സഹകരണ പ്രതിസന്ധി: കേന്ദ്രവുമായി ചർച്ച ചെയ്തു പരിഹരിക്കണം– കുമ്മനം
സഹകരണ പ്രതിസന്ധി: കേന്ദ്രവുമായി ചർച്ച ചെയ്തു പരിഹരിക്കണം– കുമ്മനം
Monday, December 5, 2016 4:02 PM IST
കൊച്ചി: സഹകരണ മേഖലയിലെ പ്രശ്നങ്ങൾ കേന്ദ്രവുമായി ചർച്ചചെയ്തു പരിഹരിക്കാൻ സംസ്‌ഥാന സർക്കാർ തയാറാകണമെന്നു ബിജെപി സംസ്‌ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ.

ചർച്ചയ്ക്ക് ആവശ്യമായ എല്ലാ സഹായങ്ങളും എൻഡിഎയുടെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ആലുവ പാലസിൽ ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായുടെ സാന്നിധ്യത്തിൽ നടന്ന എൻഡിഎ നേതൃയോഗത്തിനുശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേന്ദ്രസർക്കാരിന്റെ സാമ്പത്തിക പരിഷ്കാരങ്ങളെ സംസ്‌ഥാനത്ത് വിലയിടിച്ചു കാണിക്കുകയാണെന്നു കുമ്മനം ആരോപിച്ചു. നോട്ടു പ്രശ്നം രാഷ്ര്‌ടീയമായി മുതലെടുക്കാനുള്ള ശ്രമമാണ് സംസ്‌ഥാന സർക്കാർ നടത്തുന്നത്.

പത്യേകിച്ചു ധനമന്ത്രി ടി.എം. തോമസ് ഐസക്. കേന്ദ്രസർക്കാരിന്റെ നയങ്ങൾ നടപ്പിലാവില്ലെന്നു പറഞ്ഞു നടക്കുകയാണ് സംസ്‌ഥാന സർക്കാർ ചെയ്യുന്നത്. കേരളത്തിന്റെ വിശാലമായ ജനതാത്പര്യത്തിനു എതിരാണിത്. പണവുമായി ബന്ധപ്പെട്ട് ഇവിടെ ഉണ്ടായിരിക്കുന്ന പ്രശ്നങ്ങൾക്ക് ഉത്തരവാദികൾ കേരള സർക്കാർ മാത്രമാണ്. മറ്റു സംസ്‌ഥാനങ്ങളിൽ വളരെ വിജയകരമായാണ് പണമിടപാടുകൾ നടക്കുന്നത്.

എന്തുകൊണ്ടാണ് കേരള സർക്കാർ ശമ്പളവും പെൻഷനും പൂർണമായും ബാങ്ക് അക്കൗണ്ടിലാക്കാൻ മടിക്കുന്നത്. സാമ്പത്തിക പരിഷ്കരണവുമായി ബന്ധപ്പെട്ട് കേരളത്തിന് എന്തു പ്രശ്നമുണ്ടെങ്കിലും സഹായങ്ങൾ നൽകാമെന്ന് അമിത് ഷാ പറഞ്ഞിട്ടുണ്ട്.


കഴിഞ്ഞ നവംബർ എട്ടിന് നോട്ട് അസാധുവാക്കൽ നടപടി നിലവിൽ വന്നപ്പോൾ പറഞ്ഞതു മുഴുവൻ സംസ്‌ഥാന സർക്കാർ ഇപ്പോൾ മാറ്റി പറയുകയാണ്.

സഹകരണ ബാങ്കുകളുടെ കാര്യത്തിലും നോട്ടു പ്രശ്നത്തിലും കേന്ദ്രവുമായി ചർച്ച നടത്താൻ കിട്ടിയ അവസരം വേണ്ടെന്നുവച്ചു ഹർത്താൽ നടത്തുകയായിരുന്നു ഇടതുപക്ഷം.

ഡിജിറ്റൽ സംവിധാനം മെച്ചപ്പെടുത്താൻ സംസ്‌ഥാന സർക്കാർ മാത്രമാണ് തടസം നിൽക്കുന്നത്. അമിത് ഷായുമായി ഇക്കാര്യം ചർച്ച ചെയ്തിട്ടുണ്ട്. കേന്ദ്രത്തിൽ നിന്ന് ആവശ്യമായ സഹായങ്ങൾ നൽകാമെന്ന് അറിയിച്ചിട്ടുണ്ട്.

സഹകരണ ബാങ്കുകളുടെയും കേരളത്തിന്റെയും പ്രശ്നങ്ങൾ അമിത് ഷാ അനുഭാവപൂർവം കേട്ടുവെന്നും ആവശ്യമായ സഹായങ്ങൾ ചെയ്യാമെന്ന് അറിയിച്ചതായും കുമ്മനം പറഞ്ഞു.

ഉച്ചയ്ക്കു 12.30ന് ചേർന്ന എൻഡിഎ നേതൃയോഗം ഒരു മണിക്കൂറോളം നീണ്ടു. ദേശീയ സെക്രട്ടറി എച്ച്. രാജ, രാജീവ് ചന്ദ്രശേഖർ എംപി, വി. മുരളീധരൻ, പി.കെ. കൃഷ്ണദാസ്, ശോഭാ സുരേന്ദ്രൻ, വിവിധ കക്ഷി നേതാക്കളായ തുഷാർ വെള്ളാപ്പള്ളി, പി.സി. തോമസ്, സി.കെ. ജാനു തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.