കോപ്പിയടി: ഐജി ടി.ജെ. ജോസിന്റെ ഹർജി തള്ളി
Thursday, December 8, 2016 3:57 PM IST
കൊച്ചി: പരീക്ഷയിൽ കോപ്പിയടിച്ചെന്നു ചൂണ്ടിക്കാട്ടി എംജി സർവകാലശാല സ്വീകരിച്ച നടപടികൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഐജി ടി.ജെ. ജോസ് നൽകിയ ഹർജി ഹൈക്കോടതി തള്ളി. എൽഎൽഎം പരീക്ഷയിൽ ടി.ജെ. ജോസ് കോപ്പിയടിച്ചെന്നു കണ്ടെത്തിയതിനെത്തുടർന്ന് അദ്ദേഹം 2015 ഏപ്രിൽ–മേയ് മാസങ്ങളിലായി എഴുതിയ പരീക്ഷകൾ മുഴുവൻ സർവകലാശാല റദ്ദാക്കിയിരുന്നു.

2016 മേയ് വരെ അദ്ദേഹത്തെ ഡീബാർ ചെയ്യുകയുംചെയ്തു. സർവകലാശാലയുടെ നടപടി നിയമവിരുദ്ധമാണെന്നും തനിക്കെതിരേയുള്ള ആരോപണങ്ങളിൽ വ്യക്‌തമായ മറുപടി നൽകിയിട്ടും ഇതൊന്നും പരിഗണിക്കാതെയാണു സർവകലാശാല നടപടിയെടുത്തതെന്നും ചൂണ്ടിക്കാട്ടിയാണു ടി.ജെ. ജോസ് ഹൈക്കോടതിയെ സമീപിച്ചത്.


കോപ്പിയടിച്ചെന്ന പരാതിയിൽ തനിക്കെതിരേ വകുപ്പുതലത്തിൽ അന്വേഷണം നടന്നിട്ടും ഏതെങ്കിലും തരത്തിൽ ക്രമക്കേട് കാട്ടിയെന്ന നിരീക്ഷണത്തിൽ എത്തിയില്ലെന്നു ജോസ് വാദിച്ചു.

എന്നാൽ സർവകലാശാല ചട്ടമനുസരിച്ച് ഈ വിഷയത്തിൽ അന്വേഷണം നടത്തിയാണു സിൻഡിക്കേറ്റ് തീരുമാനമെടുത്തതെന്ന് എംജി വാഴ്സിറ്റി അധികൃതർ ബോധിപ്പിച്ചു. ഇതു കണക്കിലെടുത്താണു ടി.ജെ. ജോസിനെതിരേ സർവകലാശാല സ്വീകരിച്ച നടപടിയിൽ ഇടപെടുന്നില്ലെന്നു സിംഗിബെഞ്ച് വ്യക്‌തമാക്കിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.