നിയമനം ഇഴയുന്നു; അധ്യാപകരുടെ ദുരിതത്തിനു ശമനമില്ല
നിയമനം ഇഴയുന്നു; അധ്യാപകരുടെ ദുരിതത്തിനു ശമനമില്ല
Monday, December 5, 2016 3:54 PM IST
കട്ടപ്പന: സംശയം ഒഴിയാത്ത ഒരു വിഭാഗമായി പൊതുവിദ്യാഭ്യാസ വകുപ്പധികാരികൾ മാറിയതിന്റെ ദുരിതംപേറി ആയിരക്കണക്കിന് അധ്യാപകർ നട്ടംതിരിയുന്നു. സംസ്‌ഥാനത്തെ എയ്ഡഡ് സ്കൂൾ അധ്യാപക – അനധ്യാപകരുടെ നിയമനം അംഗീകരിച്ചു നൽകുന്നതിന് 2016 ജനുവരി 29ന് സർക്കാർ ഇറക്കിയ ഉത്തരവാണ് ഇഴഞ്ഞുനീങ്ങുന്നത്.

ഉത്തരവിലെ സ്പഷ്‌ടീകരണം ആവശ്യപ്പെട്ടു ബന്ധപ്പെട്ട എഇഒ, ഡിഇഒമാർ നൽകിയ കത്തുകളുടെ കൂമ്പാരങ്ങൾ തള്ളിനീക്കി നവംബർ ഒമ്പതിനു പൊതുവിദ്യാഭ്യാസ വകുപ്പ് സംശയദൂരീകരണം നടത്തി ഉത്തരവു പുറപ്പെടുവിച്ചെങ്കിലും നിയമനാംഗീകാരം നീളുകയാണ്.

നവംബർ 30–നകം എയ്ഡഡ് സ്കൂൾ അധ്യാപക – അനധ്യാപകരുടെ സംരക്ഷണം, പുനർവിന്യാസം, നിയമനാംഗീകാരം എന്നിവസംബന്ധിച്ചു നടപടി പൂർത്തിയാക്കണമെന്നു കാണിച്ചാണു നവംബർ ഒമ്പതിനു പൊതുവിദ്യാഭ്യാസ വകുപ്പ് സർക്കുലർ ഇറക്കിയത്. നവംബർ 30നു പത്തുശതമാനം പേർക്കുപോലും നിയമനാംഗീകാരം നൽകാൻ ബന്ധപ്പെട്ട എഇഒ, ഡിഇഒമാർക്കായിട്ടില്ല.

ഏറ്റവും കൂടുതൽ അധ്യാപക – അനധ്യാപകർ നിയമനം കാത്തുകഴിയുന്നത് ഇടുക്കി ജില്ലയിലാണ്. 650ഓളം അധ്യാപക നിയമനങ്ങൾ ജില്ലയിൽ അംഗീകാരത്തിനായി കെട്ടികിടപ്പുണ്ടെന്നാണ് അധ്യാപക സംഘടനകൾ നൽകുന്ന കണക്ക്. ഇതിന്റെ ഔദ്യോഗിക കണക്ക് ഇതുവരെ ഇടുക്കി വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിൽ എത്തിയിട്ടില്ല.

ഇന്നു ജില്ലയിലെ രണ്ട് ഡിഇഒ ഓഫീസുകളിൽനിന്നും ഏഴ് എഇഒ ഓഫീസുകളിൽനിന്നുമുള്ള കണക്ക് ഡിഡി ഓഫീസിൽ ലഭിക്കുമെന്നാണ് ഓഫീസിൽനിന്ന് അറിയുന്നത്.

ഉപവിദ്യാഭ്യാസ, വിദ്യാഭ്യാസ ജില്ലകളിൽ എത്ര നിയമനങ്ങൾ പാസാക്കാനുണ്ട്, എത്രയെണ്ണം പാസാക്കിയിട്ടുണ്ട് എന്നവിവരം ഇന്നേ ഡിഡി ഓഫീസിൽനിന്നും അറിയാനാകൂ. കട്ടപ്പന ഡിഇഒ ഓഫീസിൽതന്നെ ഇരുന്നൂറിനുമുകളിൽ അപേക്ഷകൾ ഉണ്ടെന്നാണ് സൂചന. ഇവിടെ 23–ഓളം നിയമനങ്ങൾ അംഗീകരിച്ചതായി പറയുന്നു.


2011 മുതൽ ജോലിചെയ്യുന്ന അധ്യാപക – അനധ്യാപകരുടെ നിയമനങ്ങൾക്കാണ് അംഗീകാരം നൽകേണ്ടത്. ഒരു രൂപ പോലും വേതനം ലഭിക്കാതെ ജോലിചെയ്യുന്ന ഇവർക്കു ജീവിക്കാനുള്ള അവകാശം സംരക്ഷിച്ചുനൽകാൻ സർക്കാർ ഉത്തരവു നൽകിയിട്ടും സ്വന്തം ‘വർഗ’ത്തിൽപെട്ടവർത്തന്നെ മുടന്തൻ ന്യായങ്ങൾ നിരത്തി അധ്യാപകരെ പട്ടിണിക്കിടുകയാണെന്നാണ് ആരോപണം.

സീനിയോറിറ്റി തർക്കം, ഹെഡ്മാസ്റ്റർ നിയമന തർക്കം തുടങ്ങിയ നൂലാമാലകളാണ് നിയമനാംഗീകാരത്തിനു തടസമെന്നു ഡിഇഒ അധികാരികൾ പറയുന്നു. ഇത് ആകെയുള്ള അപേക്ഷയുടെ പത്തുശമാനംപോലും ഇല്ലെന്ന് അധ്യാപക സംഘടനകളും പറയുന്നു.

സ്‌ഥിരനിയമന അംഗീകാരം, താത്കാലിക നിയമന അംഗീകാരം ഉൾപ്പെടെയാണ് നാടയിൽ കുടുങ്ങികിടക്കുന്നത്. അപേക്ഷകൾ പൂർണമായി സ്കൂൾ അധികൃതർ നൽകിയിട്ടില്ലെന്ന വാദവും വിദ്യാഭ്യാസ ഓഫീസർമാർ നിരത്തുന്നുണ്ടെങ്കിലും സ്കൂൾ അധികൃതർ ഇതു നിഷേധിച്ചിട്ടുണ്ട്.

ജനുവരി 29–ന് നിയമാനംഗീകാരം അനുവദിച്ചശേഷം ഇതുവരെ അപേക്ഷകൾ പൂർണമായി ലഭിച്ചിട്ടില്ലെന്ന വിദ്യാഭ്യാസ അധികൃതരുടെ വാദം യുക്‌തിസഹമല്ലെന്നാണ് അധ്യാപക സംഘടനകളുടെ പക്ഷം.

2016 ജനുവരി 29നുമുമ്പ് നിയമനാംഗീകാരത്തിനുള്ള പ്രൊപ്പോസൽ സമർപ്പിക്കുകയും കാലതാമസംമൂലം അതു നിരസിക്കപ്പെടുകയും യഥാസമയം അപ്പീൽ ഹർജി നൽകുകയും ചെയ്ത കേസുകളിൽ നിജസ്‌ഥിതി പരിശോധിച്ചു കാലതാമസം മാപ്പാക്കി നിയമനം അംഗീകരിക്കണമെന്നും പൊതുവിദ്യാഭ്യാസ വകുപ്പിന്റെ വിജ്‌ഞാപനത്തിലുണ്ട്.

നവംബർ 30നകം നിയമനാംഗീകാരം നൽകി ഫയലുകൾ ഡിസംബർ ആദ്യവാരം പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിൽനിന്നുള്ള ഉദ്യോഗസ്‌ഥർ പരിശോധിക്കുമെന്നുമാണു വിജ്‌ഞാപനത്തിലുള്ളത്.

ഇതുവരെ അപേക്ഷയുടെ 20 ശതമാനംപോലും പൂർത്തിയാകാത്ത സാഹചര്യത്തിൽ ഡയറക്ടറേറ്റിന്റെ പരിശോധനയും ശമ്പളവും ഇനിയും നീളുമെന്ന ആശങ്കയിലാണ് അധ്യാപകർ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.