പാസ്വേഡ് 2016–17: സംസ്‌ഥാനതല ഉദ്ഘാടനം ഇന്നു കോതമംഗലത്ത്
Thursday, December 8, 2016 3:39 PM IST
കൊച്ചി: ന്യൂനപക്ഷ മതവിഭാഗങ്ങളിൽപ്പെടുന്ന ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിദ്യാർഥികൾക്കായി ന്യൂനപക്ഷ ക്ഷേമവകുപ്പിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന പദ്ധതി –പാസ്വേഡ് 2016–17–ന്റ സംസ്‌ഥാനതല ഉദ്ഘാടനം ഇന്നു നടക്കും. കോതമംഗലം സെന്റ് അഗസ്റ്റിൻസ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ രാവിലെ 10നു മന്ത്രി ഡോ. കെ.ടി. ജലീൽ ഉദ്ഘാടനം ചെയ്യും. ആന്റണി ജോണി എംഎൽഎ അധ്യക്ഷത വഹിക്കും.

ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിദ്യാർഥികളുടെ വ്യക്‌തിത്വ വികസനം, അഭിരുചിക്കനുസരിച്ചുള്ള ഉപരിപഠന മേഖല തെരഞ്ഞെടുക്കൽ, വ്യക്‌തിത്വ രൂപീകരണം തുടങ്ങിയവയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഇതിനായി 14 ജില്ലകളിലായി 100–ഓളം ക്യാമ്പുകൾ സംഘടിപ്പിക്കുമെന്ന് പ്രോഗ്രാം കോ–ഓർഡിനേറ്റർ ഡോ. ടി.പി. ജമീല പത്രസമ്മേളനത്തിൽ അറിയിച്ചു.


ഉദ്ഘാടന ചടങ്ങിൽ കോതമംഗലം നഗരസഭാ ചെയർപേഴ്സൺ മഞ്ജു സിജു, ജില്ലാ കളക്ടർ മുഹമ്മദ് സഫിറുള്ള, കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റഷീദ സലീം, നഗരസഭാ വൈസ് ചെയർമാൻ എ.ജി. ജോർജ്, വാർഡ് കൗൺസിലർ മേരി പൗലോസ്, മുനിസിപ്പൽ കൗൺസിലർമാരായ കെ.വി. തോമസ്, കെ.എ. നൗഷാദ്, സെന്റ് അഗസ്റ്റിൻസ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ പ്രധാനാധ്യാപിക ടിസാ റാണി, പ്രിൻസിപ്പൽ സിസ്റ്റർ മരിയാൻസി എന്നിവർ പങ്കെടുക്കും.

പാസ്വേർഡ് 2016–17 ന്റെ ഭാഗമായി ഇന്നും നാളെയും കോതമംഗലം സെന്റ് അഗസ്റ്റിൻസ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ, ജിവിഎച്ച്എസ്എസ് പല്ലാരിമംഗലം, ജിഎച്ച്എസ്എസ് ചെറുവട്ടൂർ എന്നിവിടങ്ങളിൽ ശില്പശാല നടത്തും. പത്രസമ്മേളനത്തിൽ ഇൻഫർമേഷൻ കം റിസർച്ച് ഓഫീസർ ബി. അപർണ എന്നിവരും പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.