ശബരിമലയുടെ ഹെലികാം ദൃശ്യം യൂട്യൂബിൽ
ശബരിമലയുടെ ഹെലികാം ദൃശ്യം യൂട്യൂബിൽ
Monday, December 5, 2016 4:29 PM IST
ശബരിമല: ഹെലികാം ഉപയോഗിച്ച് എടുത്ത ശബരിമലയുടെ ദൃശ്യങ്ങൾ യൂട്യൂബിൽ. സുരക്ഷാ ക്രമീകരണങ്ങളിലെ പാളിച്ച സംബന്ധിച്ച് ഉന്നതതല അന്വേഷണം ആവശ്യപ്പെട്ടു ദേവസ്വം ബോർഡ് പ്രസിഡന്റ് പ്രയാർ ഗോപാലകൃഷ്ണനും രംഗത്തെത്തി.

ശബരിപീഠം, സന്നിധാനം, കാനന പാതകൾ, പതിനെട്ടാം പടി ഉൾപ്പെടെ വ്യക്‌തമാക്കുന്ന വീഡിയോ ദൃശ്യങ്ങളാണ് ഒരു സ്വകാര്യ ഏജൻസിയുടെ പേരിൽ യൂ ട്യൂബിൽ പ്രചരിച്ചത്. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായാണു കഴിഞ്ഞ ദിവസം ഡ്രോൺ ഉപയോഗിച്ചു ശബരിമലയിൽ ആകാശവീക്ഷണം നടത്തിയത്. സ്വകാര്യ ഏജൻസിയെയാണ് ഇതിന്റെ ചുമതല പോലീസ് ഏല്പിച്ചിരുന്നത്. പോലീസ് സുരക്ഷാ ക്രമീകരണങ്ങളുടെ ഡിജിപിയെ വിവരം ധരിപ്പിച്ചതിനെത്തുടർന്ന് വീഡിയോകൾ യൂട്യൂബിൽനിന്നു നീക്കം ചെയ്തതായി പോലീസ് പറഞ്ഞു. ദൃശ്യങ്ങൾ പുറത്തുപോയതു തങ്ങളുടെ അറിവോടെയല്ലെന്നും ഇതേക്കുറിച്ചു വിശദമായ അന്വേഷണമുണ്ടാകുമെന്നുമാണ് ഉന്നത പോലീസ് ഉദ്യോഗസ്‌ഥർ പറയുന്നത്.


ദൃശ്യങ്ങൾ ചുരുങ്ങിയ സമയംകൊണ്ട് ആർക്കും ഡൗൺലോഡ് ചെയ്യാമെന്നിരിക്കെ യുട്യൂബിൽനിന്നു പിൻവലിച്ചതുകൊണ്ടു മാത്രം സുരക്ഷാ പിഴവിനു പരിഹാരമാകില്ലെന്നു ദേവസ്വം ബോർഡ് പ്രസിഡന്റ് പ്രയാർ ഗോപാലകൃഷ്ണൻ ചൂണ്ടിക്കാട്ടി. ശക്‌തമായ സുരക്ഷാ സംവിധാനമാണു ശബരിമലയ്ക്കായി ഒരുക്കിയിട്ടുള്ളത്. ബാബറി മസ്ജിദ് ദിനത്തോടനുബന്ധിച്ചു സുരക്ഷ കൂടുതൽ ശക്‌തമാക്കിയിട്ടുണ്ട്. എന്നാൽ, ഭീതിജനകമായ സാഹചര്യങ്ങളൊന്നും ശബരിമലയിൽ ഇല്ലെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് പറഞ്ഞു. സാഹചര്യങ്ങൾ വിലയിരുത്തുന്നതിനുൾപ്പെടെ ദേവസ്വം പ്രസിഡന്റും രണ്ടു ബോർഡംഗങ്ങളും ശബരിമലയിലുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.