ഹൃദയ ചർച്ചകൾക്കായി 4,700 ഡോക്ടർമാർ എത്തുന്നു
Wednesday, December 7, 2016 4:02 PM IST
കൊച്ചി: ഹൃദ്രോഗ മുക്‌തമായ ജനതയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ കാർഡിയോളജിക്കൽ സൊസൈറ്റി ഓഫ് ഇന്ത്യ (സിഎസ്ഐ)യുടെ 68–ാമത് വാർഷിക സമ്മേളനത്തിന് ഇന്നു തുടക്കമാകും.

കൊച്ചി ലെ മെറിഡിയൻ ഇന്റർനാഷണൽ കൺവൻഷൻ സെന്ററിൽ വൈകുന്നേരം ഏഴിനു മന്ത്രി സി. രവീന്ദ്രനാഥ് ഉദ്ഘാടനംചെയ്യും. സാധാരണക്കാരനുപോലും തന്റെ ഹൃദയത്തെ അറിയാൻ സഹായിക്കുംവിധം കേരളത്തിലെ 143 കാർഡിയോളജിസ്റ്റുകൾ ചേർന്നെഴുതിയ ‘ഹൃദയത്തെ അറിയാൻ ഹൃദ്രോഗത്തെ ചെറുക്കാൻ’ എന്ന പുസ്തകത്തിന്റെ പ്രകാശനവും മന്ത്രി നിർവഹിക്കും. കൂടാതെ അടിയന്തര സാഹചര്യങ്ങൾ നേരിടുന്നതിനു രോഗിയെ പ്രാപ്തനാക്കുന്ന ഹാർട്ട്സ് ആപ്പ് (മൊബൈൽ ആപ്പ്), ഹൃദയ സംരക്ഷണം എന്ന സന്ദേശവുമായി സോൾ ഓഫ് കൊച്ചി, ഇന്ത്യൻ നേവി, എന്നിവരുടെയും പൊതുസമൂഹത്തിന്റെയും പങ്കാളിത്തത്തോടെ 10 കിലോമീറ്റർ ദൈർഘ്യമുള്ള മാരത്തൺ, യോഗാ പരിശീലനം തുടങ്ങിയവയും വാർഷിക സമ്മേളനത്തിന്റെ ഭാഗമായി നടക്കും.

11 വരെ നടക്കുന്ന സമ്മേളനത്തിൽ ലോകത്തെ അഞ്ച് പ്രമുഖ കാർഡിയോളജിക്കൽ സൊസൈറ്റികളുടെ അധ്യക്ഷന്മാർ ഓര വേദിയിൽ ഒത്തുകൂടുമെന്ന് സിഎസ്ഐ ഓർഗനൈസിംഗ് സെക്രട്ടറി ഡോ.പി.പി. മോഹനൻ പത്രസമ്മേളനത്തിൽ പറഞ്ഞു. ഇതു മൂന്നാം തവണയാണു സിഎസ്ഐ വാർഷിക സമ്മേളനത്തിനു കൊച്ചി വേദിയാകുന്നത്.

4,700 കാർഡിയോളജിസ്റ്റുകളും 200 അന്താരാഷ്ട്ര പ്രതിനിധികളും സമ്മേളനത്തിൽ പങ്കെടുക്കും. 2025ഓടെ രാജ്യത്തെ ഹൃദ്രോഗ മരണം 25 ശതമാനം കുറയ്ക്കുക എന്ന വേൾഡ് ഹെൽത്ത് ഓർഗനൈസേഷന്റെ (ഡബ്ല്യുഎച്ച്ഒ) നിർദേശം പ്രാവർത്തികമാക്കുക എന്ന ലക്ഷ്യവും സിഎസ്ഐ ഏറ്റെടുത്തിട്ടുണ്ട്.


ഡോ.ഡേവിഡ് വുഡ്, (പ്രസിഡന്റ്, വേൾഡ് ഹെൽത്ത് ഫെഡറേഷൻ), പ്രഫ. മാർക്ക് സീഗർ (പ്രസിഡന്റ്, അമേരിക്കൻ ഹാർട്ട് അസോസിയേഷൻ), ഡോ.മേരി നോറിൻ (പ്രസിഡന്റ്, അമേരിക്കൻ കോളജ് ഓഫ് കാർഡിയോളജി), ഡോ.ജെറോൻ ബാക്സ് (പ്രസിഡന്റ്, യൂറോപ്യൻ സൊസൈറ്റി ഓഫ് കാർഡിയോളജി), സാന്ദനു ഗുഹ (പ്രസിഡന്റ്, കാർഡിയോളജിക്കൽ സൊസൈറ്റി ഓഫ് ഇന്ത്യ) തുടങ്ങിയ പ്രമുഖർ സമ്മേളനത്തിന്റെ ഭാഗമായി ക്ലാസുകൾ നയിക്കും.

യുവാക്കളടക്കം രാജ്യത്തെ നല്ലൊരു ശതമാനം ജനത പ്രമേഹം, രക്‌തസമ്മർദം തുടങ്ങിയവയ്ക്ക് അടിമകളാണ്. ഒപ്പം പുകവലിയും വ്യായാമത്തിന്റെ കുറവും ഇത്തരക്കാരെ ഹൃദ്രോഗത്തിന് അടിമകളാക്കുന്നു.

ഈ സാഹചര്യത്തിൽ ഒളിഞ്ഞിരിക്കുന്ന ഇത്തരം അപകടങ്ങളെക്കുറിച്ചും ആവശ്യമായ മുൻകരുതലുകളെക്കുറിച്ചും ജനത്തെ ബോധവാന്മാരാക്കുക എന്ന വലിയ ദൗത്യവും സിഎസ്ഐ ഏറ്റെടുത്തിട്ടുള്ളതായി അദ്ദേഹം കൂട്ടിച്ചേർത്തു. സമ്മേളനത്തിന്റെ തീം സോംഗ് സംഗീത സംവിധായകൻ ബെന്നി ജോൺസണു നൽകി ഡോ.പി.പി. മോഹനൻ പ്രകാശനകർമം നിർവഹിച്ചു.

ഡോ.കെ.എ ചാക്കോ (ചെയർമാൻ, ഓർഗനൈസിംഗ് കമ്മിറ്റി), ഡോ.കെ. വേണുഗോപാൽ (മുൻ ദേശീയ അധ്യക്ഷൻ), ഡോ.ജാബിർ (ജോയിന്റ് സെക്രട്ടറി), ഡോ.അനിൽ കുമാർ (ചെയർപേഴ്സൺ, മീഡിയ കമ്മിറ്റി) തുടങ്ങിയവരും പത്രസമ്മേളനത്തിൽ പങ്കെുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.