ചാൻസലേഴ്സ് ട്രോഫി എംജി സർവകലാശാലയ്ക്ക്
ചാൻസലേഴ്സ് ട്രോഫി എംജി സർവകലാശാലയ്ക്ക്
Wednesday, December 7, 2016 4:50 PM IST
തിരുവനന്തപുരം: സംസ്‌ഥാനത്തെ മികച്ച സർവകലാശാലയ്ക്ക് ഗവർണർ നല്കുന്ന ചാൻസലേഴ്സ് ട്രോഫിക്കു കോട്ടയം മഹാത്മാഗാന്ധി സർവകലാശാല അർഹമായി. അഞ്ചു കോടി രൂപയും പ്രശസ്തിപത്രവും ഉൾപ്പെടുന്നതാണ് അവാർഡ്. 600 ൽ 370.31 പോയിന്റ് നേടിയാണ് എംജി സർവകലാശാല അവാർഡ് സ്വന്തമാക്കിയത്. സർവകലാശാലയുടെ വികസന പ്രവർത്തനങ്ങൾക്കായി പുരസ്കാര തുക വിനിയോഗിക്കാം. ഡോ. ബാബു സെബാസ്റ്റ്യനാണു മഹാത്മാഗാന്ധി സർവകലാശാല വൈസ് ചാൻസലർ. അവാർഡ് വൈകാതെ സമ്മാനിക്കുമെന്ന് രാജ്ഭവൻ അറിയിച്ചു.

ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ബി. ശ്രീനിവാസ് ചെയർമാനും ഗവർണറുടെ സെക്രട്ടറി ഡോ. ദേവേന്ദ്രകുമാർ ദൊത്താവത്ത് കൺവീനറുമായ സെലക്ഷൻ കമ്മിറ്റിയിൽ സംസ്‌ഥാന ശാസ്ത്ര പരിസ്‌ഥിതി കൗൺസിൽ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ഡോ. സുരേഷ്ദാസ്, കോഴിക്കോട് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ഡയറക്ടർ ഇൻ ചാർജ് പ്രഫ. കുൽഭൂഷൻ ബലൂനി, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എഡ്യുക്കേഷൻ ആൻഡ് റിസർച്ച് ഡയറക്ടർ പ്രഫ. വി. രാമകൃഷ്ണൻ, കൊച്ചി നുവാൽസ് വൈസ്ചാൻസലർ പ്രഫ. റോസ് വർഗീസ് എന്നിവർ അംഗങ്ങളുമായ സമിതിയാണ് ഗവർണർക്ക് റിപ്പോർട്ട് സമർപ്പിച്ചത്.


2015 ഏപ്രിൽ ഒന്ന് മുതൽ 2016 ജൂൺ 30 വരെയുള്ള കാലയളവിലെ പ്രവർത്തനങ്ങളാണ് അവാർഡിനായി പരിഗണിച്ചത്. കഴിഞ്ഞ വർഷമാണ് ചാൻസലേഴ്സ് ട്രോഫി അവാർഡ് ഏർപ്പെടുത്തിയത്. ആദ്യവർഷം കേരള സർവകലാശാലയാണ് അവാർഡ് നേടിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.