കരുതലോടെ നീങ്ങിയില്ലെങ്കിൽ വൻവിപത്ത്: മമ്മൂട്ടി
കരുതലോടെ നീങ്ങിയില്ലെങ്കിൽ വൻവിപത്ത്: മമ്മൂട്ടി
Thursday, December 8, 2016 3:57 PM IST
കൊച്ചി: പ്രകൃതിയെ സംരക്ഷിക്കുന്ന കാര്യത്തിൽ കരുതലോടെ നീങ്ങിയില്ലെങ്കിൽ വൻ വിപത്താണു കാത്തിരിക്കുന്നതെന്നു നടൻ മമ്മൂട്ടി. കാക്കനാട്ട് ഹരിതകേരളം പദ്ധതിയുടെ ജില്ലാതല ഉദ്ഘാടന ചടങ്ങിൽ ജില്ലയിലെ ജലസംരക്ഷണപദ്ധതി ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. എല്ലാം സർക്കാരിന്റെ ഉത്തരവാദിത്വമാണെന്ന മനോഭാവം മാറ്റണം. പൗരബോധം വളർത്തുവാനുതകുന്ന വിധത്തിൽ നമ്മുടെ പാഠ്യപദ്ധതി പരിഷ്കരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

പ്രകൃതിയെ സംരക്ഷിക്കാനുള്ള അടിയന്തരനടപടികൾ എടുത്തില്ലെങ്കിൽ കുടിവെള്ള ദൗർലഭ്യമടക്കമുള്ള വിപത്തുകൾ നേരിടേണ്ടി വരും. വെള്ളത്തിന്റെ ദുരുപയോഗം കുറയ്ക്കേണ്ടതും അത്യാവശ്യമാണ്. കഴിഞ്ഞവർഷം ക്ഷാമമനുഭവപ്പെട്ട ചില മേഖലകളിൽ താൻ കുടിവെള്ളമെത്തിച്ചു കൊടുത്തിരുന്നു. എന്നാൽ ഈവർഷം വിതരണം ചെയ്യാനുള്ള വെള്ളം ലഭിക്കുമോ എന്നു പോലും താൻ ഭയപ്പെടുന്നുണ്ടെന്നു മമ്മൂട്ടി പറഞ്ഞു.


പ്രകൃതിസംരക്ഷണവും പരിസ്‌ഥിതി വൃത്തിയായി സൂക്ഷിക്കലും ഓരോ വ്യക്‌തിയുടെയും കടമയാണ്. ജലസ്രോതസുകൾ വരളാതെയും പരിസരം മലിനമാവാതെയും സൂക്ഷിക്കാനുമുള്ള ഉത്തരവാദിത്വം ഓരോ വ്യക്‌തിക്കുമുണ്ട്.

മാലിന്യം കുറയ്ക്കാനുള്ള വഴികളും കണ്ടെത്തേണ്ടിയിരിക്കുന്നു. ഹരിതകേരളം കേരളത്തിൽ വിജയിപ്പിക്കാൻ ഈരംഗത്തു ജപ്പാനും ചൈനയും നടത്തുന്ന പ്രവർത്തനങ്ങൾ കണ്ടു പഠിക്കണം. വൃത്തിയാക്കുന്നതിനേക്കാൾ ഉത്തമം വൃത്തികേടാക്കാതിരിക്കുന്നതാണെന്ന പൗരബോധം ജപ്പാൻകാരിൽ പ്രകടമാണ്.

ജപ്പാൻ സന്ദർശനത്തിനിടെ ഓറഞ്ച് വാങ്ങി കഴിച്ചതിന്റെ തൊലി കളയാൻ നാലു കിലോമീറ്റർ നടക്കേണ്ടി വന്ന അനുഭവവും മമ്മൂട്ടി പങ്കുവച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.