കാരുണ്യ യുഗപ്രവേശനവുമായി ആകാശപ്പറവകളുടെ കൂട്ടുകാർ
Wednesday, December 7, 2016 4:13 PM IST
കൊച്ചി: ആകാശപ്പറവകളുടെ കൂട്ടുകാർ’ (ഫ്രണ്ട്സ് ആൻഡ് ബേർഡ്സ് ഓഫ് ദ എയർ–എഫ്ബിഎ) എന്ന ജീവകാരുണ്യ പ്രസ്‌ഥാനം കാരുണ്യവർഷ സമാപനത്തിൽ കാരുണ്യ യുഗപ്രവേശനത്തിനു തുടക്കം കുറിക്കുന്നു.

കാരുണ്യം ജീവിതശൈലിയാക്കി മാറ്റുന്ന സംസ്കാരം രൂപപ്പെടുത്തുന്നതിനു ജാതിമതവ്യത്യാസമില്ലാതെ പൊതുസമൂഹത്തെ ഉണർത്തുകയാണു പരിപാടിയുടെ ലക്ഷ്യം. പദ്ധതിയുടെ ഉദ്ഘാടനം ആകാശപ്പറവകളുടെ കൂട്ടുകാരുടെ ആസ്‌ഥാനമായ മലയാറ്റൂർ മാർ വാലാഹ് ദയറയിൽ നാളെയും മറ്റന്നാളുമായി നടക്കും.

നാളെ നടക്കുന്ന സമ്മേളനത്തിൽ കാഞ്ഞിരപ്പള്ളി രൂപത സഹായമെത്രാൻ മാർ ജോസ് പുളിക്കൽ മുഖ്യപ്രഭാഷണം നടത്തും. പത്തിന് സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി കാരുണ്യവർഷ സമാപനത്തിന്റെയും കാരുണ്യയുഗ പ്രവേശനത്തിന്റെയും പ്രഖ്യാപനം നടത്തും.

കാരുണ്യയുഗ പ്രവേശനത്തിന്റെ ഭാഗമായി 14 ഇനം കർമപദ്ധതികൾക്കാണു പ്രസ്‌ഥാനം തുടക്കം കുറിക്കുന്നതെന്നു ആകാശപ്പറവകളുടെ കൂട്ടുകാർ പ്രസ്‌ഥാനത്തിന്റെ സ്‌ഥാപകൻ ഫാ.ജോർജ് കുറ്റിക്കൽ, സംസ്‌ഥാന ഡയറക്ടർ ഫാ. മാത്യു തുണ്ടത്തിൽ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.


കാരുണ്യശുശ്രൂഷാ രംഗങ്ങളിൽ ശ്രദ്ധേയരായ റവ.ഡോ.ജോൺ തേയ്ക്കാനത്ത്, ഫാ.വർഗീസ് കരിപ്പേരി, സന്തോഷ് മരിയസദൻ, ഫാ. ജോർജ് മണ്ണംപ്ലാക്കൽ, സിസ്റ്റർ ജോസി, ഫാ. അല്ക്സാണ്ടർ കുരീക്കാട്ടിൽ, റവ.ഡോ.ഫ്രാൻസിസ് കൊടിയൻ എന്നിവർ രണ്ടു ദിവസങ്ങളിലായി വിവിധ സെഷനുകൾ നയിക്കും. കാൽ നൂറ്റാണ്ടോളമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ അലഞ്ഞുതിരിയുന്ന ഭിക്ഷാടകരെയും ഉപേക്ഷിക്കപ്പെട്ടവരെയും സംരക്ഷിക്കുന്നതുൾപ്പെടെ വിവിധ ജീവകാരുണ്യശുശ്രൂഷകളിൽ സജീവമാണ് ആകാശപ്പറവകളുടെ കൂട്ടുകാർ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.