വ്യാജനമ്പർ പതിച്ച ഓട്ടോയിൽ കടത്തിയ 540 കുപ്പി മദ്യം പിടികൂടി
Tuesday, December 6, 2016 3:42 PM IST
കണ്ണൂർ: മാഹിയിൽനിന്നു കടത്തിക്കൊണ്ടുവരികയായിരുന്ന 540 കുപ്പി മദ്യം പരിയാരം പോലീസ് പിടികൂടി. തിങ്കളാഴ്ച രാത്രി 7.40 നായിരുന്നു സംഭവം. മെഡിക്കൽ കോളജ് പരിസരത്ത് വാഹനപരിശോധനയ്ക്കിടെ പരിയാരം എസ്ഐ കെ.എൻ. മനോജിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണു മദ്യം പിടികൂടിയത്.

പോലീസിനെ കണ്ടപ്പോൾ ഓട്ടോറിക്ഷയിലുണ്ടായിരുന്ന രണ്ടുപേർ മെഡിക്കൽ കോളജ് മോർച്ചറിക്കു സമീപത്തേക്ക് ഓടുകയായിരുന്നു. പോലീസ് പിന്നാലെ ഓടിയെങ്കിലും ഇവരെ പിടികൂടാനായില്ല.

മദ്യപിച്ച് വണ്ടിയോടിച്ചവരായിരിക്കുമെന്നാണ് പോലീസ് ആദ്യം കരുതിയിരുന്നത്. എന്നാൽ, പിന്നീട് ഓട്ടോറിക്ഷ പരിശോധിച്ചപ്പോഴാണ് മദ്യം കണ്ടെടുത്തത്. പുറകിലെ ഡിക്കിയിൽ 30 പെട്ടികളിലായിട്ടാണ് ഇവ സൂക്ഷിച്ചിരുന്നത്. ഒരു പെട്ടിയിൽ 500 മില്ലി ലിറ്ററിന്റെ 18 കുപ്പികളാണ് ഉണ്ടായിരുന്നത്. പ്രതികളെ കണ്ടെത്താൻ പോലീസ് മെഡിക്കൽ കോളജ് പരിസരത്ത് തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.


പോലീസ് അന്വേഷണത്തിൽ മദ്യം കടത്തിയ ഓട്ടോറിക്ഷയുടെ നമ്പർ വ്യാജമാണെന്ന് കണ്ടെത്തി. ഇതൊരു ജെസിബിയുടെ നമ്പറാണെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഓട്ടോറിക്ഷ മോഷ്‌ടിച്ചതാണെന്നു സംശയിക്കുന്നു. കാണാതായ ഓട്ടോറിക്ഷകളെക്കുറിച്ച് ജില്ലയിലെ എല്ലാ പോലീസ് സ്റ്റേഷനുകളിൽനിന്നും പരിയാരം പോലീസ് വിവരം തേടിയിട്ടുണ്ട്. സ്‌ഥിരമായി മദ്യം കടത്തുന്ന സംഘമാണ് ഇതെന്നു പോലീസ് പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.