ദേശീയതയിൽ മാധ്യമങ്ങൾ വിട്ടുവീഴ്ച ചെയ്യരുത്: പ്രഭു ചൗള
Wednesday, December 7, 2016 4:13 PM IST
കൊച്ചി: മാധ്യമങ്ങളുടെ ഇഷ്‌ടാനിഷ്‌ടങ്ങൾ രാജ്യതാത്പര്യത്തിനുമേൽ അടിച്ചേൽപ്പിക്കരുതെന്നു പ്രശസ്ത മാധ്യമ പ്രവർത്തകൻ പ്രഭു ചൗള. ദേശീയതയുടെയും രാജ്യസുരക്ഷയുടെയും കാര്യത്തിൽ വിട്ടുവീഴ്ച്ച ചെയ്യാനുള്ളതല്ല, മാധ്യമ സ്വാതന്ത്ര്യം. ദേശീയതയും രാജ്യസുരക്ഷയും അഭേദ്യമായി ബന്ധപ്പെട്ടതാണെന്നും അദ്ദേഹം പറഞ്ഞു.

ഇരുപതാമത് കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ ‘ദേശീയ സുരക്ഷയിലെ മാധ്യമ ജാഗ്രത’ചർച്ചയിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ദേശീയതയെന്ന അസ്തിത്വം അനിവാര്യമാണ്. ദേശീയതയെ തുരങ്കം വയ്ക്കുന്ന നിലപാടുകൾ മാധ്യമപ്രവർത്തകരുടെ ഭാഗത്തുനിന്ന് ഉണ്ടാകാറുണ്ട്. വിമർശനമാകാമെങ്കിലും സൈനിക രഹസ്യങ്ങൾ പുറത്താകുന്ന തരത്തിലുള്ള റിപ്പോർട്ടുകൾ ദേശീയതയ്ക്കും രാജ്യസുരക്ഷയ്ക്കും എതിരാണെന്നും അദ്ദേഹം പറഞ്ഞു.


മതവുമായി ദേശീയതയെ പലപ്പോഴും തെറ്റായി ബന്ധിപ്പിക്കുകയാണ്. ഭാരതീയൻ എന്ന ദേശീയതയിലൂന്നിയ ആശയം സംരക്ഷിക്കാനും പ്രബലമാക്കാനും മാധ്യമങ്ങൾക്കു കടമയുണ്ടെന്നും പ്രഭു ചൗള പറഞ്ഞു.

ചടങ്ങിൽ അധ്യക്ഷത വഹിച്ച വി. ഗോപകുമാർ പ്രഭു ചൗളയ്ക്ക് ഉപഹാരം നൽകി. മുതിർന്ന പത്രപ്രവർത്തകൻ പി. നാരായണനെ ആദരിച്ച പ്രഭു ചൗള മാധ്യമ പുരസ്കാര ദാനവും നിർവഹിച്ചു.

ജയ്സൺ ചാമവളപ്പിൽ , ടി അജീഷ് എന്നിവർ പുരസ്കാരം ഏറ്റുവാങ്ങി. എം.എസ്.കുമാർ, ടി.സതീശൻ, ശശികുമാർ പാലിയത്ത് എന്നിവർ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.