പുരുഷന്റെ അസ്‌ഥികൂടം പുരയിടത്തിൽ കണ്ടെത്തി
പുരുഷന്റെ അസ്‌ഥികൂടം പുരയിടത്തിൽ കണ്ടെത്തി
Wednesday, December 7, 2016 4:02 PM IST
ചിങ്ങവനം: കാടു പിടിച്ചുകിടക്കുന്ന പുരയിടത്തിൽ പുരുഷന്റെതെന്നു കരുതുന്ന അസ്‌ഥികൂടം കണ്ടെത്തി. പനച്ചിക്കാട് ക്ഷേത്രത്തിനു സമീപമുള്ള ഒന്നരയേക്കർ പുരയിടത്തിൽ ഇന്നലെ വൈകുന്നേരം അഞ്ചിനു ആനയെ തളയ്ക്കാനെത്തിയവരാണ് അസ്‌ഥികൂടം കണ്ടെത്തിയത്. തലയോട്ടിയും മറ്റ് അസ്‌ഥികളും കാട്ടിനുള്ളിലെ തേക്കുമരത്തിനു ചുവട്ടിലാണു കാണപ്പെട്ടത്. ഇതേ മരത്തിൽ കുരുക്കിട്ട നിലയിൽ കയറും കാണപ്പെട്ടു.

മാസങ്ങൾക്കു മുൻപ് ഇതിനുസമീപം താമസിക്കുന്ന വയോധികനെ കാണാനില്ലെന്നു കാട്ടി വീട്ടുകാർ ചിങ്ങവനം പോലീസിൽ പരാതി നൽകിയിരുന്നതായി ചിങ്ങവനം പോലീസ് അറിയിച്ചു. അസ്തികൂടത്തിനരികിൽനിന്നു ലഭിച്ച വസ്ത്രങ്ങൾ കാണാതായ ആളുടേതെന്നു കരുതുന്നതായി കുടുംബാംഗങ്ങൾ പറഞ്ഞു. സംഭവത്തെത്തുടർന്നു ചങ്ങനാശേരി ഡിവൈഎസ്പി വി. അജിത്, ചിങ്ങവനം എസ്ഐ എം.എസ്. ഷിബു തുടങ്ങിയവർ സംഭവസ്‌ഥലത്തെത്തി വിശദമായ പരിശോധന നടത്തി. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ റോയി മാത്യു, സുമ മുകുന്ദൻ എന്നിവരും സ്‌ഥലത്തെത്തിയിരുന്നു. വിശദമായ അന്വേഷണം ഇന്ന് നടത്തുമെന്ന് പോലീസ് അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.