ഡിവൈഎസ്പിമാർക്ക് വധഭീഷണി: ഇരുപതുപേർക്കെതിരേ കേസ്
Wednesday, December 7, 2016 4:13 PM IST
കണ്ണൂർ: സോഷ്യൽ മീഡിയയിലൂടെ ഡിവൈഎസ്പിമാർക്കും പോലീസ് ഉദ്യോഗസ്‌ഥർക്കും വധഭീഷണി മുഴക്കിയ സംഭവത്തിൽ ഇരുപതോളം ഫെയ്സ്ബുക്ക്, വാട്സ് ആപ് അക്കൗണ്ട് ഉടമകൾക്കെതിരേ ഡിവൈഎസ്പി പി.പി. സദാനന്ദൻ കേസെടുത്തു. കണ്ണൂർ ഡിവൈഎസ്പി പി.പി. സദാനന്ദൻ, തലശേരി ഡിവൈഎസ്പി പ്രിൻസ് ഏബ്രഹാം എന്നിവർക്കും ചില പോലീസ് ഉദ്യോഗസ്‌ഥർക്കുമെതിരെയായിരുന്നു വധഭീഷണി പ്രചരിപ്പിച്ചത്.

വധഭീഷണി സംബന്ധിച്ച് കണ്ണൂർ ഡിവൈഎസ്പി പി.പി. സദാനന്ദൻ ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകിയിരുന്നു. മോഹനൻ വധക്കേസിൽ പ്രതിയായ ആർഎസ്എസ് പ്രവർത്തകൻ സുബീഷിനെ മർദിച്ച് അവശനാക്കി ഫസൽവധക്കേസിൽ ആർഎസ്എസിന് പങ്കുണ്ടെന്ന രീതിയിൽ മൊഴിയെടുത്തുവെന്നാരോപിച്ചാണ് പോലീസുകാർക്കു നേരേ വധഭീഷണി മുഴക്കിയത്. പോലീസ് ഉദ്യോഗസ്‌ഥരെ വടിവാൾ കൊണ്ട് വെട്ടണം, പോലീസിൽ രക്‌തസാക്ഷി ഉണ്ടാകണം എന്ന പോസ്റ്റ് അഭിൻ അഭിനുഷസ് എന്ന ഫേസ്ബുക്ക് ഐഡിയിൽനിന്ന് ഇട്ടിരുന്നു. ഇതിന്റെ അടിയിൽ കമന്റ് ചെയ്ത മഹേഷ് വെള്ളിയത്ത്, ഈ സാഹചര്യം ഒരുക്കിയ പോലീസ് ഉദ്യോഗസ്‌ഥരെ പുറത്തിരുത്തിയാൽ വെറുതെ വിടരുതെന്നും പറഞ്ഞിരുന്നു.പോലീസിനെ ഭീഷണിപ്പെടുത്തുകയും ഔദ്യോഗിക കൃത്യനിർവഹണത്തിൽനിന്ന് പിന്തിരിപ്പിക്കാൻ ശ്രമിക്കുകയും അതിനു ഗൂഢാലോചന നടത്തുകയും ചെയ്ത വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ദീപു പാപ്പച്ചൻ, ഓറഞ്ച് പ്ലേസ്മെന്റ്, ഗിരിശങ്കർ, രാജേഷ് സെൽവരാജ്, അഭിലാഷ് പടുവലായി, കെ.എം. രാജേഷ്, ബിജു ഇല്ലിക്കൽ തുടങ്ങി ഇരുപതോളം പേർക്കെതിരേയാണ് കേസെടുത്തത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.