മലയാളി യുവാവ് ഷാർജയിൽ മരിച്ചു
Tuesday, December 6, 2016 3:18 PM IST
ഹരിപ്പാട്: മലയാളി യുവാവ് ഷാർജയിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചു.
ഹരിപ്പാട് നഗരസഭ അതിർത്തിയിൽ വെട്ടുവേനി ലക്ഷ്മി നിവാസിൽ പരേതനായ കുട്ടപ്പന്റെ മകൻ സുരേഷ്കുമാറി(33)നെയാണ് ഷാർജയിലെ താമസസ്‌ഥലത്ത് തിങ്കളാഴ്ച ഉച്ചയോടെ മരിച്ച നിലയിൽ കണ്ടതായി കൂടെ താമസിക്കുന്ന സുഹൃത്തുക്കൾ വീട്ടിൽ അറിയിച്ചത്.

10 വർഷമായി ടയോട്ടയുടെ ഷാർജയിലെ അൽ ഫുത്തേൻ കാർ കമ്പനിയിലെ സ്പ്രേ പെയിന്ററായി ജോലി ചെയ്തു വരികയായിരുന്നു. തിങ്കളാഴ്ച രാവിലെ കൂടെയുള്ളവർ ജോലിക്ക് പോകുവാൻ തയാറെടുക്കുമ്പോഴും സുരേഷ് ഉറക്കത്തിലായിരുന്നതുകൊണ്ട് ആരും വിളിച്ചില്ല. ജോലിക്കുപോയ സുഹൃത്തുക്കൾ ഉച്ചഭക്ഷണത്തിനായി തിരികെയെത്തി വിളിച്ചുണർത്തുവാൻ ശ്രമിക്കുമ്പോഴാണ് മരിച്ചതായി മനസിലായത്.


ഉടൻതന്നെ ബന്ധപ്പെട്ട അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. ശനിയാഴ്ച രാവിലെ 11.30 ന് മാതാവിനേയും രാത്രി ഒമ്പതിനു ഭാര്യയേയും സുരേഷ് ഫോണിൽ ബന്ധപ്പെട്ടിരുന്നതായി ബന്ധുക്കൾ പറഞ്ഞു. കഴിഞ്ഞ മാർച്ചിൽ നാട്ടിൽവന്നു മടങ്ങിപ്പോയതാണ്. രണ്ടു മാസങ്ങൾക്കുശേഷം വീണ്ടും നാട്ടിൽ വരാനിരിക്കെയാണ് മരണം സംഭവിച്ചത്. ബന്ധുക്കൾ ഇന്ത്യൻ എംബസിയും മലയാളി സംഘടനകളുമായി ബന്ധപ്പെട്ടു മൃതദേഹം നാട്ടിലെത്തിക്കുവാൻ ശ്രമിക്കുന്നു. മാതാവ് : രത്നമ്മ, ഭാര്യ: ശ്രുതി. മക്കൾ: ശ്രേയ, ശ്വേത. സഹോദരങ്ങൾ: അനൂപ്, മനൂപ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.