്ധമായിരിക്കും. സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കെഎസ്ആർടിസിക്ക് പുതിയ സംരംഭം ആശ്വാസമാകുമെന്നാണ് പ്രതീക്ഷി ക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.