എംജി വാഴ്സിറ്റിയിൽ ബിസിനസ് ഇൻകുബേഷൻ സെന്ററിനു തുടക്കം
എംജി വാഴ്സിറ്റിയിൽ ബിസിനസ് ഇൻകുബേഷൻ സെന്ററിനു തുടക്കം
Thursday, December 8, 2016 3:57 PM IST
അതിരമ്പുഴ: സർവകലാശാലകൾക്ക് തനിമയാർന്ന ഗവേഷണരീതി ഉണ്ടാകണമെന്ന് വിദ്യാഭ്യാസമന്ത്രി പ്രഫ. സി. രവീന്ദ്രനാഥ്. എംജി യൂണിവേഴ്സിറ്റിയിൽ ബിസിനസ് ഇൻകുബേഷൻ ആൻഡ് ഇന്നവേഷൻ സെന്ററിന്റെയും നാനോ സ്കെയിൽ സോളാർ സെൽസ് ഗവേഷണ പദ്ധതിയുടെയും ഉദ്ഘാടനവും സയൻസ് പാർക്കിന്റെ ശിലാസ്‌ഥാപനവും നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു മന്ത്രി.

സാമൂഹ്യപ്രശ്നങ്ങളുടെയും പ്രാദേശിക നീതിബോധങ്ങളുടെയും അടിസ്‌ഥാനത്തിലാകണം സർവകലാശാകളിൽ ഗവേഷണം നടക്കേണ്ടത്. ഒരു സമൂഹത്തിന്റെ പ്രശ്നങ്ങൾ അനസിലാക്കി അതു പരിഹരിക്കുന്നതിനുള്ള സാഹചര്യം സൃഷ്ടിക്കുന്നതിനായിരിക്കണം സർവകലാശാലകളിലെ ഗവേഷണം. അങ്ങനെയാകുമ്പോൾ സർവകലാശാലയെ ലോകം ശ്രദ്ധിക്കും.

സംസ്‌ഥാനത്തെ മികച്ച സർവകലാശാലക്കുള്ള ചാൻസലേഴ്സ് ട്രോഫി നേടിയ എംജി യൂണിവേഴ്സിറ്റിയെ മന്ത്രി അഭിനന്ദിച്ചു. യൂണിവേഴ്സിറ്റിയെ ലോകനിലവാരത്തിലേക്കുയർത്താൻ എന്തു സഹായവും നൽകാൻ സംസ്‌ഥാന സർക്കാർ തയാറാണെന്ന് മന്ത്രി അറിയിച്ചു.

വൈസ് ചാൻസലർ ഡോ. ബാബു സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. എംജി യൂണിവേഴ്സിറ്റി നേട്ടങ്ങളുടെ ആദ്യപടി കയറിയിരിക്കുകയാണ്. നാക് അക്രഡിറ്റേഷനിൽ എ പ്ലസ് നേടുകയാണ് അടുത്തലക്ഷ്യം. രാജ്യത്ത് മൂന്നു സർവകലാശാലകൾ മാത്രമാണ് ഈ നിരയിലുള്ളത്. മാർച്ചിൽ ഈ നേട്ടത്തിലേക്കെത്താനുള്ള തീവ്രശ്രമത്തിലാണ്.


വേൾഡ് ക്ലാസ് യൂണിവേഴ്സിറ്റി എന്ന ലക്ഷ്യത്തിനായി അപേക്ഷസമർപ്പിച്ചു കഴിഞ്ഞു. 2017–ൽ ഈ നേട്ടത്തിലേക്കെത്തിയാൽ രാജ്യത്തെ ഏറ്റവും മികച്ച 10 സർവകലാശാലകളിൽ ഒന്നായി എംജി യൂണിവേഴ്സിറ്റി മാറുമെന്ന് ഡോ. ബാബു സെബാസ്റ്റ്യൻ പറഞ്ഞു.

അന്തർസർവകലാശാലാ സുസ്‌ഥിര ജൈവ–കാർഷിക കേന്ദ്രം ഓഫീസിന്റെയും പരീക്ഷണ ശാലയുടെയും ഉദ്ഘാടനം കെ. സുരേഷ് കുറുപ്പ് എംഎൽഎ നിർവഹിച്ചു. പ്രോ വൈസ് ചാൻസലർ ഡോ. ഷീന ഷുക്കൂർ, സിൻഡിക്കറ്റ് അംഗങ്ങളായ പി.കെ. ഹരികുമാർ, കെ. ഷെറഫുദീൻ, ഡോ. ആർ. പ്രഗാഷ്, രജിസ്ട്രാർ എം.ആർ. ഉണ്ണി എന്നിവർ പ്രസംഗിച്ചു.

അക്കാദമിക–ഗവേഷണ രംഗത്തെ സമഗ്ര സംഭാവനയ്ക്ക് ഐഐയുസിഎൻഎൻ ഡയറക്ടർ ഡോ. സാബു തോമസിനെയും യുജിപിജി ക്യാപ് അഡ്മിഷന്റെ നടത്തിപ്പിനു നൽകിയ സമഗ്ര സംഭാവനയ്ക്ക് കെ.സി. അനീഷ് കുമാറിനെയും മന്ത്രി പ്രഫ. രവീന്ദ്രനാഥ് പുരസ്കാരങ്ങൾ നൽകി ആദരിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.