സർക്കാർ നിലപാടു മാറ്റി; ഓൺലൈൻ ചോദ്യപേപ്പർ വിതരണം തുടരും
സർക്കാർ നിലപാടു മാറ്റി; ഓൺലൈൻ ചോദ്യപേപ്പർ വിതരണം തുടരും
Tuesday, December 6, 2016 3:42 PM IST
തിരുവനന്തപുരം: കേരള സാങ്കേതിക ശാസ്ത്ര സർവകലാശാല ബിടെക് പരീക്ഷയ്ക്കുള്ള ചോദ്യപേപ്പർ ഓൺലൈൻ ആയി തന്നെ വിതരണം ചെയ്യുന്നതു തുടരാൻ തീരുമാനം. ഓൺലൈൻ ചോദ്യപേപ്പർ നല്കുന്നതു നിർത്തലാക്കാനുള്ള സർക്കാർ നീക്കം സംബന്ധിച്ച് ദീപിക കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന്റെകൂടി അടിസ്‌ഥാനത്തിൽ വിദ്യാഭ്യാസ മന്ത്രി ഇന്നലെ അടിയന്തരമായി സാങ്കേതിക സർവകലാശാല വൈസ് ചാൻസലറുമായി ചർച്ച നടത്തിയ ശേഷമാണ് ഓൺലൈൻ ചോദ്യപേപ്പർ സംവിധാനം തുടരാൻ തീരുമാനിച്ചത്.

മാറ്റിവച്ച ഒന്നും മൂന്നും സെമസ്റ്റർ ബിടെക് പരീക്ഷകൾ 13ന് ആരംഭിച്ച് ജനുവരി നാലിന് പൂർത്തിയാക്കാനും ഇതേത്തുടർന്നു തീരുമാനമായി. ബിടെക് പരീക്ഷാ നടത്തിപ്പു സംബന്ധിച്ച് തിങ്കളാഴ്ച വിദ്യാഭ്യാസമന്ത്രി മാധ്യമങ്ങളോടു പറഞ്ഞതു ചോദ്യപേപ്പർ അച്ചടിച്ച് പരീക്ഷ നടത്തുന്ന രീതിയിലുള്ള ക്രമീകരണങ്ങൾ നടത്താനാണു സർക്കാർ ഉദ്ദേശിച്ചിട്ടുള്ളതെന്നാണ്. എന്നാൽ, ഓൺലൈൻ ചോദ്യപേപ്പർ വിതരണം സംബന്ധിച്ച് സർക്കാർ പ്രിൻസിപ്പൽ സെക്രട്ടറി ബി. ശ്രീനിവാസ് മുന്നോട്ടുവച്ച വാദഗതികൾ തെറ്റാണെന്നു ദീപികയുടെ റിപ്പോർട്ടിൽ വ്യക്‌തമാക്കിയിരുന്നു. നിരവധി വിദ്യാർഥികളും രക്ഷിതാക്കളും പരീക്ഷാ ചോദ്യപേപ്പർ വിതരണത്തിലെ മാറ്റം സംബന്ധിച്ച് പരാതിയും ഉന്നയിച്ചിരുന്നു. ഇതിന്റെകൂടി അടിസ്‌ഥാനത്തിൽ മന്ത്രി വൈസ് ചാൻസലറെ വിളിച്ചു ചർച്ച നടത്തി. കൂടാതെ വിദ്യാഭ്യാസ സെക്രട്ടറിയും വൈസ് ചാൻസലറും തമ്മിലും ചർച്ച നടന്നു.


ഓൺലൈൻ ചോദ്യപേപ്പറിന്റെ പേരിലാണു കഴിഞ്ഞ രണ്ടിന് ആരംഭിക്കേണ്ടിയിരുന്ന ഒന്നും മൂന്നും സെമസ്റ്റർ ബിടെക് പരീക്ഷകൾ മാറ്റിവച്ചത്. എന്നാൽ, ഇതേ സാങ്കേതിക സർവകലാശാലയിൽ തന്നെ എംടെക്കിന്റെ ചോദ്യപേപ്പർ ഓൺലൈൻ ആയാണ് കഴിഞ്ഞ ദിവസം നല്കിയതും. ഈ വൈരുധ്യവും ചർച്ചയായി. ഇത്തരമൊരു സാഹചര്യത്തിലാണ് ഓൺലൈൻ ചോദ്യസംവിധാനം തുടരാൻ തീരുമാനമായത്. ബിടെക്കിന് ഒരു ദിവസം ഒരു പരീക്ഷ എന്ന രീതിയിൽ പരീക്ഷാ നടത്തിപ്പിൽ പുനഃക്രമീകരണവും വരുത്തി. ചോദ്യപേപ്പർ ഡൗൺലോഗ് ചെയ്യുന്നത് ഉൾപ്പെടെയുള്ളവ വെബ് കാമറയിൽ പകർത്തണമെന്ന നിർദേശവും തുടരും.പുതുക്കിയ ടൈംടേബിൾ അനുസരിച്ച് ബിടെക് ഒന്നും മൂന്നും സെമസ്റ്റർ പരീക്ഷകൾ 13നു തുടങ്ങി ജനുവരി നാലിന് അവസാനിക്കും. ഉച്ചകഴിഞ്ഞ് 1.30 മുതൽ 4.30 വരെയാണു പരീക്ഷ.

വെള്ളിയാഴ്ചകളിൽ രണ്ടു മണിക്കാരംഭിച്ച് അഞ്ചിനു തീരുന്ന വിധമാണു പരീക്ഷകൾ ക്രമീകരിച്ചിരിക്കുന്നത്.ഇതനുസരിച്ച് ഒന്നാം സെമസ്റ്റർ പരീക്ഷകൾ 13, 15, 17, 20, 22, ജനുവരി മൂന്ന് തീയതികളിലും. മൂന്നാം സെമസ്റ്റർ പരീക്ഷ 14, 16,19, 21, 23, ജനുവരി നാല് തീയതികളിലുമാണ്.

തോമസ് വർഗീസ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.