കിഫ്ബി പദ്ധതികൾക്കായി 12,000 കോടി; വരുമാന നഷ്‌ടം ബാധിക്കില്ലെന്നു ധനവകുപ്പ്
കിഫ്ബി പദ്ധതികൾക്കായി 12,000 കോടി; വരുമാന നഷ്‌ടം ബാധിക്കില്ലെന്നു ധനവകുപ്പ്
Wednesday, December 7, 2016 4:22 PM IST
തിരുവനന്തപുരം: സംസ്‌ഥാനത്തിന്റെ വികസന പദ്ധതികൾ നടപ്പാക്കുന്നതിനായി രൂപീകരിച്ച കിഫ്ബി (കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ബോർഡ്) വഴി നടപ്പാക്കുന്ന വികസന പദ്ധതികളെ നോട്ട് അസാധുവാക്കിയതു മൂലമുള്ള റവന്യു വരുമാന നഷ്‌ടം ബാധിക്കില്ലെന്നു ധനവകുപ്പു വിലയിരുത്തൽ.

കഴിഞ്ഞ മാസം ചേർന്ന ആദ്യ ഡയറക്ടർ ബോർഡ് യോഗം 4,004 കോടി രൂപയുടെ നിർമാണ പ്രവർത്തനങ്ങൾ അടക്കമുള്ള 49 പദ്ധതികൾക്കാണ് അനുമതി നൽകിയത്. ഇവയുടെ ടെൻഡർ നടപടികൾ വൈകാതെ നടക്കും. കൂടാതെ അടുത്ത മാസം ചേരുന്ന കിഫ്ബി ബോർഡ് യോഗം 5,000 കോടി രൂപയുടെ പദ്ധതികളാണു പരിഗണിക്കുന്നത്. കൂടാതെ മൂന്നാം ഘട്ടമായി 3,000 കോടിയുടെ പദ്ധതികളും നടപ്പാക്കും. 12,000 കോടി രൂപയുടെ പദ്ധതികളും നടപ്പാക്കിയ ശേഷമുള്ള ബില്ലുകൾ അടുത്ത മാർച്ച്–ഏപ്രിലോടെ മാത്രമേ സർക്കാരിന്റെ മുന്നിലെത്തുകയുള്ളുവെന്നാണു ധനവകുപ്പ് വിലയിരുത്തുന്നത്.


അപ്പോഴേയ്ക്കും സാമ്പത്തിക പ്രതിസന്ധി മറികടന്നു സംസ്‌ഥാനത്തെ വരുമാനത്തിൽ വർധന വരുത്താൻ കഴിയുമെന്നാണു കരുതുന്നത്. നോട്ട് റദ്ദാക്കിയതുമായി ബന്ധപ്പെട്ടു നിർമാണ മേഖലയിലുണ്ടായ പ്രതിസന്ധി ഇതുവഴി തരണം ചെയ്യാനാകുമെന്നാണു കരുതുന്നത്. കറൻസി പ്രതിസന്ധിക്കു റിസർവ് ബാങ്ക് പരിഹാരം ഉണ്ടാക്കുന്നതു വരെ സംസ്‌ഥാനത്തെ സാമ്പത്തിക പ്രതിസന്ധി ഗുരുതരമായി തുടരുമെന്നാണു വിലയിരുത്തൽ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.